വിഷ്ണു വീട്ടിൽ മന്ത്രവാദം നടത്തിയതിന്റെ സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പൂജാകര്‍മങ്ങള്‍ നടന്നിരുന്ന മുറിയ്ക്കകത്ത് കോഴി, മദ്യം എന്നിവയും വിവിധ തരം ആയുധങ്ങളും പോലീസ് കണ്ടെത്തി. മാതാപിതാക്കളെ വീട്ടിലേക്ക് കടക്കാന്‍ അനുവദിക്കാതിരുന്ന വിഷ്ണു 40 ദിവസത്തോളമായി ഒറ്റയ്ക്ക് താമസിച്ച് വീടിനകത്ത് ആഭിചാരക്രിയകള്‍ നടത്തിവരികയായിരുന്നുവെന്നാണ് സൂചന.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവങ്ങളുടെ തുടക്കം. മകളുടെ വീട്ടിലായിരുന്ന ശിവൻ ലൈഫ് പദ്ധതിക്ക് പഞ്ചായത്തിൽ സമർപ്പിക്കാനുള്ള രേഖകൾ എടുക്കുന്നതിനായി ഭാര്യ ലതികയ്ക്കും ഒരു ബന്ധുവിനുമൊപ്പം വീട്ടിലെത്തിയതായിരുന്നു. എന്നാൽ മകൻ വിഷ്ണു ഇവരെ വീടിനുള്ളിലേക്ക് കടക്കാൻ അനുവദിച്ചില്ല. രേഖകൾ തിരഞ്ഞിട്ടും കിട്ടാതായതോടെ അവയെല്ലാം കിണറ്റിലിട്ടതായി വിഷ്ണു പറഞ്ഞു. വീട്ടുകാര്‍ നോക്കിയപ്പോള്‍ വസ്ത്രങ്ങളും രേഖകളും കിണറ്റില്‍ കിടക്കുന്നത് കണ്ടു. പ്രകോപിതനായ ശിവന്‍ ദേഷ്യപ്പെട്ട് വിഷ്ണുവുമായി വഴക്കും വാക്കേറ്റവുമുണ്ടായി.
advertisement
ഇതോടെ കൈയിലുണ്ടായിരുന്ന കൊടുവാളുകൊണ്ട് വിഷ്ണു ശിവനെ നാലുതവണ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇതിന് ശേഷം അമ്മയെ വെട്ടാൻ ശ്രമിച്ചെങ്കിലും കൂടെയുണ്ടായിരുന്ന ബന്ധു തടഞ്ഞു. ഇദ്ദേഹമാണ് പൊലീസിനെയും ആംബുലൻസിനെയും വിളിച്ചുവരുത്തിയത്.
തുടര്‍ന്ന് വിഷ്ണു കത്തിയുമായി വീടിന്റെ മച്ചില്‍ കയറിയിരുന്നു. മച്ചിലേക്ക് ഇറങ്ങാനുള്ള ബുദ്ധിമുട്ടും വിഷ്ണു എങ്ങനെ പ്രതികരിക്കും എന്ന് ധാരണ ഇല്ലാത്തതുമൂലം പൊലീസ് തിടുക്കപ്പെട്ട നടപടിക്ക് ഒരുങ്ങിയില്ല. ഏറെ നേരം അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും വഴങ്ങാതിരുന്നതോടെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
വീടിന്റെ തട്ടിന്റെ നാല് ജനലുകള്‍ പൊളിച്ച പൊലീസ് അകത്തു കടക്കാന്‍ ഒരുങ്ങുന്നതിനിടെ മച്ചിന്റെ വാതില്‍ വഴി വിഷ്ണു ഓടിനു മുകളിലേക്ക് ചാടി. ജീവിനൊടുക്കുമെന്ന് ഭീഷണിയും മുഴക്കിയതോടെ നാട്ടുകാരും പൊലീസും മുൾമുനയിലായി. പിന്നെയും ഇയാളെ അനുനയിപ്പിക്കാന്‍ പൊലീസും നാട്ടുകാരും ശ്രമം തുടര്‍ന്നു. വൈകീട്ട് അഞ്ചരയോടെ വിഷ്ണു പൊലീസിന്റെ സമ്മര്‍ദത്തിന് വഴങ്ങി താഴെയിറങ്ങുകയായിരുന്നു. പുതുക്കാട് പൊലീസ് എസ്.എച്ച്.ഒ ആദം ഖാന്‍, എസ്.ഐ എന്‍. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിഷ്ണുവിനെ അനുനയിപ്പിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അഭിചാരക്രിയകളിലൂടെ തനിക്ക് അമാനുഷിക ശക്തികൾ ലഭിക്കുമെന്ന് വിഷ്ണു വിശ്വസിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഇത്തരം ക്രിയകൾ ചെയ്യാനുള്ള സൗകര്യത്തിനുവേണ്ടിയാണ് മാതാപിതാക്കളെ പുറത്താക്കി വിഷ്ണു ഒറ്റയ്ക്ക് താമസിച്ചിരുന്നത്. വിഷ്ണു കരാട്ടെ അടക്കമുള്ള ആയോധനകലകൾ അഭ്യസിച്ചിരുന്നതിനാൽ പ്രതിയെ കീഴ്പ്പെടുത്തുന്നതിൽ പോലീസും അതീവ കരുതലോടെയാണ് സമീപിച്ചത്. സമൂഹമാധ്യമങ്ങളിൽ വിഷ്ണു ആയോധന അഭ്യാസങ്ങൾ ചെയ്യുന്നതിൻ്റെയും നൃത്തം ചെയ്യുന്നതിൻ്റെയുമെല്ലാം വീഡിയോകൾ പങ്കുവെച്ചിട്ടുണ്ട്.