70 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വ്യാപിക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് വിലയിരുത്തപ്പെടുന്നു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടനപത്രികയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പ്രഖ്യാപിച്ചത്.
ആയുഷ്മാന്‍ പദ്ധതിക്ക് കീഴില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരില്‍ 24 ശതമാനം പേരും മുതിര്‍ന്ന പൗരന്മാര്‍ ആണെന്നത് ഈ പരിരക്ഷ അവര്‍ക്ക് അനിവാര്യമാണെന്ന കാര്യം ചൂണ്ടിക്കാട്ടുന്നു. പദ്ധതിക്കു കീഴില്‍ ഇതുവരെ ഒരു കോടിയിലധികം മുതിര്‍ന്ന പൗരന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
advertisement
70 വയസ്സും അതിനു മുകളിലും പ്രായമുള്ള ആറ് കോടിയോളം പൗരന്മാരാണ് രാജ്യത്തുള്ളത്. അവരുള്‍പ്പെടുന്ന 4.5 കോടി കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരരിക്ഷ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി സഭയുടെ ഏറ്റവും പുതിയ തീരുമാനത്തില്‍ വ്യക്തമാക്കുന്നു.
എന്തുകൊണ്ട് പ്രധാന്യമര്‍ഹിക്കുന്നു?
ഇക്കാര്യം പ്രകടനപത്രികയില്‍ ഉള്‍പ്പെടുന്നതിന് മുമ്പ് ബിജെപി വ്യാപകമായി പൊതുജനാഭിപ്രായം തേടിയിരുന്നു. 70 വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് അസുഖം വന്നാലോ കിടപ്പിലായാലോ അവരെ കുടുംബാംഗങ്ങള്‍ ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും ഈ വയോജനങ്ങള്‍ക്ക് തങ്ങളുടെ ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്താന്‍ മാര്‍ഗമുണ്ടാകില്ല.
രാജ്യത്തെ ഭൂരിഭാഗം ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും 70 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്നില്ല. ഇനി അഥവാ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്താല്‍ തന്നെ ഉയര്‍ന്ന തുക പ്രീമിയമായി ഈടാക്കുന്നു. ഇത് ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല. ഏറ്റവും കൂടുതല്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആവശ്യമുള്ളത് 70 വയസ്സിന് മുകളിലുള്ളവര്‍ക്കാണെന്ന് ആയുഷ്മാന്‍ ഭാരതിന് കീഴിലുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
കാരണം അവര്‍ക്ക് അസുഖം പിടിപെടാനുള്ള സാധ്യത വളരെയധികമാണ്. അവരില്‍ വലിയൊരു ശതമാനം ആളുകളും ഹൃദ്രോഗം, വൃക്കരോഗങ്ങള്‍, ശ്വാസകോശ, മസ്തിഷ്‌ക രോഗങ്ങള്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്. ആയുഷ്മാന്‍ ഭാരതിന് കീഴില്‍കൂടുതല്‍ ക്ലെയിമുകള്‍ നടക്കുന്നത് ഡയാലിസിസിന് വേണ്ടിയാണ്.
കോവിഡ് 19ന് ശേഷം 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ പ്രതിരോധ ശേഷി കൂടുതല്‍ ദുര്‍ബലമായതിനാല്‍ പെട്ടെന്ന് രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഇടത്തരം കുടുംബങ്ങള്‍ക്ക് പ്രായമായവരുടെ ചികിത്സ തങ്ങളുടെ ബജറ്റിനെ താളംതെറ്റിക്കുന്നതാണ്. കേന്ദ്രമന്ത്രിസഭയുടെ ഏറ്റവും പുതിയ തീരുമാനം പ്രകാരം 70 വയസ്സിനും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ തന്നെ ആയുഷ്മാന്‍ ഭാരതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്.
ആയുഷ്മാന്‍ ഭാരതിന് കീഴില്‍ ഇതിനകം ഉള്‍പ്പെട്ട കുടുംബങ്ങളിലെ 70 വയസ്സും അതിനുമുകളിലും പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപവരെ അധിക ടോപ് അപ്പ് പരിരക്ഷ ലഭിക്കും. ഇത് കുടുംബത്തിലെ മറ്റ് അംഗങ്ങളുമായി പങ്കിടേണ്ടതില്ല. കേന്ദ്ര ഗവണ്‍മെന്റ് ഹെല്‍ത്ത് സ്‌കീം (സിജിഎച്ച്എസ്), എക്‌സ്-സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം (ഇസിഎച്ച്എസ്), ആയുഷ്മാന്‍ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്) തുടങ്ങിയ മറ്റ് പബ്ലിക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീമുകളുടെ ആനുകൂല്യങ്ങള്‍ ഇതിനകം ലഭിക്കുന്ന 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് താത്പര്യമെങ്കില്‍ ഈ പദ്ധതിയില്‍ ചേരാവുന്നതാണ്.
അവരുടെ നിലവിലുള്ള പദ്ധതി തിരഞ്ഞെടുക്കുകയോ അല്ലെങ്കില്‍ ആയുഷ്മാന്‍ ഭാരത് തിരഞ്ഞെടുക്കുകയോ ചെയ്യാം. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കോ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പദ്ധതിക്കോ കീഴിലുള്ള 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ആയുഷ്മാന്‍ ഭാരതിന് കീഴില്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.