ത്രിപുരയിലെ ഗ്രാമീണ മേഖലയില്‍ നിന്ന് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ (ഐഎഎസ്) ഉന്നത പദവികളിലേക്കുള്ള ധിമാന്‍ ചക്മയുടെ യാത്ര ഒരുകാലത്ത് മനക്കരുത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും വിജയത്തെ പ്രതീകപ്പെടുത്തിയിരുന്നു. ഇന്ന് ആ പേര് അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു.
ജൂണ്‍ എട്ടിന് കലഹണ്ടി ജില്ലയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ നിന്നാണ് കൈക്കൂലി വാങ്ങുന്നതിനിടെ ധിമാന്‍ ചക്മ പിടിക്കപ്പെടുന്നത്. 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് ഒഡീഷ വിജിലന്‍സ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രണ്ടുതവണ യുപിഎസ്‌സി പരീക്ഷയില്‍ വിജയം നേടിയ ചക്മ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു മാതൃകയായിരുന്നു.
advertisement
എന്നാല്‍ സര്‍വീസില്‍ പ്രവേശിച്ച് നാല് വര്‍ഷത്തിനുള്ളില്‍ തന്നെ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ അദ്ദേഹം നേരിടുകയാണ്. അദ്ദേഹത്തിന്റെ ഐഎഎസ് കരിയറിനു തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള അഴിമതി ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയരുന്നത്.
അടുത്ത കാലം വരെ ഒഡീഷയിലെ കലഹണ്ടി ജില്ലയിലെ സബ്ഡിവിഷന്‍ ആയ ധരംഗഡില്‍ ചക്മ ഡെപ്യൂട്ടി കളക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. തദ്ദേശ ഭരണത്തിന്റെയും ഗ്രാമവികസനത്തിന്റെയും ചുമതലയായിരുന്നു അദ്ദേഹത്തിന്. എന്നാല്‍, തന്റെ പദവി ഉപയോഗിച്ച് നിയമവിരുദ്ധമായ പണമിടപാടപുകള്‍ നടത്താൻ ചക്മ ആവശ്യപ്പെട്ടതായി ഒഡീഷ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കല്ല് ക്രഷര്‍ യൂണിറ്റ് നടത്തുന്ന ഒരു പ്രാദേശിക ബിസിനസുകാരനില്‍ നിന്നാണ് കൈക്കൂലി പരാതി ലഭിച്ചത്. 20 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ തന്റെ യൂണിറ്റിനെതിരെ നടപടിയെടുക്കുമെന്ന് ചക്മ ഭീഷണിപ്പെടുത്തിയതായി ബിസിനസുകാരന്‍ ആരോപിച്ചു. ആദ്യ ഗഡുവായി 10 ലക്ഷം രൂപ വാങ്ങുന്നതിനിടയിലാണ് വിജിലന്‍സ് സംഘം ഒരുക്കിയ കെണിയില്‍ ചക്മ കുടുങ്ങിയത്. അദ്ദേഹത്തിന്റെ കൈകളിലും ഓഫീസ് ഡ്രോയറിലും നടത്തിയ രാസപരിശോധനയില്‍ കൈക്കൂലി വാങ്ങിയതായി കണ്ടെത്തി. തുടര്‍ന്ന് അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 47 ലക്ഷം രൂപയും പണമായി ലഭിച്ചു.
അഴിമതി നിരോധന നിയമത്തിലെ (1988, ഭേദഗതി 2018) സെക്ഷന്‍ 7 പ്രകാരമാണ് ചക്മയ്‌ക്കെതിരെ കേസെടുത്തത്. ഇദ്ദേഹത്തിന്റെ വസതിയില്‍ നിന്നും പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം കണ്ടെത്താനും കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനുമുള്ള അന്വേഷണം നടക്കുകയാണ്.
