ഗ്രേറ്റർ നോയിഡയിൽ സെക്ടർ 10 ലെ വീട്ടിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന 32 കാരിയായ യുവതി ഒരു ദിവസം അജ്ഞാത വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ചേർക്കപ്പെട്ടു. ഓഹരി വിപണിയിൽ നിന്നും എങ്ങനെ ലാഭമുണ്ടാക്കാം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളാണ് ഗ്രൂപ്പിൽ ഉണ്ടായിരുന്നതെന്ന് യുവതി പറയുന്നു. ചില ക്ലാസ്സുകൾക്ക് ശേഷം ഒരു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് നൽകുകയും അതിൽ നിന്ന് 300 ശതമാനം ലാഭം നേടാൻ കഴിയുമെന്നും തട്ടിപ്പ് സംഘം വാഗ്ദാനം നൽകിയതായും സ്തുതിയുടെ പരാതിയിൽ പറയുന്നു.
advertisement
തുടക്കത്തിൽ സംഘത്തിന്റെ നിർദ്ദേശ പ്രകാരം യുവതി ഒരു ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. ഒരു ദിവസം കഴിഞ്ഞപ്പോൾ നിക്ഷേപത്തിൽ നിന്നും 50,000 രൂപ ലാഭം നേടിയതായി ആപ്പിലെ പ്രൊഫൈൽ സൂചിപ്പിച്ചു. ശേഷം യുവതിയും ഭർത്താവും മറ്റൊരു സ്വകാര്യ ഗ്രൂപ്പിലേക്ക് ചേർക്കപ്പെട്ടു. അവിടെ 30 ലക്ഷം രൂപ നിക്ഷേപിക്കാനുള്ള ഒരു പദ്ധതി സംഘം നൽകുകയും ദമ്പതികൾ 20 ലക്ഷം രൂപ നിക്ഷേപിക്കുകയും ചെയ്തു. തുടർന്ന് ജൂലൈ 16 ന് ഐപിഒ ( IPO ) ലിസ്റ്റ് ചെയ്തതായി യുവതിയ്ക്ക് സന്ദേശം ലഭിച്ചു. ഒപ്പം ഒരു ലക്ഷം ഓഹരികളും അനുവദിച്ചു. ഓഹരികൾ വാങ്ങാനായി 1.19 കോടി രൂപ നിക്ഷേപിക്കാൻ സംഘം ആവശ്യപ്പെട്ടതായും യുവതി പരാതിയിൽ പറയുന്നു. മുൻ നിക്ഷേപത്തിൽ നിന്നും 50 ലക്ഷം രൂപ ലാഭം നേടിയെന്നും എന്നാൽ ഐപിഒയ്ക്ക് വേണ്ടി 48 ലക്ഷം രൂപ കൂടി നൽകണമെന്ന് സംഘം ദമ്പതികളെ അറിയിച്ചു. എന്നാൽ അത്രയും തുക അടയ്ക്കാൻ കഴിയാത്തതിനാൽ ലാഭം പിൻവലിക്കണമെന്ന് ദമ്പതികൾ ആവശ്യപ്പെട്ടു. എന്നാൽ ലാഭം പിൻവലിക്കുന്നതിനായി സംഘം ചില നിബന്ധനകൾ കൂടി നൽകിയതായി പോലീസ് പറയുന്നു.
തങ്ങളുടെ ബാങ്കിലെ നിക്ഷേപ തുകയും, മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള പണവും, സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സ്വരൂപ്പിച്ച പണവും ചേർത്ത് ദമ്പതികൾ തുക നൽകി. ചെക്കുകളായും ഓൺലൈനായുമാണ് ദമ്പതികൾ ഇടപാടുകൾ നടത്തിയത്. ആകെ 69.53 ലക്ഷം രൂപ നിക്ഷേപിച്ച ശേഷമാണ് ലാഭം പിൻവലിക്കാൻ ദമ്പതികൾ തീരുമാനിക്കുന്നത്. വാഗ്ദാനം ചെയ്ത 4 കോടിയോളം രൂപ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ നികുതി ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടി വീണ്ടും 21 ലക്ഷം രൂപ സംഘം ആവശ്യപ്പെട്ടപ്പോൾ തങ്ങൾ കബളിപ്പിക്കപ്പെട്ടതായി ദമ്പതികൾ മനസ്സിലാക്കി. തുടർന്ന് ഇവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
വഞ്ചനാക്കുറ്റം ഉൾപ്പെടെ വകുപ്പ് 318, 319 എന്നിവ ചുമത്തിയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.