32കാരനായ വിപിന് സ്ഥിരമായ അംഗവൈകല്യത്തിന് ഇത് കാരണമായി. വിപിൻ നിലവിൽ മീററ്റിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയ നടത്തിയാലും നാവ് പഴയപടിയാകില്ലെന്ന് ഡോക്ടർമാർ വിപിന്റെ കുടുംബാംഗങ്ങളെ അറിയിച്ചു.
2025 ജൂണിലായിരുന്നു വിപിന്റെയും ഇഷയുടെയും വിവാഹം. മോഡിനഗറിലെ ഒരു സ്വകാര്യ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന വിപിൻ മാതാപിതാക്കളായ റാം അവതാറിനും ഗീതയ്ക്കുമൊപ്പം ഒരു ചെറിയ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വിവാഹശേഷം വീടിന് സൗകര്യങ്ങൾ കുറവായതിനാൽ മുകളിൽ ഒരു മുറി കൂടി നിർമിച്ചിരുന്നു. ഇവിടെയായിരുന്നു ഇരുവരുടെയും താമസം വിപിന്റെയും ഇഷയുടെയും വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോഴേക്കും സംഘർഷങ്ങൾ തുടങ്ങിയതായി വിപിന്റെ അമ്മ ഗീത ആരോപിച്ചു.
advertisement
വിവാഹശേഷം സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുമെന്നും തനിക്കെതിരേ ഒരു വാക്ക് പോലും പറയാൻ സമ്മതിക്കില്ലെന്നും ഇഷ തങ്ങളെ ഭീഷണിപ്പെടുത്തിയതായി അവർ പറഞ്ഞു. ഇഷ രഹസ്യമായി മദ്യം കഴിക്കുന്നതും സിഗരറ്റ് വലിക്കുന്നതും കണ്ടെത്തിയതായും മണിക്കൂറുകളോളം ഇൻസ്റ്റഗ്രാമിൽ റീലുകൾ നിർമിക്കാൻ സമയം ചെലവഴിച്ചിരുന്നതായും ഗീത ആരോപിച്ചു. ''ഇതിനെ എന്റെ മകൻ എതിർത്തിരുന്നു. തുടർന്ന് അവനെ ഉപേക്ഷിച്ച് പോകുമെന്ന് അവൾ ഭീഷണിപ്പെടുത്തുമായിരുന്നു,'' അവർ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച രാത്രി ഇഷ അത്താഴത്തിന് മുട്ടക്കറി തയാറാക്കിയതോടെയാണ് സംഘർഷം തുടങ്ങിയത്. രാത്രി എട്ട് മണിക്ക് വിപിൻ ജോലി കഴിഞ്ഞ് വീട്ടിലെത്തി. ദിവസവും ആഹാരത്തിന് കറിയായി മുട്ട കഴിക്കാൻ കഴിയില്ലെന്ന് ഇഷയോട് വിപിൻ പറഞ്ഞു. ''എല്ലാ ദിവസവും മുട്ടക്കറി കഴിക്കുന്നത് മടുപ്പാണെന്ന് മാത്രമാണ് അയാൾ ഇഷയോട് പറഞ്ഞത്,' അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആദ്യം ഭക്ഷണത്തെച്ചൊല്ലിയാണ് തർക്കം ആരംഭിച്ചതെങ്കിലും പിന്നീട് മദ്യപാനത്തെ ചൊല്ലിയായി.
''തുടർന്ന് ചിക്കൻ ഓർഡർ ചെയ്യാൻ ഇഷ ആവശ്യപ്പെട്ടു. പിന്നാലെ ഇഷ കട്ടിലിനടിയിൽ ഒളിപ്പിച്ച മദ്യക്കുപ്പി പുറത്തെടുത്തു. ഇത് വിപിൻ എതിർത്തു. രാത്രി 11 മണി ആയപ്പോഴേക്കും തർക്കം ശാരീരികമായ ഏറ്റുമുട്ടലായി മാറി. വഴക്കിനിടെ ഇഷ വിപിനെ പലതവണ അടിച്ചു,'' പോലീസ് പറഞ്ഞു.
വിപിൻ ഭാര്യയെ തടഞ്ഞു നിർത്തി സാഹചര്യം തണുപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അവർ ശാന്തമായതായി അഭിനയിക്കുകയും പെട്ടെന്ന് പല്ലുകൾ ഉപയോഗിച്ച് വിപിന്റെ നാക്ക് കടിച്ചെടുക്കുകയുമായിരുന്നു. വിപിന് ഉടൻ തന്നെ അമിതമായ രക്തസ്രാവം ഉണ്ടാകുകയും അയാൾ വേദനകൊണ്ട് നിലവിളിക്കുകയും ചെയ്തു. മുറിഞ്ഞുപോയ നാവിന്റെ കഷ്ണവുമായി അയാൾ വേഗം വീടിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന മാതാപിതാക്കളുടെ അടുത്തെത്തി.
