റിവേഴ്സ് ട്രാന്‍സ്‌ക്രിപ്ഷന്‍-പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍ടി-പിസിആര്‍) ടെസ്റ്റുകള്‍ സിക്കയും (Zika) ഡെങ്കിയും (Dengue) ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങളെ കണ്ടെത്താനും നടത്താറുണ്ട്. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആര്‍ടി-പിസിആര്‍ പരിശോധനകള്‍ നടത്തുന്ന നിരവധി പുതിയ ലബോറട്ടറികള്‍ തുറന്നതോടെ പരിശോധനകളുടെ ചെലവും റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സമയവും ഗണ്യമായി കുറഞ്ഞു. കോവിഡിന് മുമ്പുള്ള ദിവസങ്ങളില്‍ രാജ്യത്തെ 200 ലബോറട്ടറികളില്‍ മാത്രമാണ് ആര്‍ടി-പിസിആര്‍ ടെസ്റ്റുകള്‍ നടത്തിയിരുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ന് ആ സംഖ്യ ഇപ്പോള്‍ 3,000 ത്തിലധികമായി ഉയര്‍ന്നിരിക്കുന്നു.
advertisement
ആര്‍ടി-പിസിആര്‍ എന്നത് ജീവകോശങ്ങളുടെ അടിസ്ഥാന ജനിതകഘടകമായ ആര്‍എന്‍എ എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന റൈബോന്യൂക്ളിക് ആസിഡ് എന്ന ജനിതകവസ്തുവിന്റെ സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള പരിശോധനയാണ്. ആര്‍എന്‍എ എന്ന ജനിതകവസ്തുവിലെ ന്യൂക്ലിയോടൈഡ് ശ്രേണിയെ സാധാരണഗതിയില്‍ പെരുക്കിയെടുക്കാന്‍ സാധ്യമല്ലാത്തതിനാല്‍ റിവേഴ്സ് ട്രാന്‍സ്‌ക്രിപ്റ്റേയ്സ് എന്ന രാസാഗ്നി (എന്‍സൈം) ഉപയോഗിക്കുകയും, ഈ ആര്‍എന്‍എ-യില്‍ നിന്ന് അവയുടെ കോംപ്ലിമെന്ററി ഡിഎന്‍എ തന്‍മാത്രകളെ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു.
ഈ ഡിഎന്‍എ തന്‍മാത്രകളെ രാസപ്രക്രിയകളിലൂടെ അനേക കോടിയായി പെരുക്കുമ്പോള്‍ അവയില്‍ ചേര്‍ക്കുന്ന രാസാഗ്‌നികള്‍ സവിശേഷ ഫ്ളൂറസെന്‍സ് ഉത്പാദിപ്പിക്കും. ഈ ഫ്ളൂറസെന്‍സിന്റെ വിശകലനം ആര്‍ടി-പിസിആര്‍ മെഷീനിന്റെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. ഇതിലൂടെ വൈറസുകളുടെ അല്ലെങ്കില്‍ രോഗാണുവിന്റെ സാന്നിധ്യം (ആര്‍എന്‍എ ജനിതക വസ്തു) തിരിച്ചറിയാന്‍ കഴിയുന്നു.
കോവിഡ്-19, സിക്ക, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ എന്നിവ കണ്ടെത്തുന്നതിന് ഏതൊക്കെ പരിശോധനകളാണ് ഉപയോഗിക്കുന്നതെന്നും അവ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും മനസിലാക്കാന്‍ ന്യൂസ്18.കോം മെഡിക്കല്‍ വിദഗ്ധരുമായി സംസാരിക്കുകയുണ്ടായി. ലഭിച്ച വിവരങ്ങള്‍ ഇവിടെ നല്‍കുന്നു:
ആര്‍ടി-പിസിആര്‍ ടെസ്റ്റുകള്‍
അണു പരിശോധന അല്ലെങ്കില്‍ ആര്‍ടി-പിസിആര്‍ സാങ്കേതികവിദ്യയ്ക്ക് കീഴില്‍ ആദ്യം രക്ത സാമ്പിളുകളില്‍ നിന്നോ മൂക്ക് അല്ലെങ്കില്‍ തൊണ്ടയിലെ സ്രവങ്ങളില്‍ നിന്നോ വൈറസിനെ വേര്‍തിരിച്ചെടുക്കുന്നു. വൈറസിന്റെ ജീന്‍ സീക്വന്‍സ് ഒരു ബാഹ്യ ക്രമീകരണത്തിലൂടെ പല മടങ്ങ് ഇരട്ടിപ്പിക്കാന്‍ അനുവദിക്കപ്പെടുന്നു. ശരീരത്തിലെ ചെറിയ അളവിലുള്ള വൈറസിനെപ്പോലും കണ്ടുപിടിക്കുന്ന ഈ സാങ്കേതികവിദ്യ ഒരു ഉയര്‍ന്ന നിലവാരമുള്ള പരിശോധനയായി കണക്കാക്കപ്പെടുന്നു. ഇത് വൈറസിനെ നേരത്തെ തന്നെ കണ്ടെത്താന്‍ സഹായിക്കുന്നു. കൂടാതെ ഈ ടെസ്റ്റിന് ശേഷം 2-4 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ടുകളും ലഭ്യമാകും.
