അശ്ലീല സന്ദേശമയച്ചതിന് ആളുമാറി കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറുട മുഖത്തടിച്ച യുവതിയും ഡോക്ടറെന്ന വ്യാജേന സന്ദേശമയച്ച ആളും അറസ്റ്റിൽ. പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദ്, ഡോക്ടറിന്റെ മുഖത്തടിച്ച കുരുവട്ടൂർ സ്വദേശിനിയായ 39കാരി എന്നിവരാണ് അറസ്റ്റിലായത്.
ഡോക്ടർ എന്ന വ്യാജേന നിരന്തരം അശ്ലീല സന്ദേശമയച്ചും വിവാഹ വാഗ്ദാനം നൽകിയും യുവതിയെ നൗഷാദ് ശല്യപ്പെടുത്തിയിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം യുവതി ഡോക്ടറുടെ മുഖത്തടിച്ചത്. മെഡിക്കൽ കോളേജിലെത്തി രോഗികള്‍ക്കും പിജി വിദ്യാർത്ഥികൾക്കും മുന്നിൽ വെച്ചായിരുന്നു മർദനം. സംഭവത്തിൽ ഡോക്ടർ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സന്ദേശമയച്ചത് നൗഷാദ് ആണെന്ന് കണ്ടെത്തിയത്.
advertisement
സംവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ഏപ്രിലിൽ പിതാവിന്റെ ചികിത്സയ്ക്കായി യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയിരുന്നു. ഈ സമയത്ത് തന്നെ നൗഷാദും മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനായി എത്തി. യുവതിയും നൗഷാദും സംസാരിക്കുകയും പരിചയപ്പെടുകയും ഫോണ്‍ നമ്പർ വാങ്ങുകയും ചെയ്തു. പിന്നീട് മറ്റൊരു സിം കാർഡ് ഉപയോഗിച്ചാണ് യുവതിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടറാണെന്നും പറഞ്ഞ് വാട്സാപ്പിൽ സന്ദേശമയച്ചത്. അശ്ലീല സന്ദേശമയച്ചതിന് പുറമെ യുവതിയിൽ നിന്ന് നൌഷാദ് 40,000 രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്.