''രക്തത്തിൽ കുളിച്ചു നിന്ന വിപിൻ താഴെ വീണു, സംസാരിക്കാൻ കഴിയാതെ കയ്യിലുള്ള നാവ് ഞങ്ങൾക്ക് കാണിച്ചു തന്നു,'' ഗീത പറഞ്ഞു. ''ആദ്യം ആരോ കത്തി ഉപയോഗിച്ച് നാവ് മുറിച്ചതാണെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ, ഇത്രയും ഭയപ്പെടുത്തുന്ന ഒരു കാര്യം സംഭവിച്ചതായി ഞങ്ങൾ കരുതിയതേ ഇല്ല,'' ഗീത പറഞ്ഞു.
അയൽക്കാരും സംഭവസ്ഥലത്ത് തടിച്ചുകൂടി. ചില സ്ത്രീകൾ ഇഷയെ ആക്രമിച്ചതായി ആരോപണമുണ്ട്. വിപിന്റെ നാവ് തന്റെ പല്ലുകൊണ്ട് കടിച്ചുമുറിച്ചതാണെന്ന് ഇഷ സമ്മതിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു. വിപിനെ ഉടൻ തന്നെ മീററ്റിലെ ആശുപത്രിയിലും പിന്നീട് സുഭർത്തി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
വിപിന്റെ നാവിന്റെ ഏകദേശം 2.5 സെന്റീമീറ്റർ ഭാഗം പൂർണമായും അറ്റുപോയതായി കുടുംബത്തെ ഡോക്ടർമാർ അറിയിച്ചു. ''നാക്ക് തുന്നിച്ചേർക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ ഞങ്ങളോട് പറഞ്ഞു,'' കുടുംബാംഗങ്ങൾ പറഞ്ഞു.
സംഭവത്തിന് പിന്നാലെ ഗീത മരുമകൾക്കെതിരേ പോലീസിൽ പരാതി നൽകി. മകനെ ഗാർഹിക പീഡനത്തിന് ഇരയാക്കിയതായി അവർ പരാതിയിൽ ആരോപിച്ചു. വിപിനെ ഗുരുതരമായി പരിക്കേൽപ്പിച്ചതായും അവർ പറഞ്ഞു.
പോലീസ് സ്‌റ്റേഷനിൽവെച്ചും ഇഷ നിലവിട്ട് പെരുമാറിയെന്ന് പോലീസ് പറഞ്ഞു. വനിതാ പോലീസുകാരുമായും അവർ തർക്കിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് സഹകരിക്കാൻ തയാറായില്ലെന്നും പോലീസ് പറഞ്ഞു.
അയൽപക്കത്തെ സ്ത്രീകളോട് തന്നെ ഉപദ്രവിക്കാൻ ഭർതൃവീട്ടുകാർ പ്രേരിപ്പിച്ചതായും അറസ്റ്റ് ചെയ്യുമ്പോൾ താൻ മദ്യപിച്ചിരുന്നില്ലെന്നും ചോദ്യം ചെയ്യലിൽ ഇഷ പറഞ്ഞു. വിപിന്റെ നാവ് കടിച്ചതായി ഇഷ സമ്മതിച്ചെങ്കിലും അത് അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തതാണെന്ന് അവർ പറഞ്ഞു. ഭർത്താവ് തന്നെ വീട്ടിൽ പലപ്പോഴും പൂട്ടിയിടുമായിരുന്നുവെന്നും ശകാരിക്കുമായിരുന്നുവെന്നും മദ്യപിക്കാനും റീലുകൾ ചെയ്യാനും സമ്മതിക്കുകയില്ലായിരുന്നുവെന്നും അവർ പോലീസിനോട് പറഞ്ഞു.
ഭാരതീയ ന്യായ സംഹിതയിലെ സുപ്രധാന വകുപ്പുകൾ പ്രകാരം ഇഷയ്‌ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 'കുടുംബാംഗങ്ങളുടെയും അയൽക്കാരുടെയും ഡോക്ടർമാരുടെയും മൊഴികൾ ഞങ്ങൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അന്വേഷണത്തിൽ മെഡിക്കൽ റിപ്പോർട്ടുകൾ നിർണായകമാകും,'' പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
