കോവിഡ് പശ്ചാത്തലത്തില്‍ കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുയരുന്ന വിവിധ സംശയങ്ങൾക്ക് മറുപടി നൽകി ഡോക്ടർമാർ. ബ്ലാക്ക് ഫംഗസ് കുട്ടികളിൽ അപകടകരമാണോ? കോവിഡ് മൂന്നാം തരംഗം കുഞ്ഞുങ്ങളെ ബാധിക്കുമോ? തുടങ്ങി നിരവധി ആശങ്കകൾക്ക് വിശദമായി തന്നെ മറുപടി നൽകുന്നുണ്ട്.
കുട്ടികൾ വാക്സിനേഷന് യോഗ്യരാകുന്നതുവരെ, നമുക്ക് അവരെ എങ്ങനെ സംരക്ഷിക്കാം?
കുട്ടികളിൽ നടത്തുന്ന ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. ഇവയുടെ ഫലങ്ങളും ശുപാർശകളും ഉടൻ പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ കുടുംബത്തിലെ മുതിർന്നവർക്ക് കുട്ടികളെ കോവിഡ് 19 ൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള വലിയ ഉത്തരവാദിത്തമുണ്ട്. രണ്ടാമതായി, 2 വയസ്സിന് മുകളിലുള്ള കുട്ടികളെ മാസ്ക് ധരിപ്പിക്കാനും കൂട്ടുകാർക്ക് ഒപ്പം കളിക്കുന്നത് ഒഴിവാക്കാനും കഴിയും. രോഗപ്രതിരോധ ശേഷി നിലനിർത്താൻ കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകണം.
advertisement
കുട്ടികളിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ആദ്യകാല കോവിഡ് ലക്ഷണങ്ങൾ എന്തെങ്കിലുമുണ്ടോ? എപ്പോഴാണ് ജാഗ്രത പാലിക്കേണ്ടത്?
മിക്ക കുട്ടികൾക്കും നേരിയ പനി, ചുമ, ഛർദ്ദി, തൊണ്ടവേദന, ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കും. സാധാരണ ജലദോഷത്തിന്റെയും പനിയുടെയും ലക്ഷണങ്ങളാണിവ. ശിശുരോഗവിദഗ്ദ്ധരുടെ മാർഗ്ഗനിർദ്ദേശത്തിൽ പാരസെറ്റമോൾ, മറ്റ് ലളിതമായ മരുന്നുകൾ എന്നിവ ഉപയോഗിച്ച് രോഗലക്ഷണങ്ങൾ ചികിത്സിക്കാം. ഡോക്ടറുമായി പങ്കിടാൻ കഴിയുന്ന ലളിതമായ ഒരു രോഗലക്ഷണ ചാർട്ട് വീട്ടിൽ സൂക്ഷിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. കുട്ടികൾക്ക് അസുഖമുള്ളപ്പോൾ ഒന്നോ രണ്ടോ ദിവസം ജോലിയിൽ നിന്ന് അവധിയെടുത്ത് മാതാപിതാക്കൾ കുട്ടികളെ ശ്രദ്ധിക്കേണ്ടതാണ്.
കുട്ടിയുടെ അവസ്ഥ മോശമാകുകയാണെങ്കിൽ ഉടൻ ആശുപത്രിയിൽ എത്തിക്കുക. നീണ്ടുനിൽക്കുന്നതും ഉയർന്ന താപനിലയിലുള്ളതുമായ പനി, ശ്വസന തടസ്സം, ഭക്ഷണം കഴിക്കാതെയിരിക്കുക, ഛർദ്ദി, നിർജ്ജലീകരണം, കടുത്ത വയറുവേദന, തലവേദന, ചുവന്നതും വീങ്ങിയതുമായ കണ്ണുകളും ചുണ്ടുകളും, ശരീരത്തിലെ തിണർപ്പ് എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. ഈ ലക്ഷണങ്ങൾ ശിശുരോഗവിദഗ്ദ്ധരെ എത്രയും വേഗം അറിയിക്കണം.
എന്താണ് ബ്ലാക്ക് ഫംഗസ്? കുട്ടികൾക്ക് ഈ രോഗം വരുമോ?
