TRENDING:

Dr.P.Sarin|സ്വപ്നതുല്യമായ സിവിൽ സർവീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക്; പാലക്കാട് ഇടത് സ്ഥാനാർത്ഥിയാകുന്ന ഡോ. പി സരിൻ

Last Updated:

2016ലാണ് സരിന്‍ സിവില്‍ സര്‍വീസ് രാജിവെയ്ക്കുക എന്ന നിര്‍ണായക തീരുമാനം എടുക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിവിൽ സർവീസ് സ്വപ്നം കണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ലക്ഷക്കണക്കിന് പേരില്‍ ചുരുക്കം ചിലര്‍ മാത്രമായിരിക്കും ലക്ഷ്യത്തില്‍ എത്തിച്ചേരുക. എന്നാല്‍ ഇപ്പറഞ്ഞ ബാലികേറാമല ആദ്യ പരിശ്രമത്തില്‍ തന്നെ മറികടന്ന ശേഷം രാജിവച്ച് പുറത്ത് കടന്ന അപൂർവം ചിലരിൽ ഒരാളാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശി ഡോ.പി സരിന്‍
advertisement

കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിലെ അതൃപ്തി പരസ്യമാക്കിയ കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനറും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായിരുന്ന സരിനെ പാർട്ടി പുറത്താക്കിയതോടെ അദ്ദേഹത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചുള്ള തിരച്ചിൽ സൂചകങ്ങളിൽ വൻ കുതിപ്പാണ്.

തിരുവില്വാമല പകവത്ത് കുടുംബാംഗമായ സരിൻ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് 2007ലാണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. 2008 ലാണ് സിവില്‍ സർവീസ് പരീക്ഷ ആദ്യമായി എഴുതി 555 റാങ്ക് നേടി. ഇന്ത്യന്‍ അക്കൗണ്ടസ് ആൻഡ് ഓഡിറ്റ് സര്‍വീസിൽ ആദ്യ പോസ്റ്റിങ് തിരുവനന്തപുരത്ത്. പിന്നെ നാലു വര്‍ഷം കർണ്ണാടകത്തിൽ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ ആയി.

advertisement

2016ലാണ് സരിന്‍ സിവില്‍ സര്‍വീസ് രാജിവെയ്ക്കുക എന്ന നിര്‍ണായക തീരുമാനം എടുക്കുന്നത്. എട്ടു വര്‍ഷത്തെ സര്‍വീസ് ജീവിതത്തിനൊടുവിൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്ന സരിൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ (2021 ) ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി. സിപിഎമ്മിലെ പ്രേംകുമാറിനോട് 15,152 വോട്ടുകൾക്ക് പരാജയപ്പെട്ടു.

തുടർന്ന് എൽഎൽബി പഠനത്തിനുള്ള പ്രവേശന പരീക്ഷയിൽ സംസ്ഥാന തലത്തിൽ പത്താം റാങ്ക് നേടി സരിൻ എറണാകുളത്തെ സർക്കാർ ലോ കോളജിൽ 3 വർഷത്തെ പഠനത്തിനു ചേർന്നു. 2023 ൽ ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ കോ​ൺഗ്രസിൽ നിന്ന് രാജിവച്ച അനിൽ ആന്റണിക്കു പകരക്കാരനായാണ് കെപിസിസി ഡിജിറ്റൽ മീഡിയ ചുമതലയിൽ ഡോ.പി.സരിനെത്തിയത്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്‍റെ ഗവേഷണ വിഭാഗത്തിലും ഐടി സെല്ലിലും സരിന്‍ പ്രവര്‍ത്തിച്ചിരുന്നു.

advertisement

കലാകാരി കൂടിയായ ഡോ. സൗമ്യയാണ് സരിന്റെ ജീവിതപങ്കാളി. സ്കൂൾ പഠന കാലത്ത് മൂന്ന് തവണ പാലക്കാട് ജില്ലാ കലാതിലകം ആയിരുന്നു. നൃത്തത്തിലും സംഗീതത്തിലും മികവ് തെളിയിച്ചിട്ടുണ്ട്. സി.എ.എ സമരകാലത്ത് ഡോ. സൗമ്യയും ഡോ. സരിനും ചേർന്ന് വീടിനു മുന്നിൽ വെച്ച ബോർഡ് വൈറൽ ആയിരുന്നു. ഇരുവരുടെയും പേരിനൊപ്പം 'പരിശോധനയും നിർദ്ദേശങ്ങളും ഭരണഘടനയിലുള്ള വിശ്വാസത്തിന് വിധേയമായിരിക്കും' എന്നാണ് ബോർഡിൽ എഴുതിയിരുന്നത്. #INDIANS, #REPEALCAA, #NONRC തുടങ്ങിയ ഹാഷ്ടാഗുകളും കൂടി ചേർത്തിരുന്നു.

എന്നാൽ മെഡിക്കൽ എത്തിക്സിന് എതിരാണ് നെയിം ബോർഡിലെ പരാമർശങ്ങളെന്നും രാഷ്ട്രീയവും തൊഴിലും കൂട്ടിക്കുഴയ്ക്കരുതെന്നും വിമർശനം ഉയർന്നു. പൗരത്വ ഭേദഗതിയേയും എൻആർസിയേയും എതിർക്കുന്നവർക്കെ ചികിത്സ നൽകൂവെന്നാണ് ഇവർ പറഞ്ഞതെന്നും സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടന്നു. ഇപ്പോൾ യുഎഇയിൽ പ്രാക്റ്റീസ് ചെയ്യുകയാണ് ഡോ. സൗമ്യ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Explained/
Dr.P.Sarin|സ്വപ്നതുല്യമായ സിവിൽ സർവീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക്; പാലക്കാട് ഇടത് സ്ഥാനാർത്ഥിയാകുന്ന ഡോ. പി സരിൻ
Open in App
Home
Video
Impact Shorts
Web Stories