ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡെന്ന പേരിലുള്ള കമ്പനിയാണ് ഏറ്റവും കൂടുതൽ തുകയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു. സാന്റിയാഗോ മാർട്ടിന്റെ നേതൃത്വത്തിലുള്ള ഈ സ്ഥാപനം ഇലക്ടറൽ ബോണ്ടുകൾ വഴി 1368 കോടി രൂപയുടെ സംഭാവനയാണ് നൽകിയത്. 1000 കോടി രൂപയിലധികം സംഭാവന നൽകിയ ഏക സ്ഥാപനവുമാണിത്.
ആരാണ് സാന്റിയാഗോ മാർട്ടിൻ? ഇയാൾ ലോട്ടറി രാജാവ് എന്ന് അറിയപ്പെടുന്നത് എന്തുകൊണ്ടാണ്? ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെക്കുറിച്ച് എന്തൊക്കെ അറിയാം?
advertisement
സാന്റിയാഗോ മാർട്ടിന്റെ ജീവിതം?
മാർട്ടിൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനും സ്ഥാപകനുമാണ് സാന്റിയാഗോ മാർട്ടിൻ എന്ന് മാർട്ടിൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ വെബ്‌സൈറ്റിൽ പറയുന്നു. 13-ാം വയസ്സിലാണ് സാന്റിയാഗോ മാർട്ടിൻ ലോട്ടറി ബിസിനസിലേക്ക് വരുന്നത്. 'ഇന്ത്യയുടെ ലോട്ടറി രാജാവ്' എന്ന് അറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഇന്നത്തെ വളർച്ച ശ്രദ്ധേയമാണ്.
മ്യാൻമറിലെ യാങ്കൂണിൽ ഒരു തൊഴിലാളിയായിട്ടായിരുന്നു കരിയറിലെ തുടക്കം. 1988ലാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ആ സമയത്താണ് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ മാർട്ടിൻ ലോട്ടറി ഏജൻസീസ് ലിമിറ്റഡ് എന്ന പേരിൽ ലോട്ടറി ബിസിനസ് ആരംഭിച്ചത്. വൈകാതെ തന്നെ അദ്ദേഹത്തിന് ലോട്ടറി മാർട്ടിൻ എന്ന ഇരട്ടപ്പേര് വീണു. വരും വർഷങ്ങളിൽ മാർട്ടിൻ തന്റെ ബിസിനസ് കർണാടക, കേരളം, വടക്ക് കിഴക്ക് സംസ്ഥാനങ്ങൾ എന്നിവടങ്ങളിലേക്ക് വ്യാപിപ്പിച്ചു.
വൈകാതെ തന്നെ റിയൽ എസ്റ്റേറ്റ്, നിർമാണം, ഓൾട്ടർനേറ്റീവ് എനർജി, ടെലിവിഷൻ, ടെക്‌സ്റ്റൈൽസ്, ഹോസ്പിറ്റാലിറ്റി, ആരോഗ്യരംഗം, വിദ്യാഭ്യാസം, സോഫ്റ്റ് വെയർ, സാങ്കേതികവിദ്യ, പ്രോപ്പർട്ടി ഡെവലപ്‌മെന്റ്, കൃഷി, ഓൺലൈൻ ഗെയിമിങ്, കാസിനോ, കെട്ടിട നിർമാണ സാമഗ്രികൾ എന്നിവടങ്ങളിലേക്ക് തന്റെ സാമ്രാജ്യം വികസിപ്പിച്ചു.
ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ വ്യക്തിപരമായ അപ്പസ്‌തോലിക അനുഗ്രഹം മാർട്ടിനും കുടുംബത്തിനും ലഭിച്ചിട്ടുണ്ടെന്ന് വെബ്‌സൈറ്റിൽ പറയുന്നു. ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ലോട്ടറി ട്രേഡ് ആൻഡ് അലൈഡ് ഇൻഡസ്ട്രീസിന്റെ പ്രസിഡന്റാണ് മാർട്ടിൻ എന്നും വെബ്‌സൈറ്റ് അവകാശപ്പെടുന്നു.
