ചൊവ്വാഴ്ച ദുംഗാഗഢിലെ പ്രാദേശിക വ്യാപാരികള്‍ മാര്‍ക്കറ്റ് പൂര്‍ണ്ണമായി അടച്ചിട്ടിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനായാണ് അധ്യാപിക പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് ഇവരുടെ വാദം. പ്രദേശത്തെ സ്വകാര്യ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് 21 കാരിയായ അധ്യാപിക തട്ടിക്കൊണ്ടുപോയതെന്ന് വ്യാപാരികള്‍ പറയുന്നു.
പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാരും രംഗത്തെത്തി. ദുംഗാഗഢിലെ പോലീസ് സ്റ്റേഷന് മുന്നില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കഴിഞ്ഞ 3 ദിവസമായി ധർണയിരിക്കുകയാണ്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വ്യാപാരികളും എത്തുകയായിരുന്നു.
advertisement
അതേസമയം വിഷയത്തില്‍ പ്രതികരിച്ച് ബിജെപിയും രംഗത്തെത്തി. സംസ്ഥാനത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കഴിയുന്നില്ലെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
” ഒരു കുടുംബത്തിന്റെ മാത്രം മകളല്ല അവള്‍. ദുംഗാഗഢിന്റെ മകളാണ്. ഇത്തരമൊരു സംഭവം നടന്നിട്ടും ബിക്കാനീര്‍ പോലീസ് സൂപ്രണ്ട് നടപടിയെടുക്കാത്തത് നിരാശജനകമാണ്,’ പ്രതിപക്ഷ നേതാവ് രാജേന്ദ്ര രാത്തോര്‍ പറഞ്ഞു.
അതേസമയം പെണ്‍കുട്ടിയും അധ്യാപികയും തങ്ങളുടെ കുടുംബത്തോടും പ്രതിഷേധക്കാരോടും മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും ചേർന്ന് പുറത്തിറക്കിയ ഒരു യുട്യൂബ് വീഡിയോയിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.
32കാരന്‍ 17കാരിയെ വിവാഹം ചെയ്തു; ഭർത്താവിനും പെൺകുട്ടിയുടെ മാതാപിതാക്കൾക്കുമെതിരെ കേസ്
”ഞങ്ങള്‍ കഴിഞ്ഞ കുറച്ചുനാളുകളായി പ്രണയത്തിലാണ്. അധ്യാപികയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുക്കരുതെന്ന് പോലീസുദ്യോഗസ്ഥരോട് അപേക്ഷിക്കുന്നു. എന്നെ ആരും തട്ടിക്കൊണ്ടു വന്നതല്ല. ഞാന്‍ മതം മാറിയിട്ടുമില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് ഞാന്‍ ഇറങ്ങിപ്പോന്നത്. ഒരുമിച്ച് ജീവിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,” പെണ്‍കുട്ടി പറഞ്ഞു.
ജൂണ്‍ 30 മുതലാണ് പെണ്‍കുട്ടിയെ കാണാതായതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. അന്നേ ദിവസം സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി വീട്ടിലേക്ക് തിരിച്ചെത്തിയില്ല. പിറ്റേന്ന് രാവിലെ തന്നെ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഐപിസി സെക്ഷന്‍ 363, 366, 120 ബി എന്നീ വകുപ്പുകളാണ് അധ്യാപികയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബാലനീതി നിയമത്തിലെ ചില വകുപ്പുകളും അധ്യാപികയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടി. അവരെ കണ്ടെത്താനുള്ള അന്വേഷണം നടത്തി വരികയാണെന്നും എത്രയും പെട്ടെന്ന് ഇരുവരെയും കണ്ടെത്തുമെന്നും ബിക്കാനീര്‍ എസ്പി തേജസ്വിനി ഗൗതം പറഞ്ഞു.