ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രധാനപ്പെട്ട ഉപഗ്രഹവിക്ഷേപണ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ ഉള്‍പ്പടെയുള്ള നിര്‍ണായക ആശയവിനിമയ സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുക എന്നതാണ് ഈ നിരോധനം കൊണ്ട് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ചന്ദ്രപര്യവേഷണ പരിപാടി എന്നറിയപ്പെടുന്ന ചന്ദ്രയാന്‍ ദൗത്യത്തില്‍ ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ ദൗത്യങ്ങളുടെ ഒരു പരമ്പര തന്നെ ഉള്‍പ്പെടുന്നുണ്ട്.2008-ലാണ് ആദ്യ ചന്ദ്രദൗത്യമായ ചന്ദ്രയാന്‍-1 വിക്ഷേപിച്ചത്. ഈ ദൗത്യം വിജയകരമായിരുന്നു.
2019ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയെങ്കിലും റോവറില്‍ നിന്ന് ലാന്‍ഡര്‍ വിട്ടുമാറുന്ന സമയത്ത് പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു.തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍-3യുടെ പ്രധാന ഭാഗങ്ങള്‍. മറ്റുഗ്രഹങ്ങളിലെ പര്യവേഷണങ്ങള്‍ക്കാവശ്യമായ പുതിയ സാങ്കേതികവിദ്യകളുടെ വികസനവും അവതരണവും ഇതിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്ത് പതിയെ ഇറങ്ങുന്നതിനും റോവറിനെ വിന്യസിക്കുന്നതിനുമുള്ള ശേഷി ലാന്‍ഡറിനുണ്ട്.
advertisement
ചന്ദ്രയാന്‍-3 ദൗത്യം നടക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, എന്തൊക്കെയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് നോക്കാം.
ചന്ദ്രയാന്‍-1
2008 ഒക്ടോബര്‍ 22നാണ് ഇന്ത്യ ചന്ദ്രയാന്‍-1 വിക്ഷേപിക്കുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചായിരുന്നു ചന്ദ്രയാന്‍-1ന്റെ വിക്ഷേപണം. ഇതേ വര്‍ഷം നവംബര്‍ 8-ന് ഉപഗ്രഹം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിക്കാന്‍ കഴിഞ്ഞു. അടുത്ത നാല് ദിവസങ്ങളില്‍, ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ (62 മൈല്‍) ഉയരത്തില്‍ ഒരു വൃത്താകൃതിയിലുള്ള ഭ്രമണപഥം കൈവരിക്കാന്‍ ചന്ദ്രയാന്‍-1 അതിന്റെ യന്ത്രഭാഗങ്ങള്‍ ഉപയോഗിച്ചു. 11 ഉപകരണങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ചന്ദ്രനെ സൂക്ഷമമായി പഠനവിധേയമാക്കാന്‍ ഇത് സഹായിച്ചു. ഇവയില്‍ പകുതിയോളം യന്ത്രഭാഗങ്ങള്‍ അമേരിക്കന്‍ ബഹികാരാകാശ ഗവേഷണ ഏജന്‍സിയായ നാസയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സികളുമാണ് നല്‍കിയത്.
2009 ഓഗസ്റ്റ് 29-ന് ഉപഗ്രഹവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. എന്നാല്‍, ചന്ദ്രനിലെ ജലത്തിന്റെ സാന്നിധ്യമുള്‍പ്പടെയുള്ള പ്രധാന ലക്ഷ്യങ്ങള്‍ അപ്പോഴേക്കും ചന്ദ്രയാന്‍-1 നിറവേറ്റിയിരുന്നുവെന്ന് ദ പ്ലാനറ്ററി സൊസൈറ്റി റിപ്പോര്‍ട്ട് ചെയ്തു. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ. കസ്തൂരിരംഗനാണ് ചന്ദ്രയാന്‍-1 എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. ബഹിരാകാശമേഖലയില്‍ സൂപ്പര്‍ പവര്‍ ആയിമാറാനുള്ള ഇന്ത്യയുടെ ആഗ്രഹത്തിന് ഐഎസ്ആര്‍ഒയുടെ ഇടപെടലുകള്‍ക്ക് ചുക്കാന്‍ പിടിച്ചത് അദ്ദേഹമാണ്. ഭൂമിയുടെ ഭ്രമണപഥത്തില്‍ വിക്ഷേപിക്കുന്നതിന് രൂപകല്‍പ്പന ചെയ്ത ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ ഇതിനകം തയ്യാറാക്കിയിരുന്നു.
