ഓക്‌സ്‌ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ പ്രസാധകരായ ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റി പ്രസ് ശേഖരിച്ച ഈ വർഷത്തെ പ്രശസ്തമായ ആറ് വാക്കുകളുടെ ചുരുക്കപ്പട്ടികയില്‍ ഒന്നാം സ്ഥാനമാണ് ബ്രെയിന്‍ റോട്ട് നേടിയെടുത്തത്. 37,000 വോട്ടുകളാണ് ബ്രെയിന്‍ റോട്ടിന് ലഭിച്ചത്.
ബ്രെയിന്‍ റോട്ടിന്റെ യഥാര്‍ത്ഥ അര്‍ത്ഥമെന്താണ്? ഈ വാക്ക് ഈ വര്‍ഷത്തെ വാക്കായി തിരഞ്ഞെടുക്കപ്പെടാന്‍ കാരണം എന്താണ്?
എന്താണ് ബ്രെയിന്‍ റോട്ട്?
ഒരു വ്യക്തിയുടെ മാനസികമോ ബൗദ്ധികമോ ആയ അവസ്ഥയുടെ അപചയമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രത്യേകിച്ച്, നിസ്സാരമോ വെല്ലുവിളി കുറഞ്ഞതോ ആയി കണക്കാക്കപ്പെടുന്ന വസ്തുക്കളുടെ (നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഉള്ളടക്കം) അമിത ഉപഭോഗത്തിന്റെ ഫലമായാണ് ഇത് കാണുന്നത്.
advertisement
ലളിതമായി പറഞ്ഞാല്‍, ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിന്റെ- ഗുണനിലവാരം കുറഞ്ഞതും ബുദ്ധിശൂന്യവുമായ ഉള്ളടക്കം കാണുന്നതിന്റെയും- പ്രധാനമായും സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കുന്നതിന്റെ ഫലമായുമാണ് ഇത് സംഭവിക്കുന്നത്.
ഇത് അനുഭവിക്കുന്ന ആളുകള്‍ പലപ്പോഴും അവരുടെ ദൈനംദിനം പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ ഉള്ളടക്കത്തിന്റെ ലെന്‍സിലൂടെ അരിച്ചെടുക്കുകയാണ് ചെയ്യുന്നതെന്ന് യുഎസിലെ ഡിജിറ്റല്‍ വെല്‍നസ് ലാബിലെ ശിശുരോഗ വിദഗ്ധനും സ്ഥാപകനുമായ ഡോ. മൈക്കിള്‍ റിച്ച് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. അവര്‍ ആശയവിനിമയം നടത്തുന്നതിനെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്നു.
''എന്റെ പല സുഹൃത്തുക്കളും ബെയിന്‍ റോട്ടിനെ ഒരു ബഹുമതിയായി ആയിട്ടാണ് കാണുന്നത്. അതായത്, വീഡിയോ ഗെയിമുകളില്‍ ഉയര്‍ന്ന സ്‌കോറുകള്‍ നേടുന്നത് പോലെയാണ് അവര്‍ അതിനെ കാണുന്നത്. ഒരു വലിയ കാര്യമെന്ന മട്ടില്‍ അവര്‍ സ്‌ക്രീനില്‍ സമയം ചെലവഴിക്കാന്‍ മത്സരിക്കുന്നു,'' ഡോ. റിച്ച് പറഞ്ഞു.
ഇന്ന് ഈ പദത്തിന്റെ പ്രസക്തി വളരെ വലുതാണ്. കാരണം 2023 മുതല്‍ 2024 വരെ ഇന്റര്‍നെറ്റിന്റെ ഉപയോഗം 230 ശതമാനമാണ് ഉയര്‍ന്നത്.
ഈ വാക്കിന്റെ ജനപ്രീതി നമ്മള്‍ ജീവിക്കുന്ന കാലത്തിന്റെ ലക്ഷണമാണെന്ന് സൈക്കോളജിസ്റ്റും ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ആന്‍ഡ്രൂ പ്രസില്‍ബില്‍സ്‌കി ബിബിസിയോട് പറഞ്ഞു.
ഈ വാക്ക് നിലവില്‍ വന്നത് എപ്പോള്‍?
ഇന്റര്‍നെറ്റിന്റെ ഉപയോഗം പ്രാബല്യത്തില്‍ വരുന്നതിനും ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബ്രെയിന്‍ റോട്ട് എന്ന പദം ആദ്യമായി ഉപയോഗിച്ചത്. 1854ല്‍ ഹെന്റി ഡോവിഡ് തോറോ തന്റെ 'വാള്‍ടന്‍' (Walden) എന്ന പുസ്തകത്തിലാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്.
സങ്കീര്‍ണമായ ആശയങ്ങളെ വിലകുറച്ച് കാണിക്കുന്ന സമൂഹത്തിന്റെ പ്രവണതയെക്കുറിച്ചും ഇത് മാനസിക, ബൗദ്ധിക തലത്തിലുണ്ടാക്കുന്ന തകര്‍ച്ചയുടെ ഭാഗമാണെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.
ബ്രെയിന്‍ റോട്ട് എങ്ങനെ കൈകാര്യം ചെയ്യാം?
അമിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ പ്രശ്‌നം വിദഗ്ധര്‍ സൂക്ഷ്മമായി വീക്ഷിച്ച് വരികയാണ്. ഡിജിറ്റല്‍ ആസക്തി കുറയ്ക്കുന്നതിനുള്ള ചികിത്സാ പദ്ധതികള്‍ക്കായി ചിലര്‍ വാദിക്കുന്നു. ചില യുവാക്കള്‍ക്ക്, പ്രത്യേകിച്ച് എഡിഎച്ച്ഡി പോലെയുള്ള അവസ്ഥകള്‍ ഉള്ളവര്‍ക്ക്, ഗെയിംമിഗ് അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ആശ്വാസത്തിനുള്ള വക നല്‍കുന്നുണ്ട്.
മാതാപിതാക്കളെയും കുട്ടികളെയും മികച്ച ഓണ്‍ലൈന്‍ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നതിന് ഇന്റര്‍നെറ്റ്, ഫോണ്‍ ഉപയോഗം എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകള്‍ 'നല്ലതും ചീത്തയും' എന്നതില്‍ നിന്ന് 'ആരോഗ്യമുള്ളതും ആരോഗ്യം കുറഞ്ഞതും' എന്നതിലേക്ക് പുനര്‍നിര്‍മ്മിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഡോ. റിച്ച് പറഞ്ഞു.