തുടർന്ന് നടത്തിയ പരിശോധനയിൽ കോൾഡ്‌റിഫ് എന്ന മരുന്നിൽ 48.6 ശതമാനത്തോളം ഡൈഎഥിലീൻ ഗ്ലൈക്കോൾ കണ്ടെത്തി. ഇതിനോടൊപ്പം എഥിലീൻ ഗൈക്കോൾ എന്ന രാസസംയുക്തവും മരുന്നിൽ കണ്ടെത്തുകയുണ്ടായി.
ഈ രണ്ട് രാസവസ്തുക്കളും വ്യാവസായിക ലായകങ്ങളാണ്. ഇത് മരുന്നിൽ ഉപയോഗിക്കാൻ നിരോധിച്ചവയാണ്. ചെറിയ അളവിൽ പോലും ശരീരത്തിനകത്ത് ചെല്ലുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കും, പ്രത്യേകിച്ച് കുട്ടികൾക്ക്.
പരിശോധനയ്ക്ക് പിന്നാലെ പല സംസ്ഥാനങ്ങളിലും കോൾഡ്‌റിഫ് നിരോധിക്കുകയും സ്‌റ്റോക്കുകൾ നിറുത്തിവയ്ക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ(സിഡിഎസ് സിഒ) ശ്രീസാന്റെ നിർമാണ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തു. കൂടാതെ കമ്പനിക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.ഇതിന് പുറമെ രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനും സിറപ്പ് നിർദേശിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
advertisement
വിഷവസ്തു കണ്ടെത്തിയത് എങ്ങനെ?
സെപ്റ്റംബർ പകുതിയോടെയാണ് ചിന്ദ്വാരയിൽ വൃക്കകൾക്ക് നാശം സംഭവിച്ച് കുഞ്ഞുങ്ങളുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. എല്ലാ മരണങ്ങളും ഏകദേശം സമാനമായ കാരണങ്ങളാണ് വിവരിച്ചിരുന്നത്. ചെറിയ ശ്വാസകോശപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സ തേടിയ കുട്ടികൾക്ക് ഡോക്ടർ കോൾഡ്‌റിഫ് നിർദേശിക്കുകയും ചെറുതായി ആശ്വാസം അനുഭവപ്പെടുകയും ചെയ്തു. എന്നാൽ പെട്ടെന്ന് തന്നെ കുഞ്ഞുങ്ങൾക്ക് മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും വൃക്കകൾ തകരാറിലായതായി കണ്ടെത്തുകയുമായിരുന്നു.
സെപറ്റംബർ 18 ആയപ്പോഴേക്കും ജില്ലാ അധികാരികൾ അടിയന്തരാവസ്ഥ പുറപ്പെടുവിച്ചു. മധ്യപ്രദേശിലെ പരാസിയയിൽ സ്വകാര്യമായി പ്രാക്ടീസ് ചെയ്തിരുന്ന സർക്കാർ ശിശുരോഗ വിദഗ്ധനായ ഡോ. പ്രവീൺ സോണിയാണ് മരുന്നുകൾ കുറിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. എഫ്‌ഐആറിൽ ഡോക്ടറെയും ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസിനെയും പ്രതി ചേർത്തിട്ടുണ്ട്. മരണത്തിന് കാരണമാകുന്ന മായം ചേർന്ന മരുന്നുവിറ്റതിന് ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചാർത്തിയിരിക്കുന്നത്.
കോൾഡ്രിഫ് മരുന്ന് വിതരണം ഉടൻ തന്നെ നിറുത്തിവയ്ക്കാൻ മധ്യപ്രദേശ് കൺട്രോളർ, ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ ഒക്ടോബർ നാലിന് സംസ്ഥാനത്തുടനീളമുള്ള ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാർക്ക് നിർദേശം നൽകി.