ധാരാളം ഇന്ധനം വഹിക്കാനുള്ള ശേഷി അവയ്ക്കുണ്ടായിരുന്നു. ചില മാറ്റങ്ങൾ വരുത്തി ഭൂസ്ഥിര ഉപഗ്രഹമാണ് ചന്ദ്രദൗത്യത്തിനായി തയ്യാറാക്കിയത്. ചന്ദ്രന്റെ ഉപരിതലത്തിലെ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തുകയെന്നതായിരുന്നു ചന്ദ്രയാന്‍-1ന്റെ സുപ്രധാന ദൗത്യം. ഇതിനായി നാസ രണ്ട് ഉപകരണങ്ങള്‍ സംഭാവന ചെയ്തു. ഈ രണ്ട് ഉപകരണങ്ങളും ചന്ദ്രനിലെ വെള്ളത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്നതിന് ഏറെ സഹായിച്ചു. ഭാവിയില്‍ നടക്കാനിരിക്കുന്ന ചന്ദ്രദൗത്യങ്ങള്‍ക്കും ചന്ദ്രന്റെ ഉത്ഭവത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനും ഇവ ഏറെ നിര്‍ണായകമായിരുന്നു.
ചന്ദ്രയാന്‍-2
ഒരു ഉപഗ്രഹം, ലാന്‍ഡര്‍, റോവര്‍ എന്നിവ ചന്ദ്രനിലെത്തിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ദൗത്യമായിരുന്നു ചന്ദ്രയാന്‍-2. 2019 ജൂലായിൽ ഉപഗ്രഹം വിക്ഷേപിച്ചു. ഉപഗ്രഹം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയെങ്കിലും ചന്ദ്രന്റെ ഉപരിതലത്തില്‍ ലാന്‍ഡറിനും റോവറിനും വിജയകരമായി ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല. അതേസമയം, ഇതിനൊപ്പമയച്ച ഉപഗ്രഹമാകട്ടെ മുകളില്‍ നിന്ന് ചന്ദ്രനെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതിന് സഹായിക്കുകയും ചെയ്തു. ചന്ദ്രയാന്‍-1ന്റെ തുടര്‍ച്ചയായിരുന്നു ചന്ദ്രയാന്‍-2. ഭാവിയിലെ ചന്ദ്രദൗത്യങ്ങള്‍ക്ക് സഹായമേകുന്നതിന് ചന്ദ്രയാന്‍ ഒന്നിനേക്കാള്‍ മെച്ചപ്പെട്ട ഉപകരണങ്ങളും പുതിയ സാങ്കേതികവിദ്യകളുമാണ് ചന്ദ്രയാന്‍ 2-ല്‍ സന്നിവേശിപ്പിച്ചിരുന്നത്. ഏഴ് വര്‍ഷത്തോളം പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള വിധത്തിലാണ് ചന്ദ്രയാന്‍-2ന്റെ ഉപഗ്രഹം രൂപകല്‍പ്പന ചെയ്തിരുന്നത്. ചന്ദ്രയാന്‍-1 ഉപയോഗിച്ച് ചന്ദ്രനെക്കുറിച്ച് ശേഖരിച്ച വിവരങ്ങളെ കുറച്ച് കൂടി നന്നായി അപഗ്രഥിക്കുന്നതിനുള്ള വിവരങ്ങള്‍ ശേഖരിക്കുക എന്നതും ചന്ദ്രയാന്‍-2ന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. ഇന്ത്യയുടെ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച വിക്രം സാരാഭായിയോടുള്ള ബഹുമാനാര്‍ഥം ലാന്‍ഡറിന് വിക്രം എന്ന് പേര് നല്‍കിയിരുന്നു.
ചന്ദ്രയാന്‍-3
ഐഎസ്ആര്‍ഒയുടെ മൂന്നാമത്തെ ചന്ദ്രദൗത്യമാണ് ചന്ദ്രയാന്‍-3. ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ തുടര്‍ച്ചയാണ് ഇത്. ചന്ദ്രന്റെ ഉപരിതലത്തില്‍ പൂര്‍ണമായും സുരക്ഷിതമായി ഇറങ്ങുക, സഞ്ചാരം സാധ്യമാക്കുക എന്നിവയെല്ലാമാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്. ചന്ദ്രയാന്‍-2 പോലെ ലാന്‍ഡര്‍, റോവര്‍ സംവിധാനങ്ങള്‍ ഈ ദൗത്യത്തിനുമുണ്ട്. അതേസമയം ഉപഗ്രഹം (ഓര്‍ബിറ്റര്‍) ഇതിലുള്‍പ്പെട്ടിട്ടില്ല. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ (എസ്ഡിഎസ്‌സി) നിന്ന് ജൂലൈ 14-ന് ചന്ദ്രയാന്‍-3 വിക്ഷേപിക്കും. എല്‍വിഎം3 റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപണം. സാറ്റലൈറ്റ് പോലുള്ള ഭാരമേറിയ വസ്തുക്കള്‍ ബഹിരാകാശത്ത് എത്തിക്കുന്നതിന് ശക്തിയേറിയ പ്രൊപ്പല്‍ഷന്‍ (മുന്നോട്ട് തള്ളുന്ന) സംവിധാനം ആവശ്യമാണ്. ഭൂഗുരത്വബലം മറികടക്കുന്നതിന് വേണ്ടിയാണിത്. ഈ സംവിധാനം ഉള്‍ക്കൊള്ളിച്ചിട്ടുള്ള റോക്കറ്റാണ് എല്‍വിഎം3.
