'അച്യുതം കേശവം' എന്നു തുടങ്ങുന്ന ഗാനവും ഒരു തമിഴ് പാട്ടും അവര്‍ പ്രധാനമന്ത്രിക്കായി പാടി. ഇന്ത്യന്‍ സംഗീതത്തോടും സംസ്‌കാരത്തോടുമുള്ള ഗായികയുടെ താത്പര്യത്തെ മുമ്പ് നടത്തിയ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിക്ക് വേണ്ടി കസാന്‍ഡ്ര പാട്ട് പാടുന്ന വീഡീയോ സാമൂഹികമാധ്യമങ്ങളില്‍ തരംഗം തീര്‍ക്കുകയാണ് ഇപ്പോള്‍.
ആരാണ് കസാന്‍ഡ്ര മേ സ്പിറ്റ്മാന്‍?
ജര്‍മന്‍ സ്വദേശിയായ കസാന്‍ഡ്ര കാഴ്ചാ പരിമിതിയുള്ള വ്യക്തിയാണ്. ഹിന്ദി, മലയാളം, കന്നട, തമിഴ്, ബെംഗാളി തുടങ്ങിയ വിവിധ ഇന്ത്യന്‍ ഭാഷകളിലെ ഗാനങ്ങളുടെയും ഭക്തിഗാനങ്ങളുടെയും അവതരത്തിലൂടെയാണ് ഇവർ പ്രശസ്തി നേടിയത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ഇവര്‍ ആലപിച്ച 'രാം ആയേഗേ' എന്ന ഗാനം സമൂഹികമാധ്യമങ്ങളില്‍ വലിയ പ്രചാരം നേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഗായിക ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്നത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള ഇഷ ഫൗണ്ടേഷനിലുമെത്തി അവര്‍ ഗാനമാലപിച്ചിരുന്നു.
ഒട്ടേറെ ടിവി, റേഡിയോ പരിപാടികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഇവര്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയ കലാകാരന്മാര്‍ക്കൊപ്പം വേദി പങ്കിട്ടിട്ടുണ്ട്. 2016 മുതല്‍ 2017 വരെ ടിവി പരിപാടിയായ 'ഡെയ്ന്‍ സോങ്ങിന്റെ' ഭാഗമായിരുന്നു. 2017ല്‍ ബോസ്റ്റണിലെ ബെര്‍ക്ക്‌ലീ കോളേജ് ഓഫ് മ്യൂസിക്കില്‍ സമ്മര്‍ പെര്‍ഫോമന്‍സ് പ്രോഗ്രാമിനുള്ള സ്‌കോളര്‍ഷിപ്പ് ലഭിച്ചു. ഈ സ്‌കോളര്‍ഷിപ്പ് ലഭിച്ച അഞ്ച് പേരില്‍ ഒരാളായിരുന്ന കസാന്‍ഡ്ര.
Also read-'ദൈവീകമായ അനുഭവം' ആഴക്കടലിലെ ദ്വാരകയെ ദര്‍ശിച്ച് പ്രധാനമന്ത്രി; 'ഭഗവാന്‍ കൃഷ്ണന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ'
ഇന്ത്യന്‍ സംസ്‌കാരവും ഇന്ത്യന്‍ സംഗീതവും ഇപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടുകയാണ്. കൂടുതല്‍ ആളുകള്‍ ഇന്ത്യൻ സംഗീതം ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നുവെന്ന് 2023 സെപ്റ്റംബറില്‍ പ്രധാനമന്ത്രി പറഞ്ഞു. കസാന്‍ഡ്ര ആലപിച്ച ഒരു ഗാനവും പ്രധാനമന്ത്രി കേള്‍പ്പിച്ചിരുന്നു. ''എത്ര ശ്രുതി മധുരമായ ശബ്ദമാണിത്. ഓരോ വാക്കുകളും വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നു. ദൈവത്തോടുള്ള അവരുടെ അടുപ്പം നമുക്കും അനുഭവിക്കാന്‍ കഴിയും. ഈ ശബ്ദം ജര്‍മനിയില്‍ നിന്നുള്ള ഒരു മകളുടേതാണെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. ഈ ഗാനം ആലപിച്ചിരിക്കുന്നത് കസാന്‍ഡ്രയാണ്. 21 കാരിയായ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ വളരെ പ്രശസ്തയാണ്. ജര്‍മന്‍ പൗരയായ അവര്‍ ഇതുവരെയും ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല. എന്നാല്‍, ഇന്ത്യന്‍ സംഗീതത്തെ അവര്‍ വളരെയധികം ഇഷ്ടപ്പെടുന്നു,'' പ്രധാനമന്ത്രി പറഞ്ഞു.
''ഒരിക്കല്‍പോലും ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ലാത്ത അവര്‍ ഇത്തരത്തില്‍ പാട്ടുപാടുന്നത് ഏറെ പ്രചോദിപ്പിക്കുന്ന കാര്യമാണ്. ജനിച്ചപ്പോള്‍ മുതല്‍ കാഴ്ചാ പരിമിതി നേരിടുന്ന വ്യക്തിയാണ് കസാന്‍ഡ്ര. എന്നാല്‍, ഈ അസാധാരണമായ നേട്ടം കൈവരിക്കുന്നതില്‍ നിന്ന് അവളെ തടയാന്‍ വെല്ലുവിളികൾക്ക് കഴിഞ്ഞില്ല. കുട്ടിക്കാലം മുതല്‍ക്കേ നന്നായി പാട്ട് പാടുന്ന അവര്‍ സംഗീതത്തോടും സര്‍ഗാത്മകതയോടുമുള്ള തന്റെ അടങ്ങാത്ത അഭിനിവേശം കാത്തുസൂക്ഷിക്കുന്നു'', പ്രധാനമന്ത്രി പറഞ്ഞു.