ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ പലസ്തീന്‍ പ്രദേശം വിജനമായ ദ്വീപ് ആക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭീഷണി ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന് ഗാസയിലേക്ക് കടന്നുകയറ്റമുണ്ടാകുമെന്ന ഭയത്തെതുടര്‍ന്നാണ് സംഘര്‍ഷം രൂക്ഷമായത്. ഇസ്രയേലില്‍ വ്യോമ, കടല്‍, കര മാര്‍ഗങ്ങളില്‍ ഹമാസ് ആക്രമണം നടത്തിയതിനെ ഹിസ്ബുള്ള പ്രശംസിച്ചിരുന്നു. സ്വദേശത്തും വിദേശത്തുമുള്ള പലസ്തീന്‍ ഭരണകൂടത്തിന്റെ നേതൃത്വവുമായി നേരിട്ട് ബന്ധപ്പെട്ടതായും ഹിസ്ബുള്ള അറിയിച്ചു.
എന്താണ് ഹിസ്ബുള്ള?
ഷിയാ മുസ്ലിങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടിയും തീവ്രവാദ സംഘടനയുമാണ് ഹിസ്ബുള്ള. ലെബനന്‍ ആസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
advertisement
ലെബനീസ് ആഭ്യന്തര യുദ്ധത്തിനിടയില്‍ 1982-ലാണ് ഹിസ്ബുള്ളയുടെ പിറവി. ഇറാനിന്റെ പിന്തുണയുള്ള ചില സംഘടകളുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇസ്രയേലിന് എതിരായി നിലകൊള്ളുന്ന ഹിസ്ബുള്ള മിഡില്‍ ഈസ്റ്റിലെ പശ്ചാത്യരാജ്യങ്ങളുടെ ഇടപെടലിനെയും എതിര്‍ക്കുന്നു. അമേരിക്ക ഉള്‍പ്പടെയുള്ള നിരവധി രാജ്യങ്ങള്‍ ഹിസ്ബുള്ളയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഹമാസുമായുള്ള ബന്ധം
ഹിസ്ബുള്ളയും ഹമാസും 1980-കളിലാണ് രൂപം കൊണ്ടത്. ഇരു സംഘടനകളും ഇസ്ലാം പ്രതിരോധ സംഘടനകളായാണ് കണക്കാക്കുന്നത്. അതേസമയം, ഹമാസ് സുന്നി സംഘടനയാണ്. കാഴ്ചപ്പാടുകളിലും ഇസ്ലാമിക വിഭാഗത്തിലും വ്യത്യാസമുണ്ടെങ്കിലും രണ്ടുസംഘടനകളും ദീര്‍ഘകാലമായി സഖ്യകക്ഷികളാണ്. ഇസ്രയേലിനെതിരായ പോരാട്ടത്തില്‍ പങ്കാളികളാകുക എന്നതാണ് ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ലക്ഷ്യം.
ഇസ്രായേലിനെതിരായ ഹിസ്ബുള്ളയുടെ പ്രവര്‍ത്തനം
ലെബനനില്‍ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള ഇറാഖ്, സിറിയ, പലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു.
1982 മുതല്‍ 2000 വരെ നീണ്ടുനിന്ന ഇസ്രായേലി അധിനിവേശത്തില്‍ നിന്ന് തെക്കന്‍ ലെബനനെ മോചിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഹിസ്ബുള്ളയ്ക്ക് ഉണ്ടായിരുന്നത്. തെക്കന്‍ ലെബനന്റെ ചില ഭാഗങ്ങള്‍ പിടിച്ചടക്കിയ ഇസ്രായേല്‍ സൈന്യത്തിനെതിരെയും തീവ്രവാദി സംഘം ഗറില്ലാ യുദ്ധം നടത്തി.
2006-ല്‍ ഹിസ്ബുള്ളയും ഇസ്രായേലും 34 ദിവസത്തെ യുദ്ധത്തിലേര്‍പ്പെട്ടിരുന്നു. ഈ യുദ്ധത്തില്‍ ലെബനനില്‍ 1,200-ലധികം പേര്‍ മരിച്ചിരുന്നു. മരിച്ചവരില്‍ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു. എന്നാല്‍ മറുവശത്ത് ഇസ്രായേലില്‍ 160 പേരാണ് മരിച്ചത്. അതില്‍ കൂടുതലും സൈനികരായിരുന്നു.
ശനിയാഴ്ച അപ്രതീക്ഷിതമായാണ് പലസ്തീന്‍ ഭീകരവാദ സംഘടനയായ ഹമാസ് ഇസ്രയേലിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ നിരവധി പേർ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഹമാസിന് അതിശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രയേലിനെതിരേയുള്ള ക്രൂരവും അധാര്‍മികവുമായ യുദ്ധമെന്നാണ് ഹമാസിന്റെ ആക്രമണത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇസ്രായേല്‍ സേനയും നൂറുകണക്കിന് ഹമാസ് ഭീകരരും 20ല്‍ പരം ഇടങ്ങളില്‍ ശനിയാഴ്ച രാത്രി ഏറ്റുമുട്ടിയിരുന്നു.
