സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്കായി അഫാന്റെയും ഉമ്മ ഷെമിയുടെയും ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. അഫാൻ നടത്തിയ ഗൂഗിൾ സേർച്ചുകളുടെ വിവരങ്ങൾ പരിശോധിക്കാൻ പോലീസ് സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. കുടുംബം കൂട്ട ആത്മഹത്യയെ കുറിച്ച് ദിവസങ്ങളായി ആലോചിച്ചിരുന്നതായി അഫാൻ പോലീസിനോട് പറഞ്ഞിരുന്നു. കൂട്ട ആത്മഹത്യയ്ക്കുള്ള മാർഗ്ഗങ്ങൾ ഗൂഗിളിൽ തിരഞ്ഞിരുന്നതായും അഫാൻ പറഞ്ഞു. ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാനാണ് ഫോൺ പരിശോധന നടത്തുന്നത്.
ആശുപത്രിയിൽ കഴിയുന്ന അഫാന്റെ വിശദമായ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. രാത്രി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മൊഴി നൽകാൻ അഫാൻ അന്ന് മാനസികമായി തയ്യാറായിരുന്നില്ല. ആറ്റിങ്ങൽ ഡിവൈഎസ്പിയും വെഞ്ഞാറമൂട് സിഐയുമാണ് രാത്രി 8.30 ഓടെ മെഡിക്കൽ കോളേജിൽ എത്തിയത്. ഇന്ന് രാവിലെ വീണ്ടും മൊഴിയെടുക്കാൻ ശ്രമം നടത്തും.
advertisement
അതേസമയം വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തിൽ ജീവൻപൊലിഞ്ഞ അഞ്ചുപേരുടെ മൃതദേഹങ്ങളും ഖബറടക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ വീടുകളിലേക്ക് എത്തിച്ചപ്പോൾ വൈകാരിക രംഗങ്ങൾക്കാണ് നാട് സാക്ഷിയായത്. അഫാൻ എന്ന 23കാരന്റെ കൊടും ക്രൂരതയിൽ ജീവൻ നഷ്ടമായവരെ അവസാനമായി ഒരുനോക്കു കാണാൻ നിരവധിപേരാണ് വീടുകളിലേക്ക് എത്തിയത്.