ഉമ്മയ്ക്ക് 65 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് അഫാന്റെ മൊഴി. 12ഓളം പേരില്‍ നിന്നാണ് പണം പലപ്പോഴായി കടം വാങ്ങിയത്. പണം തിരിച്ച് ചോദിച്ചതോടെ കുടുംബം പ്രിതിസന്ധിയിലായി. പിന്നാലെ കൂട്ട ആത്മഹത്യക്ക് തീരുമാനിച്ചു. എന്നാൽ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയിലാണ് കൊലപാതകം നടത്താന്‍ തിരുമാനിച്ചത്. ആദ്യം ആക്രമിച്ചത് ഉമ്മയെ ആണെന്നും അഫാൻ പൊലീസിനോട് വെളിപ്പെടുത്തി.
advertisement
രാവിലെ പതിനൊന്ന് മണിയോടെ ഉമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു. പിന്നാലെ മുറിയില്‍ പൂട്ടിയിട്ടശേഷം ഹാർഡ് വെയർ കടയില്‍ നിന്ന് പുതിയ രീതിയിലുള്ള ചുറ്റികയും മറ്റൊരു കടയില്‍ നിന്ന് എലിവിഷവും വാങ്ങി. തിരിച്ച് വീട്ടില്‍ എത്തുമ്പോള്‍ ഉമ്മ മരിച്ചില്ലെന്ന് കണ്ട് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു. തുടര്‍ന്നാണ് മറ്റ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് അഫാന്റെ മൊഴി.
അതേസമയം, മൊഴി പൂർണമായി പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ചില അവ്യക്തതകൾ ഇപ്പോഴുമുണ്ട്. പിതാവിന്റെ ഉമ്മയെയും പിതൃ സഹോദരനെയും അദ്ദേഹത്തിന്റെ ഭാര്യയെയും കൊലപ്പെടുത്തിയതിലാണ് ദുരൂഹത തുടരുന്നത്. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയുമായി ഈ മൂന്നുപേർക്കും ബന്ധമില്ല. അതേസമയം, ഇവരെ കൊലപ്പെടുത്തിയത് സാമ്പത്തികമായി സഹായിക്കാത്ത വൈരാഗ്യം കൊണ്ടാണെന്നാണ് സൂചന.