ഇന്ന് വൈകുന്നേരം 6.04ന് ചന്ദ്രോപരിതലത്തില്‍ എത്തുന്നതിന് തൊട്ട് മുമ്പ് അവസാനഘട്ടത്തില്‍ ലാന്‍ഡര്‍ സമാന്തരദിശയില്‍ നിന്ന് ലംബദിശയിലേക്ക് മാറുകയും ചലനവേഗത വളരെ കുറയുകയും ചെയ്യും. ബുധനാഴ്ച വൈകുന്നേരത്തെ ഈ 15 മിനിറ്റാണ് ദൗത്യത്തിന്റെ വിജയം നിര്‍ണയിക്കുന്നത്. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ അതിന് വിശേഷിപ്പിച്ചിരിക്കുന്നത് ’15 മിനിറ്റ് നേരത്തെ ഭീകരത’ എന്നാണ്.
ഓഗസ്റ്റ് 23 ബുധനാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം 6.04നാണ് ചന്ദ്രയാന്‍-3 ചന്ദ്രനില്‍ തൊടുക. ചന്ദ്രയാന്‍-3യുടെ ഭ്രമണപഥം താഴ്ത്തുന്ന രണ്ടാമത്തെയും അവസാനത്തേതുമായ ഘട്ടം കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. ചന്ദ്രോപരിതലത്തില്‍ നിന്ന് 30 കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ നില്‍ക്കുന്ന ചന്ദ്രയാന്‍-3 റഫ് ബ്രേക്കിങ് ഫേസിലൂടെ കടന്നുപോകും. ഈ സമയത്ത് ലാന്‍ഡറിന്റെ തിരശ്ചീന പ്രവേഗം സെക്കന്റില്‍ 1.68 കിലോമീറ്റര്‍ എന്നതില്‍ നിന്ന് ഏകദേശം പൂജ്യത്തിലേക്ക് എത്തും. ഇതാണ് സോഫ്റ്റ് ലാന്‍ഡിങ്ങിന് സഹായിക്കുന്നത്.
advertisement
ഇക്കാര്യങ്ങളെല്ലാം കൃത്യമായി നടക്കുന്നതിനായി ലാന്‍ഡറില്‍ സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. പ്രവേഗം കുറയ്ക്കുന്നതിനും 30 കിലോമീറ്റര്‍ ദൂരത്തുനിന്ന് 7.42 എന്ന അവസാന പത്ത് മിനിറ്റിലെ ദൂരത്തേക്ക് എത്തുന്നതിനുമെല്ലാം കൃത്യമായ നിര്‍ദേശം നല്‍കുന്നതിനാണ് ഈ സെന്‍സറുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകീട്ട് 5.47 മുതലാണ് ലാന്‍ഡറിന്റെ അവസാന ഘട്ട നടപടിക്രമങ്ങള്‍ തുടങ്ങുന്നത്. അവസാന കാല്‍മണിക്കൂര്‍ നേരത്തെ ലാൻഡിംഗ് പ്രക്രിയയെ നയിക്കുന്നത് ലാന്‍ഡറിനുള്ളിലെ കംപ്യൂട്ടറില്‍ തയ്യാറാക്കിയിരിക്കുന്ന കംപ്യൂട്ടര്‍ പ്രോഗ്രാമുകളായിരിക്കും. ഇവയാണ് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതും ലാന്‍ഡറിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും.
പരമാവധി മണിക്കൂറില്‍ 10.8 കിലോമീറ്റര്‍ വേഗതയില്‍ ലാന്‍ഡറിന് ചന്ദ്രോപരിതലത്തില്‍ തൊടാന്‍ കഴിയും. എന്നാല്‍, ഏറ്റവും അനുകൂലമായ വേഗത മണിക്കൂറില്‍ 7.2 കിലോമീറ്ററാണ്.
തിരശ്ചീനദിശയില്‍ നിന്ന് 90 ഡിഗ്രി ചെരിഞ്ഞാണ് ചന്ദ്രയാന്‍-3 ലംബദിശയിലേക്ക് എത്തുന്നത്. ലാന്‍ഡറിന് 12 ഡിഗ്രി വരെ ചെരിഞ്ഞ് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിയും.
ചന്ദ്രയാന്‍-2
അവസാന 15 മിനിറ്റ് സമയത്താണ് ചന്ദ്രയാന്‍-2 പരാജയപ്പെട്ടത്. 2019 സെപ്റ്റംബര്‍ ഏഴിന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലേക്ക് എത്തിയ സമയത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. ലാന്‍ഡിങ് സമയത്ത് തിരശ്ചീനദിശയില്‍ നിന്ന് ലംബദിശയിലേക്ക് മാറാതെ വന്നതാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കിയിരുന്നു. അതിനാലാണ് ഈ സമയത്തെ ’15 മിനിറ്റ് സമയത്തെ ഭീകരത’ എന്ന് ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.
ചന്ദ്രയാൻ 3: ലാന്‍ഡിങ്ങിന്റെ നാല് ഘട്ടങ്ങള്‍
2023 ജൂലൈ 14-ന് ആന്ധ്രാപ്രദേശിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നുമാണ് ചന്ദ്രയാന്‍-3 വിക്ഷേപിച്ചത്.
വിക്ഷേപണം നടത്തിയതിന് ശേഷം, പല ഘട്ടങ്ങളിലായി പതിയെ ഭ്രമണപഥം ഉയര്‍ത്തിയിരുന്നു. ജൂലൈ 31-ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള പ്രയാണം തുടങ്ങി. ഓഗസ്റ്റ് ഒന്നിന് ചന്ദ്രയാന്‍-3 ട്രാന്‍സ് ലൂണാര്‍ ഇഞ്ചെക്ഷന്‍ നടത്തി. ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാന്‍-3 യെ മാറ്റുന്ന പ്രക്രിയ ആണിത്.
ചന്ദ്രയാന്‍ 3 ട്രാന്‍സ് ലൂണാര്‍ ഓര്‍ബിറ്റില്‍ നിന്ന് ഓഗസ്റ്റ് അഞ്ചിന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചേര്‍ന്നു. തുടര്‍ന്ന് ഓഗസ്റ്റ് 6, 9, 14, 16 എന്നീ തീയതികളില്‍ ചന്ദ്രയാന്‍-3യുടെ ഭ്രമണപഥം താഴ്ത്തുന്ന പ്രക്രിയകള്‍ നടന്നു. അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥം താഴ്ത്തുന്ന നടപടിക്രമങ്ങള്‍ക്കുശേഷം ഓഗസ്റ്റ് 17-ന് വിക്രം ലാന്‍ഡറില്‍ നിന്ന് പ്രഗ്യാന്‍ റോവര്‍ വിജയകരമായി വേര്‍പ്പെടുത്തി. ശേഷം ലാന്‍ഡറിന്റെ വേഗത കുറയ്ക്കുന്ന (ഡീബൂസ്റ്റ്) നടപടികളാണ് സ്വീകരിച്ചത്. ചന്ദ്രയാന്‍-3യുടെ ഭ്രമണപഥം 113 km x 157 km ആയി കുറച്ചു. ഓഗസ്റ്റ് 20-ന് നടന്ന രണ്ടാമത്തേതും അവസാനത്തേതുമായ വേഗത കുറയ്ക്കുന്ന ഘട്ടത്തില്‍ ഭ്രമണപഥം 25 km x 134 km ആക്കി മാറ്റി. അവസാന ഘട്ടമായ ലാൻഡറിന്റെ ടച്ച്ഡൗൺ ഓഗസ്റ്റ് 23 ന് വൈകുന്നേരം 6:04ന് നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.