ബ്ലാക്ക് ഫംഗസ് അല്ലെങ്കിൽ മ്യൂക്കോമൈക്കോസിസ് ഒരു അപൂർവ ഫംഗസ് അണുബാധയാണ്. സാധാരണ രോഗപ്രതിരോധ ശേഷിയുള്ള ആരോഗ്യമുള്ള ഒരാളെ ഫംഗസിന് ബാധിക്കാനാവില്ല. രോഗപ്രതിരോധ ശേഷി കുറവുള്ളവരെ മാത്രമേ ഇത് ബാധിക്കുകയുള്ളൂ. അതിനാൽ ഈ ഫംഗസിനെ അവസരവാദ സൂക്ഷ്മാണുക്കൾ എന്നും വിളിക്കുന്നു. മുതിർന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ് ബാധിതരായ കുട്ടികളിൽ ഇവ വളരെ അപൂർവമാണ്.
വൈറസ് വായുവിലൂടെ പടരുന്നതിനാൽ കുട്ടികളെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കാമോ?
പുതിയ മാർഗ്ഗനിർദ്ദേശ പ്രകാരം 10 മീറ്റർ വരെ സ്രവ കണങ്ങളിലൂടെ അണുബാധ പകരാൻ സാധ്യതയുണ്ടെന്ന് പറയുന്നു. അതിനാൽ കുട്ടികളെ കളിസ്ഥലങ്ങളിൽ കളിക്കാൻ വിടാതിരിക്കുന്നതാണ് നല്ലത്. വീട്ടിൽ നിന്ന് പുറത്തു പോകുന്നത് പരമാവധി ഒഴിവാക്കുക. മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്. 2 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾ പൊതു ഇടങ്ങളിലും വീട്ടിൽ താമസിക്കാത്ത ആളുകൾക്കിടയിലും മാസ്‌ക് ധരിക്കണം. മാസ്ക് ഒരിയ്ക്കലും സാമൂഹിക അകൽച്ചയ്ക്ക് പകരമാവില്ല. അതുകൊണ്ട് കുറഞ്ഞത് 6 അടി ദൂരത്തിൽ എങ്കിലും നിൽക്കാൻ ശ്രദ്ധിക്കുക.
മാസ്ക് ശരിയായ രീതിയിൽ ധരിക്കേണ്ടത് എങ്ങനെയെന്ന് കുട്ടികളെ കാണിക്കേണ്ടത് പ്രധാനമാണ്. മാസ്കുകൾ മൂക്കും വായയും പൂർണ്ണമായും മൂടുകയും വിടവുകളില്ലാതെ മുഖത്തിന്റെ വശങ്ങളിൽ ഒതുങ്ങിയിരിക്കുകയും വേണം. കുട്ടികൾ താമസിക്കുന്ന വീട്ടിലെ ഒരാൾക്ക് കോവിഡ്-19 ന്റെ ലക്ഷണങ്ങൾ കാണുകയോ കോവിഡ് പോസിറ്റീവാകുകയോ ചെയ്താൽ കുട്ടികൾ വീടിനുള്ളിൽ നിർബന്ധമായും മാസ്ക് ധരിക്കണം. ഇടയ്ക്കിടെ കുറഞ്ഞത് 20 സെക്കൻഡ് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. മാസ്ക്കിൽ സ്പർശിക്കുകയോ മാസ്ക്ക് നീക്കം ചെയ്യുകയോ ചെയ്ത ശേഷം ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കണം.
കുട്ടികൾക്ക് വാക്സിൻ എപ്പോൾ ലഭ്യമാകും? അവർക്ക് രണ്ട് ഡോസുകൾ എടുക്കേണ്ടി വരുമോ?
12 വയസ്സിന് മുകളിലുള്ള കൗമാരക്കാർക്കുള്ള വാക്സിനുകൾ 2021 സെപ്റ്റംബറോടെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനുശേഷം, 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാക്സിനുകൾ ലഭിക്കാൻ ആറ് മുതൽ എട്ട് മാസം വരെ സമയം എടുക്കും. കുട്ടികൾക്കും രണ്ട് ഡോസുകൾ എടുക്കേണ്ടതുണ്ട്. ഒരു നേസൽ വാക്‌സിനായി പരീക്ഷണങ്ങൾ നടക്കുന്നുണ്ട്, ഇത് ശ്വസനനാളിയിൽ പ്രതിരോധശേഷി വർദ്ധിക്കാൻ സഹായിക്കും. അതുകൊണ്ട് തന്നെ വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്ന ഘട്ടത്തിൽ തന്നെ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കും.
കുട്ടികളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന മൂന്നാം തരംഗത്തെക്കുറിച്ച് സംസാരമുണ്ട്. വാസ്തവമെന്താണ്?
