1984-ലെ ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഇരകൾക്ക് യൂണിയൻ കാർബൈഡിൽ നിന്ന് അധിക നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേന്ദ്രസർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, അഭയ് എസ് ഓക്ക, വിക്രം നാഥ്, ജെ.കെ മഹേശ്വരി എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് കേന്ദ്രസർക്കാർ നൽകിയ തിരുത്തൽ ഹർജി തള്ളിയത്. നഷ്ടപരിഹാരം സംബന്ധിച്ച വിഷയം ഉന്നയിച്ചുകൊണ്ട് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം കേസ് വീണ്ടും തുറക്കുന്നതിലുള്ള അതൃപ്തിയും കോടതി അറിയിച്ചു.
2010 ഡിസംബറിൽ ആയിരുന്നു ഡൗ കെമിക്കൽസിന്റെ ഉടമസ്ഥതയിലുള്ള യൂണിയൻ കാർബൈഡ് കോർപ്പറേഷനിൽ നിന്ന് 7,400 കോടി രൂപ അധിക നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. മരണങ്ങൾ, പരിക്കുകൾ, നാശനഷ്ടങ്ങൾ എന്നിവയുടെ കണക്കുകൾ തെറ്റാണെന്നും നേരത്തെ നൽകിയ 715 കോടി രൂപ അപര്യാപ്തമാണെന്നുമായിരുന്നു വിഷയത്തിൽ കേന്ദ്രത്തിന്റെ വാദം. എന്നാൽ ജനുവരിയിൽ കേന്ദ്രം നൽകിയ ഹർജിയിൽ വാദം കേൾക്കാൻ തുടങ്ങിയ സുപ്രീം കോടതി ഒത്തുതീർപ്പിൽ പുനഃപരിശോധനാ ഹർജി നൽകാത്തതിനെ ചോദ്യം ചെയ്തിരുന്നു.
കൂടാതെ 1989-ൽ തങ്ങളുടെ ക്ലയന്റും ഇന്ത്യാ ഗവൺമെന്റും സമ്മതിച്ച സെറ്റിൽമെന്റ് തുകയ്ക്ക് അപ്പുറം യുസിസിയോട് അധിക നഷ്ടപരിഹാരം ആവശ്യപ്പെടാനാവില്ലെന്ന് കമ്പനിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെയും സിദ്ധാർത്ഥ് ലൂത്രയും കോടതിയിൽ വാദിക്കുകയും ചെയ്തു. അങ്ങനെ ജനുവരി 12-ന് കേന്ദ്രത്തിന്റെ തിരുത്തൽ ഹർജിയിൽ ബെഞ്ച് ഉത്തരവ് മാറ്റി വയ്ക്കുകയായിരുന്നു.
എന്നാൽ നിലവിലെ ഉത്തരവിൽ പതിറ്റാണ്ടുകൾക്ക് ശേഷം കേന്ദ്രം ഈ പ്രശ്നം വീണ്ടും ഉയർത്തിക്കാട്ടുന്നതിൽ ഒരു യുക്തിയും ഇല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കൂടാതെ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്കായി ഇൻഷുറൻസ് പോളിസി രൂപീകരിക്കാത്തതിന് കോടതി കേന്ദ്രത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. വഞ്ചനയുടെ കാര്യത്തിൽ മാത്രമേ ഒത്തുതീർപ്പ് കരാർ തള്ളിക്കളയാൻ സാധിക്കൂ എന്നും ഇവിടെ അത്തരത്തിൽ ഒരു വാദം സർക്കാറിനു പോലുമില്ല എന്നും കോടതി പറഞ്ഞു.
അതേസമയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പക്കൽ കിടക്കുന്ന 50 കോടി രൂപ തീർപ്പുകൽപ്പിക്കാത്ത ക്ലെയിമുകളിൽ തൃപ്തികരമായ നടപടിയെടുക്കാൻ സർക്കാരിന് ഉപയോഗിക്കാമെന്നും കോടതി അറിയിച്ചു. 1984 ഡിസംബർ 2 നും 3 നും ഇടയ്ക്കുള്ള രാത്രിയിൽ മധ്യപ്രദേശ് തലസ്ഥാനത്തെ അമേരിക്കൻ കമ്പനിയായ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ നിന്ന് ഉഗ്രവിഷമുള്ള മീഥൈൽ ഐസോസയനേറ്റ് വാതക ചോർച്ചയിൽ മൂവായിരത്തിലധികം പേർ മരിക്കുകയും നിരവധി ആളുകളെ ഈ ദുരന്തം ബാധിക്കുകയും ചെയ്തു. ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകൾക്ക് ഈ വാതക ദുരന്തം മൂലം പരിക്കുകളുണ്ടാക്കി.
അന്ന് ഇന്ത്യൻ സർക്കാർ യൂണിയൻ കാർബൈഡിനെതിരെ കേസ് കൊടുക്കുകയും തുടർന്ന് കമ്പനി 470 മില്യൺ ഡോളർ (ഏകദേശം 715 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ സമ്മതിക്കുകയും ചെയ്തു. എന്നാൽ വാതക ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ആയിരക്കണക്കിന് ആളുകൾ ഇന്നും അർബുദം, ശ്വാസകോശ രോഗങ്ങൾ, അന്ധത, വിഷവാതകത്തിന്റെ ഇപ്പോഴും വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയും പേറി ജീവിതം മുന്നോട്ടു നീക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.