ശരീരത്തില്‍ രോഗാണുക്കള്‍ പ്രവേശിച്ചതിന്റെ ആദ്യ രണ്ടോ മൂന്നോ ദിവസങ്ങളില്‍ വൈറസിന്റെ സാന്നിധ്യം രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാത്തത്ര ചെറുതായിരിക്കും. ഈ വൈറസുകളോ രോഗകാരികളോ ഓരോ മണിക്കൂറിലും പെരുകുമ്പോഴാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. സാധാരണ ഗതിയില്‍ അങ്ങനെ സംഭവിക്കാന്‍ രോഗാണുകള്‍ ശരീരത്തില്‍ കടന്ന് 5 മുതല്‍ 7 ദിവസം വരെ സമയമെടുക്കും.
''ഇതുവരെയുള്ളതില്‍ മിക്ക വൈറസുകളും കണ്ടെത്തുന്നതിനുള്ള ഏറ്റവും മികച്ച സാങ്കേതികവിദ്യ മോളിക്യുലാര്‍ ടെസ്റ്റിംഗ് എന്നും അറിയപ്പെടുന്ന ആര്‍ടി-പിസിആര്‍ പരിശോധനയാണ്. ഈ പരിശോധനകള്‍ സ്ഥിരീകരണ സ്വഭാവമുള്ളതായി കണക്കാക്കപ്പെടുകയും സാധാരണയായി 2-4 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ടുകള്‍ ലഭിക്കുകയും ചെയ്യുന്നു. സിക്ക പോലുള്ള മറ്റ് പല രോഗങ്ങള്‍ക്കും ഈ പരിശോധന നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ പരിശോധനയുടെ ലഭ്യത ഗണ്യമായി വര്‍ദ്ധിച്ചു,'' ന്യൂബര്‍ഗ് ഡയഗ്നോസ്റ്റിക്‌സിലെ ലാബ് സേവനങ്ങളുടെ ചീഫ് ഡോ. അമൃത സിംഗ് പറഞ്ഞു.
ട്രുനാറ്റ് (TrueNat),സിബിഎന്‍എഎടി (CBNAAT) ടെസ്റ്റുകളും സമാന സാങ്കേതികവിദ്യകളാണെങ്കിലും, ഫലങ്ങള്‍ സൃഷ്ടിക്കാന്‍ 1.5 മണിക്കൂര്‍ വരെ സമയമെടുക്കും. എന്നാല്‍ ആ മെഷീന് ഒറ്റയടിക്ക് രണ്ട് സാമ്പിളുകള്‍ മാത്രമേ ലോഡ് ചെയ്യാന്‍ കഴിയൂ. അതേസമയം ആര്‍ടി-പിസിആര്‍ മെഷീന്‍ ഒരു റൗണ്ടില്‍ 40 മുതല്‍ 400 വരെ സാമ്പിളുകള്‍ പ്രോസസ്സ് ചെയ്യുന്നു.
പൂനെ ആസ്ഥാനമായുള്ള മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക്സ് സ്ഥാപനമായ മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സിലെ മെഡിക്കല്‍ അഫയേഴ്സ് ഡയറക്ടര്‍ ഡോ.ഗൗതം വാങ്കഡെ പറയുന്നതനുസരിച്ച്, ''കോവിഡ് -19 പകര്‍ച്ചവ്യാധിയായതിനാലും മാരകമായേക്കാവുന്നതിനാലും അത് എത്രയും നേരത്തെ കണ്ടെത്തുക എന്നത് പ്രധാനമാണ്. അതിനാല്‍, കൊവിഡ്-19 കണ്ടുപിടിക്കാന്‍ ആര്‍ടി-പിസിആര്‍ ആണ് അഭികാമ്യമായ മാര്‍ഗ്ഗം.''