അരുണാചൽ പ്രദേശ്, ആസാം, ഗോവ, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, പഞ്ചാബ്, സിക്കിം, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലായി 1000ൽ പരം ആളുകളാണ് മാർട്ടിന്റെ ബിസിനസ് സാമ്രാജ്യത്തിൽ ജീവനക്കാരായി പ്രവർത്തിക്കുന്നത്.
രാഷ്ട്രീയ വിവാദങ്ങൾ
സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിക്ക് 2 കോടി രൂപ സംഭാവന നൽകിയതാണ് രാഷ്ട്രീയ അഴിമതിയുമായി ബന്ധപ്പെട്ട് മാർട്ടിനെതിരായ ആദ്യ സംഭവമെന്ന് ഇന്ത്യൻ എക്‌സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു. 2008ൽ സിക്കിം സർക്കാരിനെ കബളിപ്പിച്ചെന്ന് ആരോപണം നേരിടുന്ന സമയത്തായിരുന്നു ഇത് സംബന്ധിച്ച വിവാദം തലപൊക്കിയത്. പിണറായി വിജയനും വി എസ് അച്യുതാനന്ദനും തമ്മിൽ പാർട്ടിയിൽ ആഭ്യന്തര കലഹം നേരിടുന്ന സമയത്തായിരുന്നു ഈ സംഭാവന. പിണറായി വിജയനെ ആക്രമിക്കാനുള്ള വഴിയായി മാർട്ടിന്റെ സംഭാവനയെ അച്യുതാനന്ദൻ ഉപയോഗിച്ചു. തുടർന്ന് രണ്ട് കോടി രൂപ തിരികെ നൽകാനും ഇ പി ജയരാജനെ പത്രത്തിന്റെ പ്രസിദ്ധീകരണ വിഭാഗം ജനറൽ മാനേജർ സ്ഥാനത്ത് നിന്ന് മാറ്റാനും നിർബന്ധിതരായി.
ഏതാനും വർഷങ്ങൾക്കുള്ളിൽ തമിഴ്‌നാട്ടിലെ ഡിഎംകെ പാർട്ടിയുമായി മാർട്ടിൻ എടുത്ത ബന്ധം സ്ഥാപിച്ചു. 20 കോടി രൂപ മുതൽ മുടക്കിൽ 2011-ൽ ഇളഗ്നൻ എന്ന ചിത്രം നിർമിച്ചു. മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയായിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത്.
ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഭൂമി തട്ടിയെടുത്ത കേസിൽ മാർട്ടിനെ അറസ്റ്റു ചെയ്തിരുന്നു. എന്നാൽ, മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിൽ ഇയാൾക്ക് ജാമ്യം അനുവദിച്ചു. വിവാദങ്ങളെക്കൂടാതെ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), സിബിഐ അന്വേഷണ പരിധികളിലും മാർട്ടിൻ ഉൾപ്പെട്ടിട്ടുണ്ട്.
2019-ലാണ് ഇഡി മാർട്ടിനെതിരേ അന്വേഷണം ആരംഭിച്ചത്. 2022-ൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് 409.92 കോടി രൂപ ഇഡി പിടിച്ചെടുത്തിരുന്നു. തൊട്ടടുത്ത വർഷം 457 കോടി രൂപ കൂടി പിടിച്ചെടുത്തിരുന്നു. 2023-ൽ കോയമ്പത്തൂരിലുള്ള മാർട്ടിന്റെ വസ്തുവകകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
2020-ലാണ് മാർട്ടിന്റെ കമ്പനി ആദ്യമായി ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതെന്ന് ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ട കണക്കിൽ പറയുന്നു. 2021, 2022, 2023, 2024 ജനുവരി എന്നീ വർഷങ്ങളിലും കമ്പനി ബോണ്ടുകൾ വാങ്ങിയതായി രേഖകൾ വ്യക്തമാക്കുന്നു.