തന്റെ നോവൽ ഒരു റിയലിസ്റ്റിക് രചനയോ രാഷ്ട്രീയ ആക്ഷേപഹാസ്യമോ ആയി തെറ്റിദ്ധരിക്കരുതെന്നും ഇതൊരു ഫാന്റസിയായി കണ്ടാൽ മതിയെന്നും പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് കരുണതിലക പറഞ്ഞു. ബുക്കർ പ്രൈസ് നേടുന്ന രണ്ടാമത്തെ ശ്രീലങ്കൻ എഴുത്തുകാരൻ കൂടിയാണ് ഷെഹാൻ കരുണതിലക.
ശ്രീലങ്കയിലെ പ്രശസ്ത എഴുത്തുകാരിൽ ഒരാളായ ഷെഹാൻ കരുണതിലക രണ്ട് നോവലുകളും കുട്ടികൾക്കായുള്ള മൂന്ന് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2010-ലാണ് അദ്ദേഹത്തിന്റെ ആദ്യ നോവലായ 'ചൈനമാൻ: ദി ലെജൻഡ് ഓഫ് പ്രദീപ് മാത്യു' (Chinaman: The Legend of Pradeep Mathew) പ്രസിദ്ധീകരിച്ചത്. ഈ നോവലിന് 2012-ലെ കോമൺവെൽത്ത് ബുക്ക് പ്രൈസ് ലഭിച്ചിരുന്നു. ഇതോടെ കരുണതിലക ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. വിസ്ഡൻ (Wisden) പട്ടികയിലെ, എക്കാലത്തെയും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പുസ്തകമായും ഈ നോവൽ മാറി. ഡിഎസ്‌എൽ, ഗ്രാറ്റിയൻ പുരസ്കാരങ്ങളും നോവലിന് ലഭിച്ചിരുന്നു. ആദ്യ നോവൽ പ്രസിദ്ധീകരിക്കുന്നതിനും വളരെ മുൻപു തന്നെഅദ്ദേഹത്തിന്റെ ആദ്യ കൈയെഴുത്തുപ്രതിയായ 'ദി പെയിൻറർ' (The Painter) 2000-ൽ ഗ്രാറ്റിയൻ പ്രൈസിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
advertisement
Also read: Keerthy Suresh | ധൂം ധാം ദോസ്താൻ ചുവടുകളുമായി കീർത്തി സുരേഷും കൂട്ടുകാരിയും; തരംഗം തീർത്ത് വീഡിയോ
1975 ൽ ശ്രീലങ്കയിലെ ഗാലെയിൽ ജനിച്ച കരുണതിലക കൊളംബോയിലാണ് വളർന്നത്. ന്യൂസിലൻഡിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, ലണ്ടൻ, ആംസ്റ്റർഡാം, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെല്ലാം താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സ്വദേശമായ ശ്രീലങ്കയിലാണ് താമസം.
പ്രശസ്തമായ പുസ്തകങ്ങൾക്ക് പുറമേ, ദ ഗാർഡിയൻ, റോളിംഗ് സ്റ്റോൺ, വിസ്ഡൻ, ജിക്യു, കോണ്ടെ നാസ്റ്റ്, നാഷണൽ ജിയോഗ്രാഫിക് എന്നീ മാധ്യമങ്ങൾക്കായി സ്‌പോർട്‌സ്, സംഗീതം, യാത്ര എന്നിവയുമായി ബന്ധപ്പെട്ട ഫീച്ചറുകളും കരുണതിലക എഴുതിയിട്ടുണ്ട്. പരസ്യ ഏജൻസികൾ, ടെക് സ്ഥാപനങ്ങൾ, മീഡിയ ഹൗസുകൾ, സ്റ്റാർട്ടപ്പുകൾ, വിവിധ രാജ്യങ്ങളിലെ മൾട്ടിനാഷണൽ കമ്പനികകൾ എന്നിവിടങ്ങളിലെല്ലാം പ്രവർത്തിച്ച അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്.
ബുക്കർ അവാർഡ് ദാന ചടങ്ങിന് ഏതാനും ആഴ്‌ചകൾ മുൻപു നടന്ന ഒരു അഭിമുഖത്തിൽ, ബുക്കർ പുരസ്കാരം നേടിയ തന്റെ അഞ്ച് പ്രിയപ്പെട്ട നോവലുകളെക്കുറിച്ച് കരുണതിലക സംസാരിച്ചിരുന്നു. ലിങ്കൺ ഇൻ ദി ബാർഡോ, ക്ലൗഡ് അറ്റ്‌ലസ്, ദി ഹാൻഡ്‌മെയ്‌ഡ്സ് ടെയിൽ, ഗേൾ ആൻഡ് വുമൺ എന്നിവയാണ് ആ അഞ്ച് നോവലുകൾ. കുർട്ട് വോനെഗട്ട്, വില്യം ഗോൾഡ്മാൻ, സൽമാൻ റുഷ്ദി, മൈക്കൽ ഒണ്ടാറ്റ്ജെ, അഗത ക്രിസ്റ്റി, സ്റ്റീഫൻ കിംഗ്, നീൽ ഗെയ്മാൻ, ടോം റോബിൻസ് തുടങ്ങി നൂറു കണക്കിന് എഴുത്തുകാർ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.