''സിക്ക വൈറസ് കണ്ടെത്തുന്നതിന്, ആര്‍ടി-പിസിആര്‍ ആണ് അഭികാമ്യമായ മാര്‍ഗ്ഗം. സിക്കയുടെ സീറോളജിക്കല്‍ രോഗനിര്‍ണയം ബുദ്ധിമുട്ടാണെങ്കിലും, പിസിആര്‍ അടിസ്ഥാനമാക്കിയുള്ള ന്യൂക്ലിക് ആസിഡ് കണ്ടെത്തല്‍ നിര്‍ദ്ദേശിക്കപ്പെടുന്ന ഒരു രീതിയാണ്. ആന്റിബോഡി പരിശോധനകള്‍ പോലും വിശ്വസനീയമായ ഫലങ്ങള്‍ നല്‍കാറില്ല, കാരണം ഡെങ്കിപ്പനി പോലുള്ള ഒരേ കുടുംബത്തിലെ മറ്റ് വൈറസുകളുമായി അവ ക്രോസ്-റിയാക്ടു ചെയ്യുന്നു. പരിശോധനകള്‍ക്ക് ചെലവ് കൂടുതലായതിനാലും അധികം ലാബുകള്‍ ഈ പരിശോധനകള്‍ നടത്താത്തതിനാലും നേരത്തെ പരിമിതികളുണ്ടായിരുന്നു. എന്നാല്‍, കോവിഡ് -19വ്യാപനത്തിന് ശേഷം നമുക്ക് ഇപ്പോള്‍ ഇന്ത്യയില്‍ മൂവായിരത്തിലധികം ലാബുകള്‍ ഉണ്ട്. കോവിഡിന് മുമ്പുള്ള കാലത്ത് 200 ലാബുകള്‍ മാത്രമായിരുന്നു ഈ ടെസ്റ്റുകള്‍ നടത്തിയിരുന്നത്.'' വാങ്കഡെ പറഞ്ഞു.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ചിക്കുന്‍ഗുനിയ നേരത്തെ തന്നെകണ്ടെത്തുന്നതിനും ആര്‍ടി-പിസിആര്‍ പരിശോധന നടത്തുന്നു.
ആര്‍എന്‍എയുടെ സാന്നിധ്യം പരിശോധിക്കുക, ഇവയിലെ ന്യൂക്ലിയോടൈഡ് ശ്രേണി ഏതെന്ന് തിരിച്ചറിയുക, തന്‍മാത്രാ ക്ലോണിംഗ് നടത്തുക എന്നിവയാണ് സാധാരണ ആര്‍ടി-പിസിആര്‍ വഴി ചെയ്യുന്നത്. എന്നാല്‍ ഇതിനോടൊപ്പം വൈറസിന്റെ കോംപ്ലിമെന്ററി ഡിഎന്‍എയുടെ അളവ് എത്ര എന്ന് തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ക്വാണ്ടിറ്റേറ്റീവ് പി.സി.ആര്‍ (qPCR). ഇത് റിയല്‍ ടൈം പിസിആര്‍ എന്നും അറിയപ്പെടുന്നു. ഇത്തരം പല പ്രയോജനങ്ങളും ആര്‍ടി-പിസിആര്‍ പരിശോധനയിലൂടെ ലഭിക്കും. നിരവധി ആര്‍ടി-പിസിആര്‍ സാങ്കേതികവിദ്യകള്‍ നിലവിലുണ്ട്. പോളിമേറേയ്സ് ചെയിന്‍ റിയാക്ഷന്‍ (PCR - Polymerase chain reaction), റിവേഴ്സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമെറേയ്സ് ചെയിന്‍ റിയാക്ഷന്‍ (RT-PCR - Reverse transcription polymerase chain reaction), റിയല്‍ ടൈം പോളിമെറേയ്സ് ചെയിന്‍ റിയാക്ഷന്‍ (qPCR - Real-time polymerase chain reaction), ആര്‍ടി - പിസിആര്‍ / ക്യൂ പിസിആര്‍ സംയോജിത സാങ്കേതികത (qRT-PCR - RT-PCR / qPCR combined technique) എന്നിവ അതില്‍ ഉള്‍പ്പെടുന്നു.
റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ്
റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ (RAT - Rapid Antigen Test), മനുഷ്യശരീരത്തില്‍ നിന്നുള്ള ടിഷ്യു മനുഷ്യനിര്‍മ്മിതമായതോ സിന്തറ്റിക്കോ ആയ ആന്റിബോഡി ഉപയോഗിച്ച് പരിശോധിക്കുന്നു.''ഉദാഹരണത്തിന്, സാമ്പിളില്‍ സമാനമായ വൈറസ് ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ കോവിഡ് -19 സാമ്പിളില്‍ കോവിഡ് -19 സിന്തറ്റിക് ആന്റിബോഡി ഉപയോഗിക്കും. എന്നിരുന്നാലും, ഈ പരിശോധനയ്ക്ക് പോസിറ്റീവ് ആകാന്‍ ഒരു നിശ്ചിത എണ്ണം വൈറസ് കണികകള്‍ ആവശ്യമാണ്, അതിനാല്‍ ചില പരിശോധനകളില്‍ കൃത്യമായ ഫലം ലഭിച്ചെന്നു വരില്ല,'' വാങ്കഡെ പറഞ്ഞു.
