യുവതിയെ പ്രവേശിപ്പിച്ച ക്രോണസ് ആശുപത്രിയിൽ നിന്ന് ബുധനാഴ്ചയാണ് സംഭവത്തെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഛത്തർപൂർ ആശുപത്രിയിലെത്തിയ പോലീസ്, സത്ബാരിയിലെ അൻസൽ വില്ലയിൽ താമസിക്കുന്ന യുവതിയെ തൊഴിലുടമയുടെ വീട്ടിൽ വിഷം കഴിച്ച് പ്രവേശിപ്പിച്ചതായി കണ്ടെത്തി. തുടക്കത്തിൽ, മൊഴിയെടുക്കാനായില്ലെങ്കിലും, പിന്നീട് സംഭവിച്ച മുഴുവൻ കാര്യങ്ങളും യുവതി പൊലീസിനോട് വിവരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
10 മാസം മുമ്പ് വീട്ടിൽ നിന്ന് കുറച്ച് ആഭരണങ്ങൾ മോഷ്ടിച്ചതായി കുറ്റസമ്മതം നടത്താൻ വീട്ടുടമയും കുടുംബാംഗങ്ങളും ചേർന്ന് തന്നെ ശാരീരികമായി ആക്രമിക്കുകയും മർദിക്കുകയും ചെയ്തതായി യുവതി ആരോപിച്ചു, അപമാനം സഹിക്കാനാവാത്തതിനാലാണ് വിഷം കഴിച്ചതെന്ന് യുവതി പറഞ്ഞു. ആഭരണങ്ങൾ മോഷ്ടിച്ചത് ആരെന്നറിയാൻ കുടുംബം ഓഗസ്റ്റ് 9ന് ഒരു മന്ത്രവാദിയെ വിളിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
advertisement
വീട്ടിലെത്തിയ മന്ത്രവാദി അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും അരിയും ചുണ്ണാമ്പ് പൊടിയും നൽകി, ആരുടെ വായ ചുവന്നാലും അവർ ആയിരിക്കും മോഷ്ടാവെന്ന് മന്ത്രവാദി പറഞ്ഞു. വീട്ടുജോലിക്കാരിയായ യുവതിയുടെ വായ ചുവന്നു. ഇതോടെ മന്ത്രവാദി അവളെ മോഷ്ടാവായി പ്രഖ്യാപിച്ചു.
ഇതോടെ വീട്ടുടമസ്ഥർ യുവതിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ മോഷ്ടിച്ചെന്ന് സമ്മതിക്കാൻ സമ്മർദ്ദം ചെലുത്തി. എന്നാൽ താൻ അല്ല ആഭരണം മോഷ്ടിച്ചതെന്ന് യുവതി തറപ്പിച്ചു പറഞ്ഞു. ഇതോടെ അവർ തന്നെ വിവസ്ത്രയാക്കുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഇതിനുശേഷം യുവതിയെ മുറിക്കുള്ളിൽ പൂട്ടിയിടുകയായിരുന്നു. ഒടുവിൽ ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ യുവതി, അവിടെ ഉണ്ടായിരുന്ന വിഷ പദാർഥം എടുത്ത് കഴിക്കുകയായിരുന്നു. അവശയായ യുവതിയെ വീട്ടുകാർ തന്നെ ആശുപത്രിയിലാക്കുകയായിരുന്നു.
സംഭവത്തിൽ മൈദാൻ ഗാർഹി പോലീസ് സ്റ്റേഷനിൽ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. വെള്ളിയാഴ്ച മറ്റ് വസ്തുതകൾ പുറത്തുവന്നതോടെ കേസിൽ കൂടുതൽ വകുപ്പുകൾ ചേർത്തതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച പ്രതികളിലൊരാളായ സത്ബാരിയിലെ അൻസൽ വില്ലയിൽ താമസിക്കുന്ന സീമ ഖാത്തൂൺ (28) അറസ്റ്റിലായി. ബാക്കിയുള്ള പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.