ലൈഫ് പദ്ധതിയുടെ നിർമ്മണച്ചുമതല ലഭിക്കാൻ ഈജിപ്ഷ്യൻ പൗരൻ ഖാലിദ് അലി ഷൗക്രിക്ക് 3.80 കോടി രൂപയുടെ വിദേശ കറൻസിയും സന്ദീപ് നായർക്ക് 59 ലക്ഷവുമാണ് കൈമാറിയത്. . കമ്മിഷൻ കൈമാറിയ ശേഷം സെക്രട്ടേറിയറ്റിലെത്തിയാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കണ്ടത്. എംഒയു ഒപ്പിട്ടതിനുശേഷം ശിവശങ്കറിനെ കണ്ടെന്നും തന്റെ കാബിനിലേക്ക് ലൈഫ് മിഷൻ സിഇഒ യു.വി ജോസിനെ ശിവശങ്കർ വിളിച്ചു വരുത്തി പരിചയപ്പെടുത്തിയെന്നും സന്തോഷ് മൊഴി നൽകിയിട്ടുണ്ട്.
advertisement
അതേസമയം കമ്മീഷൻ തുക കൈമാറിയതു സംബന്ധിച്ച് സ്വപ്ന സുരേഷും സന്തോഷ് ഈപ്പനും നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. മേയിലാണു സന്തോഷ് ഈപ്പൻ തനിക്കും കൂട്ടാളികൾക്കുമുള്ള കമ്മിഷൻ തുക 1.08 കോടി രൂപയായും ഖാലിദിനുള്ള കമ്മിഷൻ തുക ഡോളറായും കൈമാറിയതെന്നാണു സ്വപ്നയുടെ മൊഴി.
പണം നൽകുമ്പോൾ കവടിയാർ ബെൽ ഹെവൻ ഗാർഡൻസിനു സമീപത്തെ ഇടവഴിയിലാണ് ഖാലിദിന്റെ കാർ പാർക്ക് ചെയ്തിരുന്നതെന്നും കാറിൽ താനുമുണ്ടായിരുന്നുവെന്നും സ്വപ്ന പറയുന്നു. 1.08 കോടി രൂപ ഖാലിദിന്റെ വീട്ടിലാണ് സൂക്ഷിച്ചത്. ഖാലിദ് ഈജിപ്തിലേക്കു മടങ്ങുന്നതിനു മുൻപ് ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിലായി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സഹായത്തോടെ ബാങ്ക് ലോക്കറിലേക്കു മാറ്റിയെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു.