കൊച്ചി: തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴിയുള്ള
സ്വർണക്കടത്തിൽ സംസ്ഥാനത്തെ ഒരു എം.എൽ.എയ്ക്ക് പങ്കാളിമുണ്ടെന്ന് കസ്റ്റംസിന്റെ രഹസ്യ റിപ്പോർട്ട്. മുഖ്യപ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കുമെതിരെ ‘കോഫെപോസ’ ചുമത്തണമെന്ന അപേക്ഷയ്ക്കൊപ്പം കേന്ദ്ര ധന മന്ത്രാലയത്തിനു സമർപ്പിച്ച റിപ്പോർട്ടിലാണ് എം.എൽ.എയുടെ പേര് പരാമർശിക്കുന്നത്. അതേസമയം കേസുമായി ബന്ധപ്പെട്ട് ഈ എം.എൽ.എയെ
സ്വർണടത്ത് കേസിൽ പ്രതി സ്ഥാനത്ത് ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല.
‘പിഡി 12002–06–2020 കോഫെപോസ’ നമ്പറിലുള്ള കസ്റ്റംസിന്റെ രഹസ്യ റിപ്പോർട്ടിന്റെ അഞ്ചാം പേജിലാണ് എം.എൽ.എയ്ക്ക് പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ച് പരാമർശിക്കുന്നത്. സ്വർണക്കടത്തിലെ സൂത്രധാരനായ കെ.ടി. റമീസുമായാണ് ഈ എം.എൽ.എയ്ക്ക് പങ്കാളിത്തമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
റമീസിന്റെ കള്ളക്കടത്തു സംഘത്തിലെ മുഖ്യ കണ്ണിയാണ് എം.എൽ.എയെന്നും സാക്ഷിമൊഴികൾ അടിസ്ഥാനമാക്കി കസ്റ്റംസ് വ്യക്തമാക്കുന്നു. സ്വർണക്കടത്തിന്റെ ഭാഗമായി പ്രതികൾ തമ്മിൽ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളിലും എംഎൽഎയ്ക്ക് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. അതേസമയം സ്വപ്ന സുരേഷുമായോ മറ്റേതെങ്കിലും പ്രതികളുമായോ എം.എൽ.എ നേരിട്ട് ഇടപട്ടിട്ടില്ല. റമീസ് വഴിയായിരുന്നു മറ്റുള്ളവരുമായുള്ള എം.എൽ.എയുടെ ആശയ വിനിമയമെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്വർണക്കടത്തിൽ എംഎൽഎയുടെ പങ്ക് വെളിപ്പെടുത്താൻ റമീസ് ഇതുവരെ തയാറായിട്ടില്ല. സ്വർണം അടങ്ങിയ നയതന്ത്ര പാഴ്സൽ തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞുവച്ച വിവരം പുറത്തുവന്നതിന്റെ പിറ്റേന്ന് (ജൂലൈ 2) റമീസ് തന്റെ മൊബൈൽ ഫോണുകളിലൊന്നു നശിപ്പിച്ചുകളഞ്ഞതായി അന്വേഷണസംഘം പറയുന്നു. ഈ ഫോണിലേക്കാണു ബെംഗളൂരു ലഹരിമരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദും ബന്ധപ്പെട്ടിരുന്നത്. ഈ സിം കാർഡ് റജിസ്റ്റർ ചെയ്തിരിക്കുന്നത് തമിഴ്നാട് സ്വദേശിയുടെ പേരിലാണ്.