ചൊവ്വാഴ്ച വോട്ടെടുപ്പ് നിശ്ചയിക്കാന്‍ കാരണം ?
പത്തൊമ്പതാം നൂറ്റാണ്ടില്‍ അമേരിക്കയുടേത് ഒരു കാര്‍ഷിക സമ്പദ് വ്യവസ്ഥയായിരുന്നു. ഇക്കാലത്ത് രാജ്യത്തെ ഭൂരിഭാഗം പേരും കാര്‍ഷികവൃത്തിയിലാണ് ഏര്‍പ്പെട്ടിരുന്നത്. 1800കളില്‍ ഗ്രാമങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചുള്ള ഒരു തെരഞ്ഞെടുപ്പ് പ്രക്രിയ ആവിഷ്‌കരിക്കാന്‍ ഭരണകൂടം തീരുമാനിച്ചു. ഒക്ടോബറോടെ കാര്‍ഷിക മേഖലയിലെ വിളവെടുപ്പ് അവസാനിക്കും. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ശൈത്യകാലം ആരംഭിക്കുകയും ചെയ്യും. എന്നാല്‍ നവംബറിന്റെ ആദ്യ ആഴ്ചകളില്‍ യാത്ര ചെയ്യാന്‍ അനുകൂലമായ കാലാവസ്ഥയാണ്.
ഞായറാഴ്ചകളില്‍ പലരും വിശ്രമിക്കാനും പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കായും പോകുന്ന സമയമാണ്. അതുകൊണ്ട് തന്നെ ഈ ദിവസം പോളിംഗ് സ്റ്റേഷനിലേക്ക് യാത്ര ചെയ്യാന്‍ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍ ചൊവ്വാഴ്ച പോളിംഗ് സ്റ്റേഷനിലേക്ക് എത്താന്‍ സമ്മതിദായകര്‍ക്ക് ബുദ്ധിമുട്ടുകളൊന്നുമുണ്ടാകില്ല. പൗരന്‍മാരുടെ മതപരമായ ആവശ്യങ്ങളെയും ഈ തീരുമാനം ബാധിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
advertisement
1845ല്‍ ചൊവ്വാഴ്ച വോട്ടെടുപ്പ് ദിനമാക്കാന്‍ യുഎസ് കോണ്‍ഗ്രസ് തീരുമാനിച്ചു. 1848 നവംബര്‍ 7 ചൊവ്വാഴ്ചയാണ് ആദ്യ ദേശീയ തെരഞ്ഞെടുപ്പ് ദിനമായി യുഎസ് കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്.
അവധിദിനമായ ഞായറാഴ്ചയ്ക്ക് ശേഷം യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് വോട്ടെടുപ്പിന് തിങ്കളാഴ്ച തെരഞ്ഞെടുക്കാതിരുന്നത്. യുഎസിലെ പല നഗരങ്ങളിലും മാര്‍ക്കറ്റ് കൂടുന്ന ദിവസമാണ് ബുധനാഴ്ച. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് ദിനമായി തെരഞ്ഞെടുത്തത്.
വെല്ലുവിളികള്‍
1840കളില്‍ വോട്ടെടുപ്പ് ചൊവ്വാഴ്ചയാക്കിയത് ഒരു അനുഗ്രഹമായാണ് പലരും കണ്ടിരുന്നത്. എന്നാല്‍ നിലവിലെ സ്ഥിതി അതല്ല. വോട്ടെടുപ്പ് ചൊവ്വാഴ്ച വെയ്ക്കുന്നത് വോട്ട് രേഖപ്പെടുത്തുന്ന സമ്മതിദായകരുടെ എണ്ണം കുത്തനെ കുറയാന്‍ കാരണമാകുമെന്ന് വിമര്‍ശകര്‍ പറയുന്നു. അതേസമയം ഏര്‍ലി വോട്ടിംഗ് സംവിധാനം നിലവില്‍ അമേരിക്ക പിന്തുടര്‍ന്നുവരുന്നുണ്ട്.
യുഎസിലെ എട്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് ദിനം പൊതുഅവധി ദിനമായി പ്രഖ്യാപിച്ചിട്ടുള്ളത്. വോട്ടെടുപ്പ് ദിവസം വോട്ട് ചെയ്ത ശേഷം ജോലിയ്ക്ക് എത്താനുള്ള സാവകാശം പല കമ്പനികളും ജീവനക്കാര്‍ക്ക് നല്‍കിവരുന്നുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഈ സൗകര്യം ഒരുപോലെ ലഭ്യമല്ല. ഈ പ്രശ്‌നത്തിന് പരിഹാരമെന്നോണം അമേരിക്കയിലെ 34 സംസ്ഥാനങ്ങള്‍ ഏര്‍ലി വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം വോട്ടെടുപ്പ് ഒരു പ്രത്യേക ദിവസം നടത്തുന്ന ആദ്യത്തെ രാജ്യമല്ല അമേരിക്ക. പലരാജ്യങ്ങളിലും ഈ രീതി പിന്തുടരുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് ശനിയാഴ്ചകളിലാണ്. സമ്മതിദായകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.