നവംബര്‍ 18-നാണ് റൂബി എന്ന പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മറ്റൊരാളുമായി പ്രണയത്തിലായിരുന്ന റൂബിക്ക് ഈ വിവാഹത്തിന് എതിര്‍പ്പുണ്ടായിരുന്നു. അങ്ങനെ റൂബിയും കാമുകനായ രവി ശങ്കറും ചേര്‍ന്ന് അവളുടെ മുത്തശ്ശിയെ കൊലപ്പെടുത്തി വിവാഹം വൈകിപ്പിക്കാന്‍ പദ്ധതിയിട്ടതായി പോലീസ് പറയുന്നു. പിന്നീട് ഒളിച്ചോടാനായിരുന്നു ഇരുവരുടെയും പദ്ധതി.
നവംബര്‍ 11-നാണ് ചന്ദ്രാവതി വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇരുവരും കുറ്റം സമ്മതിച്ചതായി അലിഗഢ് സര്‍ക്കിള്‍ ഓഫീസര്‍ ശിവം സിംഗ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്തിയതായും പോലീസ് അറിയിച്ചു.
advertisement
മുത്തശ്ശിയെ കൊന്ന് വിവാഹം മുടക്കാനായിരുന്നു പദ്ധതിയെങ്കിലും അത് നടന്നില്ല. റൂബി നിശ്ചയിച്ചുറപ്പിച്ച ദിവസം തന്നെ വിവാഹിതയായി. 22 ദിവസങ്ങള്‍ക്കുശേഷമാണ് പ്രതികളെ പോലീസ് പിടികൂടിയത്. റൂബി പിന്നോക്ക വിഭാഗത്തിലും രവി പട്ടികജാതിയിലും പെട്ടയാളാണെന്നും പോലീസ് അറിയിച്ചു.
ഗ്രാമത്തില്‍ റൂബിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒരു മോട്ടോര്‍ സൈക്കിള്‍ റിപ്പയര്‍ ഷോപ്പ് വാടകയ്‌ക്കെടുത്ത് നടത്തുകയായിരുന്നു രവി. ഇരുവരും തമ്മിലുള്ള ബന്ധം റൂബിയുടെ കുടുംബം ഒരിക്കലും സമ്മതിക്കില്ലെന്ന് അറിയാമായിരുന്നതിനാല്‍ അവര്‍ എല്ലാവരില്‍ നിന്നും ഇക്കാര്യം മറച്ചുവെച്ചു. റൂബിയുടെ വിവാഹം നിശ്ചയിച്ചിട്ടും ബന്ധം വെളിപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചില്ല.
വിവാഹം മാറ്റിവെക്കാനും സമയം നിശ്ചയിച്ച് ഒളിച്ചോടാനും വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ജവാന്‍ സ്റ്റേഷനിലെ എസ്എച്ച്ഒ യോഗേന്ദ്ര സിംഗ് പറഞ്ഞു. അതേസമയം മുത്തശ്ശി ഇവരുടെ ബന്ധത്തെ കുറിച്ച് അറിഞ്ഞതായും ഇത് വീട്ടുകാരോട് വെളിപ്പെടുത്തിയേക്കുമെന്നും ഇരുവരും സംശയിച്ചുവെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 11-ന് ചന്ദോഖയിലെ ഒരു വയലിന് സമീപം ചന്ദ്രാവതി വെടിയേറ്റ് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ ചികിത്സയ്ക്കിടെ മരിച്ചു. തലയ്ക്ക് വെടിയേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. തുടര്‍ന്ന് അജ്ഞാത കൊലപാതകിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ജവാന്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
കുടുംബത്തില്‍ മരണം നടന്നിട്ടും റൂബിയുടെ വിവാഹം തീരുമാനിച്ച പോലെ നടന്നു. അന്വേഷണത്തിനിടെ റൂബി നിരന്തരം മൊഴിമാറ്റി പറഞ്ഞതായും ഇത് പോലീസ് ശ്രദ്ധിച്ചതായും എസ്എച്ച്ഒ പറഞ്ഞു. ഇതാണ് അന്വേഷണം പ്രതികളിലേക്ക് എത്തിച്ചത്. തുടര്‍ന്ന് റൂബിയുടെ കോള്‍ വിവരങ്ങള്‍ അടക്കം പോലീസ് പരിശോധിച്ചു. ഇതില്‍ നിന്ന് ഒരു നമ്പറിലേക്ക് അവള്‍ നിരന്തരം വിളിച്ചിരുന്നതായി കണ്ടെത്തി. പ്രദേശവാസികളുമായി സംസാരിച്ചപ്പോള്‍ റൂബിയും രവിയും തമ്മിലുള്ള അടുപ്പം പോലീസ് മനസ്സിലാക്കി.
തുടര്‍ന്ന് പോലീസ് രവിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. റൂബിയുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് കൊല നടത്തിയതെന്ന് അയാള്‍ സമ്മതിച്ചു. റൂബി പലപ്പോഴും മുത്തശ്ശിയുമായി വയലില്‍ ആടുമാടുകളെ മേയ്ക്കാന്‍ പോകാറുണ്ടായിരുന്നുവെന്നും പ്രതി പറഞ്ഞു. ഈ സമയത്താണ് കൊല നടത്തിയത്. മുത്തശ്ശിയെ വയലില്‍ തനിച്ചാക്കി റൂബി ആടുകളുമായി മറ്റൊരിടത്തേക്ക് മാറി. ഈ വിവരം റൂബി രവിയെ അറിയിച്ചു. തുടര്‍ന്ന് രവി ചന്ദ്രാവതിയുടെ തലയ്ക്ക് വെടിവച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
രവി കുറ്റം സമ്മതിച്ചതോടെ റൂബിയെയും പോലീസ് അറസ്റ്റു ചെയ്തു. റൂബി നല്‍കിയ പണം ഉപയോഗിച്ചാണ് രവി തോക്ക് സംഘടിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
