10 ശതമാനം എഥനോൾ ആണ് ഇപ്പോൾ ഇന്ധനങ്ങളിൽ ചേർക്കുന്നത്, 2025 ഓടെ ഇത് ഇരട്ടിയാക്കാനുള്ള പദ്ധതികൾ സർക്കാർ ആലോചിക്കുന്നുണ്ട്. 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി തിരഞ്ഞെടുത്ത പെട്രോൾ പമ്പുകൾ വഴി 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ വിൽപ്പന നടത്തിയിരുന്നു. എഥനോളും മെഥനോളും പെട്രോളുമായി ചേർത്ത് ഉപയോഗിക്കുമ്പോൾ ഇന്ധനങ്ങളുടെ ഉത്പാദന ചെലവ് കുറയുകയും ഇറക്കുമതിയെ ആശ്രയിക്കേണ്ട ആവശ്യം കുറയുകയും ചെയ്യും.
എന്താണ് എഥനോളും മെഥനോളും?
രണ്ട് വ്യത്യസത ആൾക്കഹോളുകളാണ് ഇവ. എഥനോൾ ( C2H5OH ), മെഥനോൾ ( CH3OH) എന്നിവ പ്രകൃതിയിൽ തന്നെയുള്ള പഴകിയതും പുനരുൽപ്പാദന ശേഷി ഉള്ളതുമായ വസ്തുക്കളിൽ നിന്നും നിർമ്മിച്ചെടുക്കുന്നവയാണ്. കരിമ്പ്, ഗോതമ്പ്, ചോളം തുടങ്ങിയ സ്റ്റാർച്ച് അടങ്ങിയ പദാർത്ഥങ്ങളിൽ നിന്നുമാണ് എഥനോൾ പ്രധാനമായും നിർമ്മിക്കുന്നത്. ഇന്ത്യയിൽ കരിമ്പിന്റെ ഫെർമന്റെഷൻ വഴിയാണ് എഥനോൾ നിർമ്മിക്കുന്നത്.
advertisement
ഹൈഡ്രജൻ കൂടുതലും കാർബണിന്റെ അളവ് കുറവുമുള്ള ഇന്ധനമാണ് മെഥനോൾ. കൃഷിയിൽ നിന്നുണ്ടാകുന്ന വേസ്റ്റുകളിൽ നിന്നോ കൽക്കരിയിൽ നിന്നോ അല്ലെങ്കിൽ പവർ പ്ലാന്റ്റുകളിൽ നിന്നും പുറത്ത് വരുന്ന കാർബൻഡൈഒക്സൈഡിൽ നിന്നോ ആണ് പ്രധാനമായും മെഥനോൾ നിർമ്മിക്കുന്നത്. സീറോ പൊല്യൂഷ്യൻ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഇന്ധനമാണ് മെഥനോൾ.
എഥനോൾ പെട്രോളിൽ ചേർക്കുന്നത് എങ്ങനെ?
കൃഷിയിൽ നിന്നും മറ്റുമുണ്ടാകുന്ന അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് ഏതാണ്ട് 99.9 ശതമാനം ശുദ്ധമായ ആൽക്കഹോൾ നിർമ്മിക്കുന്നു അതിനെ പെട്രോളുമായി കൂട്ടിക്കലർത്തുന്ന പ്രക്രിയയാണ് ഇത്. 2025 ഓടെ 20 ശതമാനം എഥനോൾ പെട്രോളിൽ കലർത്തി ഉപയോഗിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. രാജ്യത്തെ ഏതാണ്ട് 1000 ഓളം പെട്രോൾ പമ്പുകളിൽ ഇപ്പോൾ തന്നെ 20 ശതമാനം എഥനോൾ ചേർത്ത ഇന്ധനം ലഭ്യമാണ്.ടോയോട്ട ഇന്നോവ കാർ 100 ശതമാനം എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുമെന്നും അങ്ങനെ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വാഹനമാണ് ഇതെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
മെഥനോൾ പെട്രോളിൽ കലർത്തുന്നത് എങ്ങനെ?
ഒരുപാട് ഉപയോഗമുള്ള ഇന്ധനമാണ് മെഥനോൾ. മെഥനോളിനെ പെട്രോളുമായി കലർത്തി ഇന്ധനമായി ഉപയോഗിക്കാൻ സാധിക്കും. ഇറക്കുമതിയുടെ മേൽ രാജ്യത്തിനുള്ള ആശ്രയത്വം കുറയ്ക്കാൻ മെഥനോൾ ഉപയത്തിലൂടെ സാധിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 15 ശതമാനം മെഥനോൾ കലർത്തിയ ഡീസൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 15 ശതമാനം മെഥനോളും 85 ശതമാനം ഗാസോലിനും ചേർന്ന M15 പെട്രോൾ കഴിഞ്ഞ വർഷം ആസ്സാമിൽ അവതരിപ്പിച്ച് പരീക്ഷിച്ചിരുന്നു.15 ശതമാനം മെഥനോൾ അടങ്ങിയ ഇന്ധനം ഉപയോഗിക്കുന്ന ഇരുപതോളം ബസുകളെ ബംഗ്ലൂർ മെട്രോ പോളിറ്റൻ കോർപറേഷൻ അവതരിപ്പിച്ചിരുന്നു.