കോവിഡ് -19 ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്കുള്ള സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച്, റാപ്പിഡ് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയരോഗിക്ക് ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയനാകേണ്ടി വരും. എന്നാല്‍ അതിന്റെ പോസിറ്റീവ് ഫലം രോഗബാധ സ്ഥിരീകരിക്കുന്നതാണ്. ഈ പരിശോധനകള്‍ ദ്രുതഗതിയിലുള്ളതും ഒരു മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കുന്നതുമാണ്. ചിലപ്പോള്‍ 15 മിനിറ്റിനുള്ളില്‍ തന്നെ ഫലം ലഭിക്കും
ഡെങ്കിപ്പനി കണ്ടെത്തുന്നതിന്, എലിസ (ELISA) രീതി ഉപയോഗിക്കാം. എന്‍സൈം-ലിങ്ക്ഡ് ഇമ്മ്യൂണോസോര്‍ബന്റ് അസ്സേ എന്നതിന്റെ ചുരുക്കമാണ് എലിസ. ഈ ടെസ്റ്റ് രക്ത സാമ്പിളിലെ ആന്റിജനും ആന്റിബോഡികളും കണ്ടെത്തുന്നു. ''ഡെങ്കിപ്പനിയില്‍, എന്‍എസ് 1 (NS1) ആന്റിജന്‍ എലിസ ആണ് ഡെങ്കി വൈറസിന്റെ ഘടനേതര പ്രോട്ടീനായ എന്‍എസ് 1 കണ്ടുപിടിക്കാന്‍ തിരഞ്ഞെടുക്കുന്ന രീതി. അണുബാധയുടെ സമയത്ത് ഈ പ്രോട്ടീന്‍ രക്തത്തിലേക്ക് സ്രവിക്കുന്നു,'' ഡോ. അമൃത സിംഗ് പറഞ്ഞു.
ആന്റിബോഡി പരിശോധനകള്‍ (Antibody tests)
മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്ന ഏതൊരു രോഗകാരിയും ആന്റിബോഡികളുടെ ഉത്പാദനത്തിന് കാരണമാകുന്നു. രക്തപരിശോധനയില്‍ ഈ ആന്റിബോഡികളുടെ കണ്ടെത്തല്‍ സമീപകാല അല്ലെങ്കില്‍ മുന്‍കാല അണുബാധയെ കാണിക്കുന്നു. എന്നിരുന്നാലും, അണുബാധ പിടിപെടുമ്പോള്‍ ശരീരം ഉടനടി ഈ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നില്ല. അതിനാല്‍, സാധാരണയായി, ഈ ടെസ്റ്റുകള്‍ വൈറസിനെ കണ്ടെത്തുന്നതിനായും മറ്റും നടത്താറില്ല.
ആന്റിബോഡി പരിശോധനകള്‍ രോഗനിര്‍ണയ ആവശ്യങ്ങള്‍ക്കായി നിര്‍ദ്ദേശിക്കപ്പെട്ടതല്ല. മറിച്ച് നിരീക്ഷണ ആവശ്യങ്ങള്‍ക്ക് മാത്രമായിട്ടുള്ളതാാണ്. രോഗനിര്‍ണ്ണയ ആവശ്യങ്ങള്‍ക്ക് ഈ ടെസ്റ്റുകള്‍ ഏറ്റവും അവസാനത്തെ നിരയില്‍ മാത്രം പരിഗണിക്കുന്നു.
ആന്റിബോഡി എലിസ ടെസ്റ്റുകള്‍ ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും കണ്ടെത്തുന്നു. പക്ഷേ, അസുഖം ബാധിച്ച് 5-7 ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് ആ ടെസ്റ്റുകള്‍ വിശ്വസനീയമായ ഫലങ്ങള്‍ കാണിക്കുക. അണുബാധ സ്ഥിരീകരിച്ചതിനുശേഷമോ വാക്സിനേഷന്‍ സ്വീകരിച്ചതിന് ശേഷമോ മാത്രമേ ഈ പരിശോധനകള്‍ പ്രയോജനപ്പെടുകയുള്ളൂ. അതിനാല്‍ ''ഈ ടെസ്റ്റുകളെ മറികടന്ന്‌മോളിക്യുലാര്‍ ടെസ്റ്റുകള്‍ (ആര്‍ടി-പിസിആര്‍) കൂടുതല്‍ വിശ്വസനീയവും ജനപ്രിയവുമാകുകയും ചെയ്തു,'' എന്ന് വാങ്കഡെ പറയുന്നു.