കോവിഡ് വൈറസ് കുട്ടികളെ അതിരൂക്ഷമായി ബാധിക്കുമെന്ന് വ്യക്തമായി പറയാൻ ഒരു തെളിവുകളുമില്ല. ആദ്യ തരംഗം പ്രായമായവരെയും രണ്ടാം തരംഗം മധ്യവയസ്ക്കരെയും ചെറുപ്പക്കാരെയും ബാധിച്ചു. ഈ വിഭാഗങ്ങളിൽ പലരും പ്രതിരോധശേഷി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ വിഭാഗങ്ങൾക്ക് വാക്സിനേഷന്റെ ഗുണവും ലഭിച്ചിട്ടുണ്ട്. എന്നാൽ താരതമ്യേന കൂടുതൽ അപകടസാധ്യതയുള്ള 18 വയസ്സിൽ താഴെയുള്ള കുട്ടികളിൽ ഇതുവരെ ഇത് കാര്യമായി ബാധിക്കപ്പെട്ടിട്ടില്ല. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 40 ശതമാനം ഈ വിഭാഗത്തിൽ പെടുന്നതിനാൽ, മൂന്നാമത്തെ തരംഗമുണ്ടെങ്കിൽ അത് കുട്ടികൾക്കിടയിൽ വ്യാപിക്കാൻ സാധ്യതയുണ്ട്.
കുട്ടി ഇതിനകം രോഗബാധിതനായി സുഖം പ്രാപിച്ചിട്ടുണ്ടെങ്കിൽ, പ്രതിരോധശേഷി എത്രത്തോളം നിലനിൽക്കും?
കോവിഡ് അണുബാധയ്ക്കു ശേഷമുള്ള രോഗപ്രതിരോധം ആറുമാസം മുതൽ പതിറ്റാണ്ടുകൾ വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൃത്യമായ പരിരക്ഷയുടെ ദൈർഘ്യം ഇപ്പോഴും വ്യക്തമല്ല.
ഏത് തരത്തിലുള്ള ഭക്ഷണങ്ങളാണ് കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നത്?
ഇരുമ്പ്, മൾട്ടി വൈറ്റമിനുകൾ, മറ്റ് മൈക്രോ ന്യൂട്രിയന്റുകൾ എന്നിവ അടങ്ങുന്ന സമീകൃതവും പോഷകസമൃദ്ധവുമായ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. നല്ല ഉറക്കവും ശാരീരിക പ്രവർത്തനങ്ങളും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കുട്ടികൾ വീട്ടിലായിരിക്കുമ്പോൾ ആരോഗ്യവാനും ആക്ടീവാണെന്നും മാതാപിതാക്കൾക്ക് എങ്ങനെ ഉറപ്പാക്കാനാകും?
കുട്ടികൾ നന്നായി ഭക്ഷണം കഴിക്കുകയും പതിവായി വ്യായാമം ചെയ്യുകയും വേണം. ഇതിനായി ഒരു ഷെഡ്യൂൾ പിന്തുടരുന്നതാണ് നല്ലത്. ഷെഡ്യൂളിൽ കുട്ടിയുടെ ദൈനംദിന വ്യക്തിഗത ജോലികളും അവരുടെ പ്രായത്തിന് അനുയോജ്യമായ വീട്ടുജോലികളും ഉൾപ്പെടുത്തണം. ചെറിയ രീതിയിൽ, വീട്ടു ജോലികൾ ചെയ്യുന്ന കുട്ടികളെ തീർച്ചയായും അഭിനന്ദിക്കണം. വീട്ടിൽ കുട്ടികൾക്കായി ഒരു ചെറിയ സ്ഥലം ഒരുക്കുക. അവിടം അവർക്ക് പെയിന്റ് ചെയ്യാനും പസിൽ കളിക്കാനും പുസ്തകം വായിക്കാനും നൃത്തം ചെയ്യാനുമുള്ള ഇടമായിരിക്കണം. വാക്സിനുകൾ കുട്ടികളെ അണുബാധയിൽ നിന്ന് തടയുന്നതിനാൽ ഷെഡ്യൂൾ അനുസരിച്ച് വാക്സിനുകൾ സ്വീകരിക്കേണ്ടതാണ്. ഇത് അസുഖങ്ങൾ കുറയ്ക്കാൻ സഹായിക്കും. പ്രത്യേകിച്ച് മഴക്കാലത്ത്.