ഡിസംബര്‍ 15-ന് ചന്ദൗസിയിലെ പത്രൗവ റോഡിലെ ഈദ്ഗാഹിന് സമീപത്തുനിന്നും ശരീരഭാഗങ്ങള്‍ അടങ്ങിയ പോളിത്തീന്‍ ബാഗുകള്‍ നാട്ടുകാര്‍ കണ്ടെത്തിയതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. പ്രദേശവാസികള്‍ ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു. പോളിത്തീന്‍ ബാഗുകള്‍ പരിശോധിച്ചപ്പോള്‍ മനുഷ്യ ശരീരം കഷണങ്ങളാക്കിയതാണെന്ന് പോലീസ് കണ്ടെത്തി.
പച്ചകുത്തിയ രാഹുൽ
മൃതദേഹം അതിക്രൂരമായി മുറിക്കപ്പെട്ട നിലയിലായിരുന്നു. തലയും കൈയ്യും കാലുകളും മുറിച്ചുമാറ്റിയിരുന്നതിനാൽ കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താന്‍ പോലും കഴിയാതെ പ്രാഥമിക തിരച്ചറിയല്‍ തന്നെ സങ്കീര്‍ണമാക്കിയതായും പോലീസ് പറഞ്ഞു. എന്നാൽ പൊലീസിന് ലഭിച്ച കൈകളിലൊന്നില്‍ രാഹുല്‍ എന്ന പേര് പച്ചകുത്തിയതായി ശ്രദ്ധയില്‍പ്പെട്ടതാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്.
advertisement
ഇതിന്റെ അടിസ്ഥാനത്തില്‍ ചുന്നിയിൽ ഷൂ വ്യാപാരം നടത്തുന്ന രാഹുല്‍ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. പരിശോധനയില്‍ മൃതദേഹം അയാളുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ച പോലീസ് അയാളുടെ കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തു.
ശരീരഭാഗങ്ങള്‍ കണ്ടെത്തുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് രാഹുലിന്റെ ഭാര്യ റൂബി ഭർത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കിയ വിവരം പുറത്തുവന്നതോടെയാണ് സംശയം തുടങ്ങിയത്. നവംബര്‍ 18നാണ് അവർ പരാതി നൽകിയിരുന്നത്. റൂബിയെ ചോദ്യം ചെയ്തപ്പോള്‍ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇത് കൂടുതല്‍ തെളിവുകളിലേക്ക് നയിച്ചു.
നിരീക്ഷണ വിവരങ്ങളും സാങ്കേതിക തെളിവുകളും ഉപയോഗിച്ച് പോലീസ് റൂബിയെയും ഗൗരവിനെയും മറ്റൊരാളെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തു.
രാഹുലും റൂബിയും വിവാഹിതരായിട്ട് 15 വര്‍ഷമായി. ഇവർക്ക് 12 വയസ്സുള്ള മകനും 10 വയസ്സുള്ള മകളുമാണ് ഉള്ളത്. മകളുടെ മൊഴിയും കേസില്‍ നിര്‍ണായകമായി. മാതാപിതാക്കള്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്നും മൂന്ന് പേര്‍ അവരുടെ വീട്ടില്‍ അടിക്കടി വരാറുണ്ടെന്നും അവർ ചിലപ്പോള്‍ ചോക്ലേറ്റ് കൊണ്ടുവരാറുണ്ടെന്നും മകള്‍ പോലീസിനോട് പറഞ്ഞു.
ചോദ്യം ചെയ്യലില്‍ പൊട്ടിക്കരഞ്ഞ മകൾ അമ്മയുടെ പങ്കാളിയെ കുറിച്ച് സൂചന നൽകിയിരുന്നു. കൊലപാതകത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും അവൾ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
രാഹുലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു കട്ടിലിന്റെ കാല്‍, ഒരു സ്‌കൂട്ടര്‍, ബാഗ്, ടോയ്‌ലറ്റ് ബ്രഷ്, ഇരുമ്പ് വടി, ഒരു ഇലക്ട്രിക് ഹീറ്റര്‍ എന്നിവ പോലീസ് കണ്ടെത്തി. കൊല നടത്തിയത് വീട്ടിനുള്ളിലാണെന്നും പിന്നീട് ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി പല സ്ഥലങ്ങളില്‍ ഉപേക്ഷിച്ചതാകാമെന്നും ഫോറന്‍സിക് സംഘം പറയുന്നു.
രാഹുലിന്റെ തലയും മറ്റ് ശരീര ഭാഗങ്ങളും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത് കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്. പ്രതികള്‍ കുറ്റകൃത്യം വളരെ ശ്രദ്ധാപൂര്‍വ്വമാണ് ആസൂത്രണം ചെയ്തതെന്നും മീററ്റില്‍ അടുത്തിടെ നടന്ന കൊലപാതകവുമായി ഇതിന് സാമ്യമുണ്ടെന്നും പോലീസ് പറയുന്നു.
