കാസർഗോഡ് തൃക്കരിപ്പൂരിൽ ഭക്ഷണം നൽകാൻ വൈകിയെന്ന് പറഞ്ഞ് യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു. തൃക്കരിപ്പൂരിലെ 'പോക്കോപ്' ഹോട്ടലിലാണ് സംഭവം നടന്നത്. ബുധനാഴ്ച വൈകിട്ട് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ നാല് യുവാക്കൾ ഭക്ഷണം വൈകിയെന്ന് ആരോപിച്ച് ഹോട്ടലിൽ പ്രശ്നമുണ്ടാക്കുകയായിരുന്നു. ഇവർ ഹോട്ടലിലെ പാത്രങ്ങളും ഗ്ളാസുകളും എറിഞ്ഞു തകകർക്കുയും ജീവനക്കാരെ മർദിക്കുകയും ചെയ്തു. ഇതര സംസ്ഥാനക്കാരായ ഹോട്ടൽ ജീവനക്കാർക്കാണ് മർദനത്തിൽ പരിക്കേറ്റത്.
advertisement
യുവാക്കൾ പ്രശ്നമുണ്ടാക്കിയപ്പോൾ ഹോട്ടൽ ഉടമ അറിയിച്ചതിനെ തുടർന്ന് ചന്തേര പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച ശേഷം വിട്ടയച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഇരുപത്തിയഞ്ചോളം വരുന്ന സംഘം വീണ്ടും ഹോട്ടലിലെത്തുകയും ഹോട്ടലിലെ സാധനങ്ങളും മറ്റും അടിച്ചു തകർക്കുകയും ചെയ്തത്. ഹോട്ടലിനു പുറത്ത് പാർക്ക് ചെയ്തിരുന്ന ഭക്ഷണ ഡെലിവറി വാഹനങ്ങളും അക്രമിസംഘം തകർത്തു. പയ്യന്നൂർ സ്വദേശികളായ യുവാക്കളാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു.
