നിർമ്മാണത്തൊഴിലാളിയായ സോണി കഴിഞ്ഞ 14-നാണ് ഭാര്യയെ കാണാനില്ലെന്ന് അയർക്കുന്നം പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചപ്പോൾ പൊലീസുമായി സഹകരിക്കാൻ ഇയാൾ തയ്യാറായില്ല. ഇതിനിടെ, സോണി കുട്ടികളുമായി ട്രെയിനിൽ നാട്ടിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ പൊലീസ്, ആർ.പി.എഫുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി കൊച്ചിയിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
14-ന് രാവിലെ സോണി ഭാര്യയ്‌ക്കൊപ്പം ഇളപ്പാനി ജങ്ഷൻ സമീപത്തുകൂടി നടന്നുപോകുന്നതിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. എന്നാൽ, സോണി മാത്രമാണ് പിന്നീട് തിരികെ പോകുന്നതായി ദൃശ്യത്തിലുള്ളത്. ഇതാണ് പൊലീസിന് സംശയം തോന്നാൻ കാരണമായത്.
advertisement
ശനിയാഴ്ച പുലർച്ചെ സ്റ്റേഷനിലെത്തിച്ചെങ്കിലും ആദ്യം ഇയാൾ സഹകരിച്ചില്ല. തുടർന്ന് പരിഭാഷകന്റെ സഹായത്തോടെ നടത്തിയ ചോദ്യംചെയ്യലിലാണ് കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇളപ്പുങ്കൽ ജങ്ഷനിൽനിന്ന് 100 മീറ്റർ മാറി നിർമാണത്തിലിരിക്കുന്ന ഒരു വീടിൻ്റെ മുറ്റത്ത്, മണ്ണ് നിരപ്പാക്കിയ ഭാഗത്താണ് അൽപ്പനയെ കുഴിച്ചുമൂടിയതെന്ന് പ്രതി തന്നെയാണ് മൊഴി നൽകിയത്. നിർമാണത്തിലിരിക്കുന്ന ഈ വീടിനോട് ചേർന്ന ഭാഗം വിജനമായതിനാൽ, ഇക്കാര്യം മനസ്സിലാക്കിയാണ് സോണി ഭാര്യയുമായി അവിടെയെത്തിയതെന്നാണ് പൊലീസ് നിഗമനം. തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.
മറ്റാരുടെയെങ്കിലും സഹായം പ്രതിക്ക് ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്റ്റേഷൻ ഓഫീസർ അനൂപ് ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.