ഇതിന് പിന്നാലെ പാര്‍ലമെന്റിലെ ഔദ്യോഗിക ഇ-മെയില്‍ പാസ്‌വേഡ് മഹുവ തനിക്കു പങ്കുവച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തി ദര്‍ശന്‍ ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിക്ക് സത്യവാങ്മൂലം നല്‍കുകയും ചെയ്തിരുന്നു. അപകീര്‍ത്തി കേസില്‍ ബിജെപി എംപി നിഷികാന്ത് ദുബൈ, അഭിഭാഷകന്‍ അനന്ദ് ദെഹദ്രായ് തുടങ്ങിയവര്‍ക്കെതിരെയും 15 ഓളം മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ മഹുവ പരാതി നല്‍കിയിരുന്നു.
കേസിന്റെ നാള്‍വഴികള്‍:
ഡിസംബര്‍ 5: മഹുവ നല്‍കിയ അപകീര്‍ത്തി കേസില്‍ ഡിസംബര്‍ 11 ന് വാദം കേള്‍ക്കുമെന്ന് ഡല്‍ഹി ഹൈക്കോടതി പറഞ്ഞു.
advertisement
നവംബര്‍ 9: തൃണമൂല്‍ എംപിയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് എത്തിക്‌സ് കമ്മിറ്റി അംഗീകരിച്ചു.
2019 മുതല്‍ 2023 വരെയുള്ള കാലത്ത് മഹുവ നാല് തവണ യുഎഇ സന്ദര്‍ശിച്ചു. അവരുടെ പാര്‍ലമെന്റ് അക്കൗണ്ട് ഒന്നിലേറെ തവണ ഉപയോഗിച്ചതായും എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ കരട് രൂപം മാധ്യമങ്ങളിലെത്തിയതിനെത്തുടര്‍ന്ന് മഹുവ ലോക്‌സഭാ സ്പീക്കര്‍ക്ക് വീണ്ടും പരാതി നല്‍കി.
ഒക്ടോബര്‍ 19: സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ എംപിയുടെ അക്കൗണ്ട് ലോഗിന്‍ ചെയ്തുപയോഗിച്ചിട്ടുണ്ടെന്ന് ദര്‍ശന്‍ ഹീരാനന്ദിനി പറഞ്ഞു. മഹുവയെ നിരവധി തവണ കണ്ടിരുന്നുവെന്നും കുറെ സമയം സംസാരിച്ചിട്ടുണ്ടെന്നും ദര്‍ശന്‍ പറഞ്ഞു. എംപിയ്ക്ക് നിരവധി സഹായങ്ങള്‍ താന്‍ ചെയ്ത് കൊടുത്തിട്ടുണ്ടെന്നും ദര്‍ശന്‍ പറഞ്ഞു. എന്നാല്‍ ദര്‍ശന്റെ വാദങ്ങള്‍ തള്ളി മഹുവ മൊയ്ത്ര രംഗത്തെത്തി. സര്‍ക്കാര്‍ അയാളെ ഭീഷണിപ്പെടുത്തി പറയിപ്പിക്കുന്നതാണിതെല്ലാമെന്നായിരുന്നു മഹുവയുടെ മറുപടി.
ഒക്ടോബര്‍ 17: തനിക്കെതിരെയുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് മഹുവ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ബിജെപി എംപി നിഷികാന്ത് ദുബൈ, ഒരു അഭിഭാഷകന്‍, നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവര്‍ക്കെതിരെയായിരുന്നു മഹുവയുടെ പരാതി.
ഒക്ടോബര്‍ 15: മഹുവ മൊയ്ത്രയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്നും ലോക്‌സഭയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബൈ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കി. സുപ്രീം കോടതി അഭിഭാഷകന്‍ ജയ് അനന്ദ് ദെഹദ്രായുടെ പരാതിയും നിഷികാന്ത് ദുബൈ തന്റെ പരാതിയില്‍ പരാമര്‍ശിച്ചിരുന്നു.
ഒരു വ്യവസായിയില്‍ നിന്ന് പണം വാങ്ങി പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കുകയാണ് മഹുവയെന്ന് ദുബൈയും ദെഹദ്രായിയും ആരോപിച്ചു.
മഹുവയുടെ ലോക്‌സഭാ ലോഗിന്‍ ക്രഡന്‍ഷ്യലുകളുമായി ബന്ധപ്പെട്ട വിവരം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിഷികാന്ത് ദുബൈ കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതുകയും ചെയ്തു.
മഹുവയുടെ ചിത്രങ്ങളൊടൊപ്പം കണ്ടിരുന്ന നായ തന്നെയാണോ അഭിഭാഷകനായ ദെഹദ്രായ് നല്‍കിയ പരാതിയിലെ ചിത്രങ്ങളിലും കാണപ്പെടുന്നത് എന്ന ഊഹാപോഹങ്ങളും വലിയ രീതിയില്‍ ചര്‍ച്ചയായി. എക്‌സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് ഈ ചര്‍ച്ചകള്‍ നടന്നത്.
ഒക്ടോബര്‍ 14: മഹുവയ്‌ക്കെതിരെ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍,എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനായ ജയ് അനന്ദ് ദെഹദ്രായ് സിബിഐയ്ക്ക് പരാതി നല്‍കി. പരാതിയുടെ ഒരു പകര്‍പ്പ് ഇദ്ദേഹം ലോക്‌സഭാ സ്പീക്കര്‍ക്കും നല്‍കി.