പ്രണയം നിരസിച്ചതിന് കാമുകനെ കുടുക്കാൻ ബെംഗളൂരുവിലെ നിരവധി സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശമയച്ച യുവതി പിടിയിൽ. അഹമ്മദാബാദിൽ നിന്ന് ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്ത വനിതാ സോഫ്റ്റ്വെയർ എഞ്ചിനീയറായ റെനെ ജോഷിൽഡ എന്ന യുവതിയെയാണ് ബെംഗളൂരു നോർത്ത് ഡിവിഷൻ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ ആറ് മുതൽ ഏഴ് വരെ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി ഇമെയിലുകൾ അയച്ചതുമായി അവർക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി.
advertisement
അന്വേഷണത്തിൽ ജോഷിൽദയുടെ പ്രവർത്തനങ്ങൾ കർണാടകയിൽ മാത്രം ഒതുങ്ങി നിന്നിരുന്നില്ലെന്ന് കണ്ടെത്തി. ചെന്നൈ, ഹൈദരാബാദ്, ഗുജറാത്ത് എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും ബോംബ് ഭീഷണി സന്ദേശം അയച്ചിരുന്നതായി പോലീസ് പറയുന്നു. വിവിധ നഗരങ്ങളിലുടനീളമുള്ള നിരവധി സ്കൂളുകളിലേക്കും ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്കും പോലും അവർ വ്യാജ മെയിലുകൾ അയച്ചിരുന്നു. ഗുജറാത്ത് വിമാനാപകടം പോലെ സ്കൂളുകൾ തകർക്കുമെന്നായിരുന്നു അയച്ച ഭീഷണി ഇമെയിലുകളിലെ മുന്നറിയിപ്പ്.
തന്റെ പ്രണയം നിരസിച്ചതിനാൽ കാമുകനെ കുടുക്കുന്നതിന് വേണ്ടിയാണ് സ്കൂളുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചതെന്ന് യുവതി വെളിപ്പെടുത്തി. കാമുകനെതിരെയുള്ള പ്രതികാര നടപടിയുടെ ഭാഗമായിട്ടാണ് ഒന്നിലധികം സംസ്ഥാനങ്ങളിലെ സ്കൂളുളിൽ ബോംബ് ഭീഷണി സന്ദേശമയച്ചത്. ജൂണിലാണ് അഹമ്മദാബാദ് പോലീസ് ജോഷിൽഡയെ അറസ്റ്റ് ചെയ്തതത്. എന്നാൽ കർണാടക പോലീസിന്റെ അന്വേഷണത്തിൽ കർണാടകയിലെ സ്കൂളുകളിലേക്കും അയച്ച വ്യാജ ബോംബ് ഭീഷണി മെയിലുകൾക്ക് പിന്നിൽ ഇതേ യുവതി തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു.രാജ്യത്തുടനീളമുള്ള പോലീസ് സ്റ്റേഷനുകളിൽ റെനെ ജോഷിൽഡയ്ക്കെതിരെ ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യഥാർത്ഥ സ്ഥലവും ഐഡന്റിറ്റിയും മറച്ചുവെച്ച് വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് (വിപിഎൻ) ഉപയോഗിച്ചാണ് ഇമെയിലുകൾ അയച്ചത്. ഒന്നിലധികം അക്കൗണ്ടുകൾ രജിസ്റ്റർ ചെയ്യുന്നതിനായി 'ഗേറ്റ് കോഡ്' എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് വെർച്വൽ മൊബൈൽ നമ്പറുകൾ നേടി. ആറ് മുതൽ ഏഴ് വരെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ ഇതിനായി പ്രതി ഉപയോഗിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. ബെംഗളൂരുവിലെത്തിച്ച പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