മിശ്രിത ഇന്ധനത്തിന്റെ ഗുണങ്ങൾ
മലിനീകരണം വളരെ കുറവാണ് എന്നതാണ് എഥനോൾ കലർത്തിയ ഇന്ധനത്തിന്റെ പ്രധാന ഗുണം. അതുകൊണ്ട് തന്നെ ഇറക്കുമതി ചെലവ് കുറയുകയും കർഷകർക്ക് ധാരാളം കരിമ്പ് കൃഷി ചെയ്യാനുള്ള അവസരം ഉണ്ടാവുകയും ചെയ്യും.
മറ്റ് നേട്ടങ്ങൾ
1. ഇന്ധന ഉപയോഗത്തിൽ ലോകത്ത് മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. രാജ്യത്തെ ഇന്ധന അവശ്യങ്ങൾക്കായി ഇറക്കുമതിയെ ആശ്രയിക്കേണ്ട അവസ്ഥയുണ്ട്. എന്നാൽ മെഥനോളും എഥനോളും ഉപയോഗിച്ചതിലൂടെ ഏതാണ്ട് 53,894 കോടി രൂപ ലാഭിക്കാൻ കഴിയുമെന്ന് പിടിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു.
2. കരിമ്പിൽ നിന്നും ഉണ്ടാക്കുന്ന എഥനോൾ കർഷകരെയും സഹായിക്കുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഏതാണ്ട് 49,078 കോടി രൂപ അവർക്ക് ലാഭം ലഭിച്ചതായാണ് റിപ്പോർട്ടുകൾ.
3. പുനരുൽപ്പാദിപ്പിക്കാൻ കഴിയാത്ത ഗാസോലിൻ പോലെയുള്ള ഇന്ധങ്ങൾക്ക് പകരം ഇവയെ ഉപയോഗിക്കാൻ സാധിക്കും. പ്രകൃതിയ്ക്ക് യാതൊരു വിധ ദോഷവും ഇത് ഉണ്ടാക്കുന്നില്ല.
4. ഇരുചക്ര വാഹനങ്ങൾ മൂലം ഉള്ള കാർബൺ മോണോക്സൈഡിന്റെ അളവ് ഏതാണ്ട് 50 ശതമാനവും 4 ചക്ര വാഹനങ്ങളുടേത് ഏതാണ്ട് 30 ശതമാനവും വരെ കുറയ്ക്കാൻ കഴിഞ്ഞു.
5. 50 ലക്ഷം തൊഴിൽ അവസരങ്ങൾ മെഥനോൾ ഉത്പാദനത്തിലൂടെ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കർഷകർക്ക് നേട്ടം
കർഷകർക്ക് ഏതാണ്ട് 49,078 കോടിയുടെ ലാഭം ഇതിലൂടെ ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്തിന് 53,894 കോടിയും ലാഭം ഉണ്ടായി. 318 ലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് ഉത്പാദനം കുറഞ്ഞുവെന്നും പറയുന്നു.
രാജ്യത്തെ എഥനോളിന്റെ ഉദ്പ്പാദന ശേഷി 1037 കോടി ലിറ്റർ ആണ്. അതിൽ 700 കോടി ശർക്കര പാവിൽ നിന്നും 337 കോടി മറ്റ് ധാന്യങ്ങൾ മുഖേനയുമാണ്. റിപ്പോർട്ട് അനുസരിച്ച് 2022 നവംബർ അവസാനം വരെ 440 കോടി ലിറ്റർ എഥനോൾ പെട്രോളിൽ കലർത്തിയിട്ടുണ്ട്. ഇത് 540 കോടിയായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
450 മുതൽ 480 ലിറ്റർ വരെ എഥനോൾ ഒരു ടൺ അരിയിൽ നിന്നും 450 മുതൽ 460 ലിറ്റർ വരെ ഒരു ടൺ ധാന്യങ്ങളിൽ നിന്നും 380 മുതൽ 400 വരെ ചോളത്തിൽ നിന്നും 365 മുതൽ 380 വരെ ലിറ്റർ ഒരു ടൺ ബജറയിൽ നിന്നും ഉൽപാദിപ്പിക്കാൻ കഴിയും.