ധിമാന്‍ ചക്മയുടെ ഐഎഎസ് യാത്ര
ത്രിപുരയിലെ കാഞ്ചന്‍പൂരില്‍ ജനിച്ച ചക്മ മിതമായ സൗകര്യങ്ങളുള്ള കുടുംബ സാഹചര്യത്തിലാണ് വളര്‍ന്നത്. അച്ഛന്‍ ഒരു സ്‌കൂള്‍ അധ്യാപകനായിരുന്നു. അമ്മ വീട്ടമ്മയും. അഗര്‍ത്തലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എന്‍ഐടി) നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് ബിരുദം നേടിയ ചക്മ 2019-ലാണ് യുപിഎസ്‌സി സിവില്‍ സര്‍വീസസ് പരീക്ഷ പാസായത്. 722-ാം റാങ്ക് ആണ് അദ്ദേഹം നേടിയത്. തുടര്‍ന്ന് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസില്‍ (ഐഎഫ്എസ്) ചേര്‍ന്നു.
ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലാണ് നിയമനം ലഭിച്ചത്. എന്നാല്‍ ചക്മ അവിടെ നിന്നില്ല. 2020-ല്‍ അദ്ദേഹം വീണ്ടും പരീക്ഷ എഴുതി. ഇത്തവണ 482-ാം റാങ്ക് നേടി ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ ചേരാനുള്ള തന്റെ സ്വപ്നം സാക്ഷാത്കരിച്ചു. അദ്ദേഹം ഒഡീഷ കേഡറില്‍ ചേര്‍ന്ന് പരിശീലനം ആരംഭിച്ചു. 2021 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ചക്മ ഒരു വര്‍ഷത്തെ കഠിന പരിശീലനത്തിന് ശേഷം ധരംഗഡിലേക്ക് നിയമിതനായി. കുറച്ചു കാലത്തേക്ക് പ്രത്യേകിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാതൃകയാക്കാവുന്ന വിജയമായി ചക്മയുടെ യാത്ര ഉയര്‍ത്തികാണിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കഠിനാധ്വാനവും മറ്റും വിദ്യാര്‍ത്ഥികള്‍ ഉദാഹരണമാക്കി.
എന്നാല്‍, കൈക്കൂലി കേസില്‍ ചക്മ അറസ്റ്റിലായതോടെ സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ നിറഞ്ഞു. നാല് വര്‍ഷത്തിനുള്ളില്‍ ഇത്രയധികം അഴിമതി നടത്തിയോ എന്ന് ആശങ്കപ്പെട്ടുള്ളതായിരുന്നു ഒരു പോസ്റ്റ്. ഭാവി ഭരണാധികാരികള്‍ക്ക് എന്ത് ധാര്‍മ്മികതയാണ് ഇത് പഠിപ്പിക്കുന്നതെന്ന് മറ്റൊരാള്‍ രോഷംകൊണ്ടു. പരിശീലനത്തിലും പൊതു ഇടപെടലുകളിലും ചക്മ ഒരിക്കല്‍ സുതാര്യതയെയും സദ്ഭരണത്തെയും കുറിച്ച് സംസാരിച്ചത് പൊതുജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായി.
ചക്മയുടെ അറസ്‌റ്റോടെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പ്രത്യേകിച്ച് യുപിഎസ്‌സി പോലുള്ള ഉയര്‍ന്ന മത്സര പരീക്ഷകളിലൂടെ പ്രവേശിക്കുന്നവരുടെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായി. അറിവും അഭിരുചിയും പരീക്ഷിക്കുന്ന പരീക്ഷയാണെങ്കിലും അത് എല്ലായ്‌പ്പോഴും വ്യക്തിത്വം അളക്കണമെന്നില്ലെന്ന് വിമര്‍ശകര്‍ വാദിക്കുന്നു.
ചക്മയ്ക്കെതിരെയുള്ള അന്വേഷണം തുടരുകയാണ്. ചക്മയുടെ ഇടപാടുകള്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. 47 ലക്ഷം രൂപ പിടിച്ചെടുത്തതും കൈക്കൂലി ആരോപണവും സസ്‌പെന്‍ഷനിലേക്കോ സര്‍വീസില്‍ നിന്നും പുറത്താക്കുന്നതിലേക്കോ കാര്യങ്ങള്‍ കൊണ്ടെത്തിച്ചേക്കും. ചക്മയുടെ സര്‍വീസ് കാലത്തെ മറ്റ് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഒഡീഷ വിജിലന്‍സ് അന്വേഷണം വിപുലീകരിക്കുന്നതായാണ് റിപ്പോര്‍ട്ട്.