2023-ൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന യുവതിയെ ഇന്നലെ എറണാകുളം ലുലു മാളിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്യുമ്പോൾ മുബീനയുടെ കയ്യിൽനിന്ന് ഒരു ലക്ഷത്തോളം രൂപയും സ്വർണാഭരണങ്ങളും കണ്ടെടുത്തു.
കാവിൽപ്പാട് നാഗയക്ഷിക്കാവിലെ പൂജാരിയാണ് തട്ടിപ്പിന് ഇരയായ പരാതിക്കാരൻ. മനിശ്ശേരി മനയിലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഏക മകളായ ഡോ. നിഖിത ബ്രഹ്മദത്തൻ എന്ന പേരിലാണ് മുബീന യുവാവിനെ പരിചയപ്പെട്ടത്. കോടികളുടെ ഏക അവകാശിയാണെന്നും തറവാട്ടിൽ അവകാശികളില്ലാത്തതിനാൽ യുവാവിനെ ദത്തെടുക്കാൻ തയ്യാറാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് സ്റ്റാമ്പ് പേപ്പറിൽ എഴുതി നൽകി.
advertisement
പിന്നീട് ഒരു വർഷത്തോളം ഇവർ സൗഹൃദം തുടർന്നു. താൻ ജോലി ചെയ്യുന്നുവെന്ന് വിശ്വസിപ്പിച്ച് യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് വിളിപ്പിച്ചു. യുവാവ് എത്തുന്ന സമയത്ത് മുബീന സ്റ്റെതസ്കോപ്പ് അണിഞ്ഞ് ഡോക്ടറെന്ന മട്ടിൽ പെരുമാറുകയും സഹായികളെ നിർത്തി സംസാരിച്ച് വിശ്വാസം ഉറപ്പിക്കുകയുമാണ് ചെയ്തിരുന്നത്.
ഇതിനുശേഷം, താൻ നിർമിക്കാൻ പോകുന്ന ഐ.വി.എഫ്. ആശുപത്രിയിൽ പങ്കാളിയാക്കാം എന്ന് പറഞ്ഞ് യുവാവിൽ നിന്ന് പല തവണയായി 68 ലക്ഷം രൂപയോളം കൈപ്പറ്റി. ആളുകളെ പരിചയപ്പെടുമ്പോൾ, യാതൊരു മടിയും കൂടാതെ പണം ആവശ്യപ്പെട്ട് വാങ്ങുന്നതാണ് ഇവരുടെ രീതി. ആദ്യം വാങ്ങുന്ന പണം തിരികെ നൽകി വിശ്വാസം നേടും. എന്നാൽ, അടുത്ത തവണ കൂടുതൽ തുക വാങ്ങിയ ശേഷം അത് മടക്കി നൽകാതെ ഒളിവിൽ പോകുകയാണ് ഇവർ പതിവാക്കിയിരുന്നത്.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി വിവിധ ജില്ലകളിൽ പല പേരുകളിലും സ്ഥലങ്ങളിലും ഒളിവിൽ കഴിയുകയായിരുന്നു മുബീന. മുബീനയുടെ യോഗ്യത 9-ാം ക്ലാസ് മാത്രമാണ്.
എന്നാൽ, ഡോക്ടറാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ജില്ലാ ആശുപത്രിയിൽ അകത്തുതന്നെ അവർക്ക് ധാരാളം സഹായികൾ ഉണ്ടായിരുന്നു. പലതവണ ഡോക്ടറുടെ വേഷത്തിൽ ആശുപത്രിയിലും മോർച്ചറിയിലും വെച്ച് കണ്ടതിനാൽ സംശയം തോന്നിയില്ലെന്ന് പരാതിക്കാരൻ പറയുന്നത്. സമാന രീതിയിൽ ധാരാളം പേരിൽ നിന്ന് മുബീന പണം തട്ടിയിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട്, എറണാകുളം, പാലക്കാട് ടൗൺ നോർത്ത് എന്നീ സ്റ്റേഷനുകളിലും യുവതിക്കെതിരെ മുൻപ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരോടൊപ്പം ലിവിങ് ടുഗെതർ ആയി കഴിഞ്ഞിരുന്ന രണ്ടാം പ്രതി ശ്യാം സന്തോഷ് നേരത്തെ പിടിയിലായിരുന്നു, ഇയാൾ ഇപ്പോൾ ജാമ്യത്തിലാണ്.
