1966 ൽ ഷിസുവോക്കയിലെ ഒരു ഫാക്ടറിയിൽ വെച്ച് തന്റെ തൊഴിലുടമയെയും ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തുകയും ശേഷം കൊള്ളയടിക്കുകയും ചെയ്തു എന്നതാണ് ഹകമാഡയുടേ മേലുള്ള കുറ്റം. ഹകമാഡ ആദ്യം പോലീസിനു മുന്നിൽ കുറ്റം ഏറ്റുപറഞ്ഞെങ്കിലും വിചാരണ ആരംഭിച്ചപ്പോൾ താൻ നിരപരാധിയാണെന്നാണ് കോടതിയിൽ പറഞ്ഞത്. എന്നാൽ ഹകമാഡ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 1968 ൽ ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചു. 1980-ൽ ജപ്പാനിലെ സുപ്രീം കോടതി വധശിക്ഷ ശരിവെച്ചു.
Also read- ഇത്രയ്ക്കു ചീപ്പാണോ ഓസ്കർ ശില്പത്തിന്റെ വില?
advertisement
”എല്ലാ രാത്രിയും 9 മുതൽ 10:30 വരെ ഞാൻ യേശുക്രിസ്തുവിനോട് പ്രാർത്ഥിക്കുകയും എന്റെ നിരപരാധിത്വം തെളിയിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്യാറുണ്ട്. ഈ പ്രാർത്ഥനാവേളയിലാണ് എനിക്ക് എന്റെ വേദനകളിൽ നിന്ന് ആശ്വാസം ലഭിക്കുന്നത്. ദൈവത്തിന്റെ സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദി, അതിനാലാണ് ഞാൻ ഇന്നും ജീവിക്കുന്നത്. ഞാൻ സത്യത്തിനായി കരയുന്നു, നാളെയിലേക്ക് പ്രതീക്ഷയർപ്പിച്ച് നടക്കുന്നു,” എന്നാണ് ജയിലിൽ വെച്ച് ഹകമാഡ എഴുതിയത്.
നീണ്ട നിയമയുദ്ധത്തിന് ശേഷം, 2014-ലാണ് സെൻട്രൽ സിറ്റിയായ ഷിസുവോക്കയിലെ ഒരു ജില്ലാ കോടതി കേസിൽ പുനരന്വേഷണം അനുവദിച്ച് വിധി പുറപ്പെടുവിച്ചത്. കേസ് തുടരുന്നതിനിടെ അദ്ദേഹത്തെ ജയിൽ മോചിതനാക്കുകയും ചെയ്തിരുന്നു. അന്ന് ഹകമാഡക്ക് 78 വയസായിരുന്നു പ്രായം. 2018 ൽ, ടോക്കിയോ ഹൈക്കോടതി കീഴ്ക്കോടതി വിധി റദ്ദാക്കി. തുടർന്ന് സുപ്രീം കോടതിയിൽ ഹക്കമാഡ അപ്പീൽ സമർപ്പിച്ചു. ടോക്കിയോ ഹൈക്കോടതി തീരുമാനം പുനഃപരിശോധിക്കണമെന്നാണ് 2020-ൽ സുപ്രീംകോടതി വിധിച്ചത്. പക്ഷേ, ഇതെല്ലാം സംഭവിക്കുന്നതിനിടയിലും ഹക്കമാഡയുടെ വധശിക്ഷ കോടതി റദ്ദാക്കിയതുമില്ല.
പോലീസ് മർദിച്ചെന്ന് റിപ്പോർട്ടുകൾ
ദിവസേന 10 മണിക്കൂറിലധികം പോലീസ് ഹകമാഡയെ ചോദ്യം ചെയ്യുകയും മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രക്തം പുരണ്ട വസ്ത്രങ്ങളായിരുന്നു ഇയാൾക്കെതിരെ കോടതിയിൽ ഹാജരാക്കിയ പ്രധാന തെളിവുകളിലൊന്ന്. എന്നാൽ ഈ തെളിവ് കുറ്റകൃത്യം നടന്ന് ഒരു വർഷത്തിനു ശേഷമാണ് ഹാജരാക്കിയത്. ഡിഎൻഎ പരിശോധനയിൽ ഹകമാഡയും കോടതിയിൽ ഹാജരാക്കിയ വസ്ത്രവും രക്തവും തമ്മിൽ ബന്ധമില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പരിശോധനാ രീതികൾ ഹൈക്കോടതി തള്ളുകയാണുണ്ടായത്.
Also read- ചെ ഗുവേരയുടെ ജീവിതം RRR ന് പ്രചോദനം’; ഓസ്കാറിന് മുന്നേ രാജമൗലി പറഞ്ഞത്
ഹകമാഡയെ ശിക്ഷിച്ച ജഡ്ജിമാരിൽ ഒരാൾ ഈ കേസ് സംബന്ധിച്ച് തുടക്കം മുതൽ തന്റെയുള്ളിൽ ചില ചോദ്യങ്ങളുണ്ടെന്ന് പിന്നീട് സമ്മതിച്ചു. കുറ്റബോധം തോന്നിയ ജഡ്ജി പിന്നീട് ആത്മഹത്യയ്ക്കും ശ്രമിച്ചു. അദ്ദേഹം പിന്നീട് മാമോദീസാ സ്വീകരിച്ച് ഹകമാഡയുടെ അതേ മാമോദീസാപ്പേര് സ്വീകരിച്ചു. 2019 നവംബറിൽ ടോക്കിയോയിലെ ഡോം സ്റ്റേഡിയത്തിൽ ഫ്രാൻസിസ് മാർപാപ്പ കുർബാന അർപ്പിക്കാനെത്തിയപ്പോൾ അദ്ദേഹത്തെ അഭിവാദ്യം ചെയ്യാനെത്തിയ 50,000-ത്തോളം ആളുകളിൽ ഹകമാഡയും ഉണ്ടായിരുന്നു.
ഹകമാഡയെയും സഹോദരിയയെും കുർബാനയിൽ പങ്കെടുക്കാൻ തങ്ങൾ ക്ഷണിച്ചതായി സംഘാടകർ പറഞ്ഞിരുന്നു. 57 വർഷമായി ഞാൻ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു എന്നാണ് കേസിൽ പുനർവിചാരണ നടത്താനുള്ള വിധി വന്നതിനു ശേഷം ഹകമാഡയുടെ സഹോദരി ഹിഡെക്കോ പറഞ്ഞത്. ഹകമാഡയെ പോലീസ് നിർബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് മനുഷ്യാവകാശ പ്രവർത്തകരും പറയുന്നു.