സുഹൃത്തുക്കളുടെ സഹായത്തോടെയാണ് സഹോദരന്‍റെ ഘാതകനെ ഹണി ട്രാപ്പിൽ കുടുക്കി വകവരുത്താനായി വനത്തിലേക്ക് പോകുന്നതിനിടെ യുവതി മുംബൈ പൊലീസിന്‍റെ പിടിയിലായത്. ദാഹിസർ ചെക്ക് നാക്കയിൽ വെച്ചാണ് സംഘത്തെ പൊലീസ് പിടികൂടിയത്.
മുംബൈയിലെ മാലദ് പ്രദേശത്ത് 2020 ജൂണിൽ പാർക്കിംഗിനെച്ചൊല്ലി രണ്ട് ഗ്രൂപ്പുകൾ തമ്മിൽ തർക്കമുണ്ടാകുകയും പിന്നീട് ഇത് ഏറ്റുമുട്ടലിൽ കലാശിക്കുകയും ചെയ്തിരുന്നു. ഈ പോരാട്ടത്തിനിടെ മുഹമ്മദ് സാദിഖ് എന്നയാൾ 24 കാരനായ അൽതാഫ് ഷെയ്ക്കിനെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം സാദിഖ് ഡൽഹിയിലേക്ക് രക്ഷപ്പെട്ടു.
advertisement
എന്നാൽ സഹോദരനായ അൽതാഫിന്റെ കൊലപാതകത്തിൽ പ്രതികാരം വീട്ടാനുള്ള ഉറച്ച തീരുമാനത്തിലായിരുന്നു സഹോദരി യാസ്മിൻ. അൽതാഫിന്റെ സുഹൃത്തുക്കളായ ഫാറൂഖ് ഷെയ്ക്ക് (20), ഒവെയ്സ് ഷെയ്ക്ക് (18), മണിസ് സയ്യിദ് (20), ജാക്കിർ ഖാൻ (32), സത്യം പാണ്ഡെ (23) എന്നിവരുടെ സഹായത്തോടെയാണ് സാദിഖിനെ കൊല്ലാൻ അവർ തീരുമാനിച്ചത്.
Also Read- Whatsapp honey trap | വാട്സാപ്പ് ഹണി ട്രാപ്പ്; തട്ടിപ്പിന് വഴിയൊരുക്കി ചാറ്റുകളും കോളുകളും
കൊലപാതകം നടന്ന് ഒരു മാസത്തിന് ശേഷം യാസ്മിനും അൽതാഫിന്റെ സുഹൃത്തും മാൽവാനിയിൽ വച്ച് സാദിഖിനെ വധിക്കാനുള്ള ഗൂഢാലോചന നടത്തി. ആദ്യം അവനെ ഹണിട്രാപ്പിൽ കുടുക്കാൻ അവർ തീരുമാനിച്ചു. ഇതിനായി യാസ്മിൻ ഒരു വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി സാദിഖുമായി ചാറ്റ് ചെയ്യാൻ തുടങ്ങി. സാദിഖിനെ പ്രണയത്തിൽ കുടുക്കി.
കഴിഞ്ഞയാഴ്ച സാദിഖ് യാസ്മിനെ കാണാൻ മുംബൈയിലെത്തി. ശനിയാഴ്ച യാസ്മിൻ ആരേയിലെ ഛോട്ടാ കശ്മീർ പ്രദേശത്തേക്ക് സാദിഖിനെ വിളിച്ചുവരുത്തുകയായിരുന്നു. സാദിഖ് സ്ഥലത്തെത്തിയപ്പോൾ, യാസ്മിനുപകരം അവിടെയുണ്ടായിരുന്നത് അൽതാഫിന്റെ അഞ്ച് സുഹൃത്തുക്കളായിരുന്നു. സമീപത്ത് പാർക്കു ചെയ്തിരുന്ന ആംബുലൻസിൽ കാത്തിരുന്ന സംഘം സാദിഖിനെ വളയുകയും ആംബുലൻസിൽ പിടിച്ചുകയറ്റുകയും ചെയ്തു.
അതിനുശേഷം ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് തടവിൽ പാർപ്പിച്ചു. അവിടെവെച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. സാദിഖിനെ ആരേയ്ക്ക് തൊട്ടടുത്ത വനപ്രദേശത്ത് എത്തിച്ച് വധിക്കാനായിരുന്നു സംഘം പദ്ധതിയിട്ടത്. ഇതനുസരിച്ച് വനത്തിലേക്കു പോകുന്നവഴിയാണ് യുവതിയും സംഘവും പൊലീസിന്‍റെ പിടിയിലായത്.