2010 ഡിസംബറിലാണ് നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. 1989 ലെ ഒത്തുതീർപ്പിന്റെ സമയത്ത് മനുഷ്യ ജീവനും പരിസ്ഥിതിക്കും സംഭവിച്ച യഥാർത്ഥ നാശത്തിന്റെ തോത് ശരിയായി വിലയിരുത്താൻ കഴിഞ്ഞില്ല എന്നും കേന്ദ്രം വാദിച്ചു. യൂണിയൻ കാർബൈഡിനു വേണ്ടി അഭിഭാഷകൻ ഹരീഷ് സാൽവെ ആണ് സുപ്രീംകോടതിയിൽ വാദിച്ചത്.
advertisement
ഭോപ്പാൽ വാതക ദുരന്തം: സംഭവിച്ചതെന്ത്?
ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിലൊന്നാണ് ഭോപ്പാൽ വാതക ദുരന്തം. 1984 ഡിസംബർ രണ്ടിനു രാത്രി ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ നിന്ന് വിഷകരമായ മീഥൈൽ ഐസോസയനേറ്റ് വാതകം ചോർന്നതിനെ തുടർന്ന് 5,295-ലധികം ആളുകൾ കൊല്ലപ്പെടുകയും 5,68,292 പേർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു.
ആറു ലക്ഷത്തോളം ആളുകളെയാണ് ഈ ദുരന്തം ബാധിച്ചത്. ഇതു കൂടാതെ ഗുരുതരമായ പാരിസ്ഥിതിക നാശത്തിനും ഭോപ്പാൽ വാതകദുരന്തം കാരണമായി. മനുഷ്യർക്കു പുറമേ നിരവധി കന്നുകാലികളും ചത്തൊടുങ്ങി. 120,000-ലധികം ആളുകൾ ഇപ്പോഴും ഈ അപകടവുമായി ബന്ധപ്പെട്ട അസുഖങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അന്ധത, ശ്വാസതടസം, ഗൈനക്കോളജിക്കൽ ഡിസോർഡേഴ്സ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ദുരന്തം സംഭവിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്ലാന്റിന്റെ സമീപ പ്രദേശങ്ങളിലെ മരങ്ങളിലെയെല്ലാം ഇലകൾ പൊഴിഞ്ഞു. മൃഗങ്ങൾ പലതും ചത്തു. ആളുകൾ ഛർദ്ദിയും ചുമയുമായി തെരുവുകളിൽ ഓടി നടന്ന കാഴ്ച അത്യന്തം ദയനീയമായിരുന്നു. പെട്ടെന്നുള്ള ദുരന്തത്തെത്തുടർന്ന് നഗരത്തിലെ ശ്മശാനങ്ങളും നിറഞ്ഞു. കീടനാശിനികളുടെ നിർമാണത്തിനായാണ് മീഥൈൽ ഐസോസയനേറ്റ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഇത് ഇപ്പോൾ ഉപയോഗത്തിലില്ല.
വാറൻ ആൻഡേഴ്സൺ
യൂണിയൻ കാർബൈഡ് കമ്പനിയുടെ അന്നത്തെ ചെയർമാനായിരുന്ന വാറൻ ആൻഡേഴ്സൺ ആയിരുന്നു ഈ കേസിലെ മുഖ്യപ്രതി. പക്ഷേ, ആന്ഡഡേഴ്സൺ വിചാരണയ്ക്ക് ഹാജരായില്ല. വാറൻ ആൻഡേഴ്സൺ ഒളിവിൽ കഴിയുകയാണെന്ന് 1992 ഫെബ്രുവരി ഒന്നിന് ഭോപ്പാൽ സിജെഎം കോടതി പ്രഖ്യാപിച്ചു. 1992 ലും 2014 ലും രണ്ട് തവണ ഭോപ്പാലിലെ കോടതികൾ ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ടുകൾ പുറപ്പെടുവിച്ചു. 2014 സെപ്റ്റംബറിലാണ് വാറൻ ആൻഡേഴ്സൺ മരിച്ചത്.
ഭോപ്പാലിലെ വാതക ദുരന്തത്തെ അതിജീവിച്ച 102-ലധികം പേർ 2019 ഡിസംബർ വരെയുള്ള കാലയളവിനിടെ മരിച്ചെന്ന് മധ്യപ്രദേശ് സർക്കാര്‍ അറിയിച്ചിരുന്നു. എന്നാൽ ഈ കണക്ക് ഏകദേശം 254 ആണെന്ന് ചില എൻജിഒകൾ പറയുന്നു.