ഇന്ത്യയിലെ ഏറ്റവും ഭാരമേറിയ റോക്കറ്റാണ് എല്‍വിഎം3. 650 ടണ്‍ ആണ് ഇതിന്റെ ഭാരം. 43.5 മീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ വ്യാസവും ഇതിനുണ്ട്. എട്ട് ടണ്‍ ഭാരമുള്ള വസ്തുക്കള്‍ ഭൂമിയുടെ ഏറ്റവും താഴെയുള്ള ഓര്‍ബിറ്റില്‍ എത്തിക്കാന്‍ കഴിയും. ഭൂമിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണിത്. അതേസമയം, ഭൂമിയില്‍ നിന്ന് 35,000 കിലോമീറ്റര്‍ അകലെയുള്ള ജിയോസ്‌റ്റേഷനറി ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റുകളില്‍ (ജിടിഒ) സാറ്റലൈറ്റ് എത്തിക്കുമ്പോള്‍ കുറഞ്ഞ ഭാരം മാത്രമാണ് അതിന് വഹിക്കാന്‍ കഴിയുക, പരമാവധി 5 ടണ്‍ മാത്രം.
പൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ലാന്‍ഡറിനെയും റോവറിനെയും 100 കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുമെന്ന് ഇന്ത്യ.കോം റിപ്പോര്‍ട്ട് ചെയ്തു. സ്‌പെക്ട്രോ-പോളരിമെട്രി ഓഫ് ഹബിറ്റബിള്‍ പ്ലാന്റ്റ് ഏര്‍ത്ത് (എസ്എച്ച്എപിഇ) പ്ലേലോഡ് റോക്കറ്റിന്റെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന് ഉണ്ട്. ഈ പ്ലേലോഡ് ചന്ദ്രനിലെ സവിശേഷമായ ഒരു പോയിന്റില്‍ നിന്ന് ഭൂമിയുടെ സ്വഭാവസവിശേഷതകളെക്കുറിച്ചും വാസയോഗ്യതയെക്കുറിച്ചും വിലപ്പെട്ട വിവരങ്ങളും ഉള്‍ക്കാഴ്ചകളും നല്‍കും.
ചന്ദ്രോപരിതലത്തിലെ, പ്രത്യേകിച്ച് കോടിക്കണക്കിന് വര്‍ഷങ്ങളായി സൂര്യപ്രകാശം ഏല്‍ക്കാതെ കിടക്കുന്ന മേഖലകളില്‍ പര്യവേഷണം നടത്തുക എന്നതാണ് ചന്ദ്രയാന്‍-3ന്റെ പ്രധാന ലക്ഷ്യം. ഇരുണ്ട ഈ ഭാഗത്ത് ഐസ്, മൂല്യമേറിയ ധാതുശേഖരം എന്നിവയെല്ലാമുണ്ടെന്ന് ശാസ്ത്രജ്ഞരും വാനനിരീക്ഷകരും കരുതുന്നു. പര്യവേക്ഷണം ഉപരിതലത്തില്‍ മാത്രമായി പരിമിതപ്പെടുത്താതെ ഉപ ഉപരിതലത്തെയും ബാഹ്യമണ്ഡലത്തെയും കുറിച്ച് പഠിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വിവിധ റിപ്പോര്‍ട്ടുകല്‍ പറയുന്നു. ചന്ദ്രയാന്‍-2ല്‍ നിന്നുള്ള ഉപഗ്രഹത്തിന്റെ സഹായത്തോടെ റോവര്‍ ഭൂമിയിലേക്ക് ആശയവിനിമയം നടത്തും. ചന്ദ്രന്റെ ഭ്രമണപഥത്തിന്റെ മുകളില്‍ 100 കിലോമീറ്റര്‍ അകലെ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തി ഉപരിതലത്തെക്കുറിച്ച് വിശകലനം നടത്താനാണ് ലക്ഷ്യമിടുന്നത്.