വിമാനം സ്‌പെയിനിലെ അസ്റ്റൂറിയാസിലേക്ക് പറക്കാന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു അപകടം. ടാക്‌സി വേയില്‍ നിന്ന് വിമാനം റണ്‍വേയിലേക്ക് പതിയെ നീങ്ങുകയായിരുന്നു. എന്നാല്‍ വിമാനത്തിന്റെ എഞ്ചിന്‍ ഈ സമയത്ത് പൂർണമായും പ്രവര്‍ത്തന വേഗതയിലേക്ക് എത്തിയിട്ടുമില്ല.
യുവാവിനെ എഞ്ചിന്‍ വലിച്ചെടുക്കുകയായിരുന്നു. സംഭവത്തില്‍ വൊളോത്തിയ എയര്‍ലൈന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എഞ്ചിനില്‍ കുടുങ്ങിയുള്ള മരണങ്ങള്‍ വളരെ അപൂര്‍വ്വവമായി സംഭവിക്കുന്നതാണെങ്കിലും ഇതില്‍ അദ്ഭുതപ്പെടാനില്ല. ഇത്തരത്തിലെ മരണങ്ങള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2015-ല്‍ മുംബൈയിലെ ഛത്രപതി ശിവാജി വിമാനത്താവളത്തില്‍ ഒരു എയര്‍ ഇന്ത്യ ടെക്‌നീഷ്യന്‍ എഞ്ചിനില്‍ കുടുങ്ങിയിരുന്നു. 2023-ല്‍ ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ വിമാനത്താവളത്തില്‍ വിമാനത്തിന്റെ എഞ്ചിനിലേക്ക് ചാടി ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു. ജെറ്റ് എഞ്ചിനിലേക്ക് വസ്തുക്കളോ മനുഷ്യരോ വലിച്ചെടുക്കപ്പെടുന്നതിലൂടെ ഉണ്ടാകുന്ന മാരകമായ അപകട സാധ്യതകളിലേക്ക് ഈ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നു. പ്രത്യേകിച്ചും വ്യക്തികള്‍ എഞ്ചിനോട് അടുത്ത് നില്‍ക്കുമ്പോള്‍ ഇത്തരം അപകടത്തിനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്.
advertisement
ഇത്തരം സാഹചര്യത്തില്‍ ഒരു വിമാനത്തിന്റെ എഞ്ചിന് എത്രത്തോളം കരുത്തുണ്ടാകുമെന്ന് മനസ്സിലാക്കണം. അവയുടെ ഫാനുകള്‍ എത്ര വേഗത്തില്‍ കറങ്ങും, വസ്തുക്കളെ എത്ര ദൂരത്തുനിന്നുവരെ വലിച്ചെടുക്കാന്‍ കഴിയും തുടങ്ങിയ കാര്യങ്ങളും അറിയണം.
വിമാനങ്ങള്‍ പറക്കാന്‍ സഹായിക്കുന്നതിന് ഘടിപ്പിക്കുന്ന ടര്‍ബോഫാന്‍ എഞ്ചിനുകള്‍ വായു വേഗത്തില്‍ വലിച്ചെടുത്ത് ഇന്ധനവുമായി കലര്‍ത്തി മര്‍ദ്ദം സൃഷ്ടിക്കുകയും ഇത് ഉയര്‍ന്ന വേഗതയില്‍ പുറംന്തള്ളുകയും ചെയ്യുന്നു.
ഒരു ടര്‍ബോഫാനിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ വായു പുറന്തള്ളാന്‍ കഴിയുമെന്നും 80 ശതമാനം ശബ്ദ വേഗതയില്‍ 7 ലക്ഷം പൗണ്ട് ഭാരമുള്ള ഒരു വിമാനത്തെ മണിക്കൂറില്‍ 950 കിലോമീറ്റര്‍ വേഗതയില്‍ പറത്താന്‍ കഴിയുമെന്നും ബോള്‍ഡ്‌മെത്തേഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉദാഹരണത്തിന് ഒരു ബോയിങ് 747 എഞ്ചിന്‍ 58,000 പൗണ്ട് മര്‍ദമാണ് ഉത്പാദിപ്പിക്കുന്നത്. ഒരു കാറിനെ തല്‍ക്ഷണം തരിപ്പണമാക്കാന്‍ ഈ കരുത്ത് മതിയാകും.
ജെറ്റ് എഞ്ചിന്‍ ബ്ലേഡുകള്‍ എത്ര വേഗത്തില്‍ കറങ്ങും?
ടര്‍ബോഫാന്‍ എഞ്ചിന്റെ മുന്‍വശത്തുള്ള ഫാന്‍ വായു വലിച്ചെടുക്കുന്നു. മിലാന്‍ അപകടത്തിന് കാരണമായ എയര്‍ബസ് എ319ന്റെ ഫാന്‍ ബ്ലേഡുകള്‍ക്ക് മിനിറ്റില്‍ 15,000 തവണ ആവര്‍ത്തിച്ച് കറങ്ങാന്‍ കഴിയുമെന്നാണ് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടാക്‌സിവേയിലെ നിഷ്‌ക്രിയമായിരിക്കുന്ന അവസ്ഥയില്‍പോലും വിമാന എഞ്ചിന്റെ ഫാന്‍ സെക്കന്‍ഡില്‍ നൂറുകണക്കിന് ലിറ്റര്‍ വായു വലിക്കുന്നു. ഈ കരുത്ത് മനുഷ്യര്‍ ഉള്‍പ്പെടെ സമീപത്തുള്ള വസ്തുക്കളെ വലിച്ചെടുക്കാന്‍ പര്യാപ്തമാണ്.
