സെപ്റ്റംബർ 29-ന് തോമസ് ലാലൻ ബാങ്കിലെത്തിയപ്പോഴാണ് തൻ്റെ അക്കൗണ്ടിൽ നിന്ന് മൂന്ന് തവണകളായി 9.90 ലക്ഷം രൂപ ഓൺലൈനായി കൈമാറ്റം ചെയ്തതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ, തോമസ് ലാലൻ്റെ ഫോണിൽ 'ആർടിഒ ചലാൻ' എന്ന പേരിലുള്ള ഒരു എ.പി.കെ ഫയൽ ഇൻസ്റ്റാൾ ചെയ്തതായി റൂറൽ സൈബർ പൊലീസ് കണ്ടെത്തി.
ഇതുവഴിയാണ് ഫോൺ ഹാക്ക് ചെയ്ത് പണം തട്ടിയതെന്നാണ് നിഗമനം. ജില്ലാ പൊലീസ് സൂപ്രണ്ടിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പണം പോയത് ഹരിയാനയിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് കണ്ടെത്തി. ഹരിയാനയിൽ നടത്തിയ അന്വേഷണത്തിൽ ഈ അക്കൗണ്ട് വ്യാജവിലാസത്തിൽ തുടങ്ങിയതാണെന്ന് വ്യക്തമായി.
advertisement
തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് അക്കൗണ്ട് ഉടമയായ ലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. സൈബർ പൊലീസ് സ്റ്റേഷൻ ഗ്രേഡ് എസ്‌ഐ സുജിത്ത്, സിപിഒ സച്ചിൻ, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബി.കെ. അരുൺ, എസ്‌ഐ മനു, തോമസ്, അസ്മാബി, സിപിഒ ജിഷാ ജോയ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
