കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം മൃതദേഹം വീണ്ടും പാവണ്ടൂര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കുകയായിരുന്നു. എംബാം ചെയ്തതിനാല്‍ മൃതദേഹം കൂടുതല്‍ അഴുകിയിരുന്നില്ല.
പള്ളി പരിസരത്തുവെച്ച് തന്നെ പോസ്റ്റുമോര്‍ട്ടം നടത്താനുള്ള പ്രത്യേക സൗകര്യങ്ങള്‍ അധികൃതര്‍ നേരത്തെ ഒരുക്കിയിരുന്നു. എന്നാല്‍ മൃതദേഹം കാര്യമായി അഴുകിയിട്ടില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജില്‍വെച്ച് പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
advertisement
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മരണത്തിലെ ദുരൂഹത നീങ്ങുമെന്നാണ് പ്രതീക്ഷയെന്ന് റിഫയുടെ കുടുംബം പ്രതികരിച്ചു.ദുബായില്‍വെച്ച് റിഫയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവും സുഹൃത്തുക്കളും കബളിപ്പിച്ചതായി കുടുംബം ആരോപിച്ചിരുന്നു.
മാര്‍ച്ച് ഒന്നാം തീയതിയാണ് റിഫ മെഹ്നുവിനെ ദുബായിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. നാട്ടിലെത്തിച്ച മൃതദേഹം മാര്‍ച്ച് മൂന്നിന് രാവിലെ കബറടക്കുകയായിരുന്നു. ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങള്‍ ഒന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
മരിക്കുന്നതിന് മുമ്പ് റിഫ വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. കുടുംബത്തിന്റെ പരാതിയില്‍ വ്ളോഗറും ഭര്‍ത്താവുമായ കാസര്‍കോട് സ്വദേശി മെഹ്നാസിനെതിരെ കാക്കൂര്‍ പോലീസ് കേസെടുത്തിരുന്നു.
Also read-Rape|നീതി വേണം; അച്ഛൻ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് പെൺകുട്ടി
മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂര്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് മെഹ്നാസിനെതിരെ ചുമത്തിയത്.
കാസര്‍കോട് നീലേശ്വരം സ്വദേശിയാണ് മെഹ്നാസ്. 3 വര്‍ഷം മുന്‍പായിരുന്നു റിഫയും മെഹ്നാസും വിവാഹിതരായത്. ഇവര്‍ക്ക് 2 വയസ്സുള്ള മകനുണ്ട്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. കഴിഞ്ഞ ജനുവരി 24ന് ആയിരുന്നു റിഫ മെഹ്നു പര്‍ദ കമ്പനിയില്‍ ജോലിക്കായി ദുബായിലെത്തിയത്.