വായുവിനെ കംപ്രസ് ചെയ്യുകയും പിന്നിലേക്ക് തള്ളുകയും ചെയ്യുന്ന എയറോഫോയിലുകള്‍ പോലെയാണ് ഫാന്‍ ബ്ലേഡുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫാന്‍ ബ്ലേഡ് ഭ്രമണം ഒരു താഴ്ന്ന മര്‍ദ്ദ മേഖല സൃഷ്ടിക്കുകയും പുറത്തെ വായുവിനെ എഞ്ചിനിലേക്ക് ആകര്‍ഷിക്കുകയും എഞ്ചിന് മുന്നില്‍ ശക്തമായ ഒരു വായു മര്‍ദ്ദം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് ഏവിയേഷന്‍ സ്റ്റാക്ക് എക്‌സ്‌ചേഞ്ച് വിശദീകരിക്കുന്നു.
ഒരു ജെറ്റ് എഞ്ചിന് ചുറ്റുമുള്ള അപകട മേഖല എത്ര ദൂരമാണ്?
വിമാനം നിലത്തായിരിക്കുമ്പോള്‍ ജെറ്റ് എഞ്ചിന്റെ സക്ഷന്‍ ഏരിയ പ്രത്യേകിച്ച് അപകടകരമാണ്. അതായത് വസ്തുക്കളെ വലിച്ചെടുക്കാനുള്ള കരുത്ത് വളരെ അപകടകരമാണ്. നിഷ്‌ക്രിയ മോഡില്‍ പോലും ഒരു ടര്‍ബോഫാന്‍ എഞ്ചിന്റെ സക്ഷന്‍ ഏരിയ 15 അടി (ഏകദേശം 4.5 മീറ്റര്‍) വരെ വ്യാപിക്കുമെന്നും ടേക്ക് ഓഫ് ചെയ്യുമ്പോള്‍ ഇതിന്റെ വ്യാപ്തി വര്‍ദ്ധിക്കുമെന്നും ഏവിയേഷന്‍ സ്റ്റാക്ക് എക്‌സ്‌ചേഞ്ച് അഭിപ്രായപ്പെടുന്നു.
എഞ്ചിന്‍ സെക്കന്‍ഡില്‍ നൂറുകണക്കിന് ലിറ്റര്‍ വായു വലിച്ചെടുക്കുന്നു. ഈ സമയത്ത് ചെറിയ വസ്തുക്കളെയും മനുഷ്യരെയും വരെ വലിച്ചെടുക്കാന്‍ കെല്‍പ്പുള്ള ഒരു ശക്തമായ സക്ഷന്‍ ഫീല്‍ഡ് സൃഷ്ടിക്കുന്നുവെന്ന് എവിഡന്‍സ് നെറ്റ്‌വര്‍ക്ക് പറയുന്നു.
മിലാനില്‍ അപകടത്തില്‍പ്പെട്ട യുവാവ് ടാക്‌സിവേയിലേക്ക് ഓടിക്കയറുന്നതിനിടെ വിമാനത്തിന്റെ എഞ്ചിനിലേക്ക് വലിച്ചെടുക്കപ്പെടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിമാനം പറക്കുന്നതിന് മുന്നോടിയായുള്ള പുഷ് ബാക്ക് നടപടിക്രമം പൂര്‍ത്തിയാക്കുന്നതിനിടെ യുവാവ് സുരക്ഷാ ഗേറ്റ് തകര്‍ത്ത് റണ്‍വേയിലേക്ക് ഓടിക്കയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിന്റെ എഞ്ചിന്‍ ഈ സമയത്ത് വളരെ കുറഞ്ഞ വേഗതയിലായിരുന്നിട്ടും ആളെ വലിച്ചെടുക്കാന്‍ തക്കവിധം ശക്തമായിരുന്നു.
അപകടം വിമാനത്തിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുള്ള ഗൗരവപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കര്‍ശനമായ സുരക്ഷാ നടപടികള്‍ ഉണ്ടായിരുന്നിട്ടും ഇത്തരം സംഭവങ്ങള്‍ അസാധാരണമാണെന്ന് വ്യോമയാന വിദഗ്ധന്‍ പ്രൊഫസര്‍ ഗ്രിഗറി അലെഗ്ഗി ടെലിഗ്രാഫിനോട് പറഞ്ഞു. മരണപ്പെട്ട യുവാവ് റണ്‍വേയില്‍ എങ്ങനെ പ്രവേശിച്ചുവെന്നും അയാളുടെ ഉദ്ദേശ്യങ്ങള്‍ എന്തായിരുന്നുവെന്നും ഇറ്റാലിയന്‍ പോലീസും സിവില്‍ ഏവിയേഷന്‍ അധികൃതരും അന്വേഷിക്കുന്നുണ്ട്.
ജെറ്റ് എഞ്ചിന്‍ അപകടങ്ങള്‍ ലഘൂകരിക്കുന്നതിന് വിവിധ നടപടികള്‍ പൊതുവേ സ്വീകരിക്കുന്നുണ്ട്. ഫാന്‍ റൊട്ടേഷന്‍ സൂചിപ്പിക്കുന്നതിന് എഞ്ചിന് മുന്നില്‍ സ്വിള്‍ മാര്‍ക്കറുകള്‍ അല്ലെങ്കില്‍ സ്പിന്നര്‍ സ്‌പൈറലുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സക്ഷന്‍ ഏരിയ ഒഴിവാക്കാന്‍ ഗ്രൗണ്ട് ക്രൂവിന് കര്‍ശനമായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എങ്കിലും മെച്ചപ്പെട്ട സുരക്ഷാ പ്രോട്ടോക്കോളുകള്‍ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് മിലാന്‍ സംഭവം വിരല്‍ചൂണ്ടുന്നത്.