സംഭവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെയും സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 17കാരനായ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. റീന(24), രാത്ചിത(25) എന്നിവരാണ് അറസ്റ്റിലായ യുവതികൾ. കുറ്റകൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട മറ്റ് മൂന്ന് പേരെ കൂടി കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
റീനയും രാത്ചിതയും സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. റീന വിവാഹിതയും രാത്ചിത അവിവാഹിതയുമാണ്. ഇരുവും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നുവെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. യുവതികൾ റീലുകൾ പങ്കുവയ്ക്കുകയും നിരവധി യുവാക്കളുമായി സുഹൃദ്ബന്ധം വളർത്തിയെടുക്കുകയും ചെയ്തിരുന്നു. യുവതികൾ സുഹൃത്തുക്കളായ പുരുഷന്മാരിൽ നിന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങുകയും സുഖകരമായ ജീവിതം നയിക്കുകയുമായിരുന്നു.
advertisement
തിരുശൂലം സ്വദേശിയും നിർമാണ തൊഴിലാളിയുമായ സെൽവകുമാർ എന്ന 22കാരനുമായി റീന സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ചു. വൈകാതെ ഇരുയുവതികളുമായും ശെൽവകുമാർ ആഴത്തിൽ അടുത്തു. മദ്യപിച്ചശേഷം ഇയാൾ യുവതികളെ ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റ് പുരുഷന്മാരുമായി ബന്ധപ്പെടരുതെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയിരുന്നത്.
ഇത് റീന, രാത്ചിത എന്നിവർക്ക് വലിയ സമ്മർദമുണ്ടാക്കി. ശെൽവകുമാർ തങ്ങളെ നിയന്ത്രിക്കുമെന്നും ജീവിച്ചിരുന്നാൽ ഭീഷണിയാകുമെന്നും അവർ കരുതി.
തുടർന്ന് ശെൽവകുമാറിനെ കൊലപ്പെടുത്താൻ ഇരുവരും ചേർന്ന് തീരുമാനിച്ചു. അവർ തങ്ങളുടെ സുഹൃത്തുക്കളോട് കാര്യം വിശദീകരിക്കുകയും ചെയ്തു. തുടർന്ന് 24കാരനായ അലക്‌സ്, 17 വയസ്സുകാരൻ, മറ്റ് രണ്ടു പേർ എന്നിവരുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകായിരുന്നു.
ബുധനാഴ്ച രാത്രി പത്തുമണിക്ക് റീന ശെൽവകുമാറിനെ വിളിക്കുകയും തങ്ങളെ വന്ന് കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പഴയ പല്ലാവരത്തെ ശുഭം നഗറിൽ വെച്ച് കാണണമെന്നാണ് ആവശ്യപ്പെട്ടത്.
ശെൽവകുമാർ സ്ഥലത്തെത്തിയപ്പോൾ രണ്ട് ഇരുചക്രവാഹനങ്ങളിലായി നാല് പേർ അവിടേക്ക് എത്തുകയും അയാളെ തടഞ്ഞുനിർത്തി വടിവാളുകൊണ്ട് വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശെൽവകുമാർ റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന് ശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു.