മരുന്നിൽ രാസവസ്തു ചേർന്നുവെന്നത് വ്യക്തമാണ്. ചെന്നൈയിലെ ഡ്രഗ് ടെസ്റ്റിംഗ് ലാബോട്ടറിയിൽ സർക്കാർ അനലിസ്റ്റിന്റെ പരിശോധനയിൽ സിറപ്പിന് സ്റ്റാൻഡേർഡ് ക്വാളിറ്റി ഇല്ലെന്ന് അറിയിച്ചു. മരുന്നിൽ 48.6 ശതമാനമാണ് ഡൈഎഥിലീൻ ഗ്ലൈക്കോളിന്റെ അളവ് രേഖപ്പെടുത്തിയത്.
2025 മേയ് മാസത്തിൽ നിർമിച്ച് 2027 ഏപ്രിൽ വരെ കാലാവധിയുള്ളതുമായ എസ്ആർ-13 ബാച്ച് മരുന്നുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്.
നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി), സിഡിഎസ്സിഒ എന്നിവയിൽ നിന്നുള്ള ഒരു കേന്ദ്ര വിദഗ്ധ സംഘം ചിന്ദ്വാരയും നാഗ്പൂരും സന്ദർശിച്ചു. എൻഐവി പൂനെ, മുംബൈയിലെ സെൻട്രൽ ഡ്രഗ് ലബോറട്ടറി, നാഗ്പൂരിലെ നീരി(NEERI)എന്നിവിടങ്ങളിൽ സാമ്പിളുകൾ പരിശോധിച്ചു.
കണ്ടെത്തലുകൾ നിർണായകമായിരുന്നു. പത്ത് മരുന്നുകളിൽ 9 എണ്ണം ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചു. അതേസമയം, കോൾഡ്‌റിഫ് മാത്രം പരാജയപ്പെട്ടു. ജാഗ്രതയുടെ ഭാഗമായി കുട്ടികൾക്ക് കുറിച്ചുനൽകുന്ന സിറപ്പായ നെക്‌സ്‌ട്രോ ഡിഎസിന്റെ വിൽപ്പനയും താത്കാലികമായി നിരോധിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധന ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്.
ഡൈഎഥിലീൻ ഗ്ലൈക്കോളും എഥലീൻ ഗ്ലൈക്കോളും എന്താണ്? അവ മരണകാരണമാകുന്നത് എങ്ങനെ?
ആന്റിഫ്രീസ്, ബ്രേക്ക് ഫ്‌ളൂയിഡുകൾ, പെയിന്റുകൾ, ഡൈകൾ, റെസിനുകൾ എന്നിവ പോലെയുള്ളവയിൽ വ്യാപകമായി ഉപയോഗിക്കുന്ന സിറപ്പ് രൂപത്തിലുള്ള ദ്രാവകമാണ് ഡൈഎഥിലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും. ഇത് കഴിക്കാൻ അനുയോജ്യമേയല്ല. ശരീരത്തിൽ ഇത് എത്തുന്നത് മെറ്റബോളിക് അസിഡോസിസിന് കാരണമാകുകയും വൃക്കകളുടെയും കരളിന്റെയും ദ്രുതഗതിയിലുള്ള തകരാറിലേക്ക് എത്തിക്കുകയും ചെയ്യു. കൂടാതെ നാഡീവ്യവസ്ഥ തകരാറിലാകുകയും മരണം വരെ സംഭവിക്കുകയും ചെയ്യാം. ചെറിയ ഡോസുകൾ പോലും കുട്ടികളിൽ മരണകാരണമായേക്കാം.
സംഭരണത്തിലും പരിശോധനയിലും വീഴ്ചയുണ്ടായാൽ ഇവയ്ക്ക് എളുപ്പത്തിൽ മരുന്നുകളിൽ വേഷം മാറി പ്രവർത്തിക്കാൻ കഴിയുമെന്നതാണ് അപകടകരമായ ഒരു വശം.
മുമ്പ് നിരവധി രാജ്യങ്ങളിൽ കഫ്‌സിറപ്പുമായി ബന്ധപ്പെട്ടുണ്ടായ കുട്ടികളുടെ മരണത്തെ ഇവയുമായി ബന്ധിപ്പിച്ച് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2022ൽ ഗാംബിയയിൽ എഴുപത് കുട്ടികൾ കഫ്‌സിറപ്പ് കഴിച്ചതിനെ തുടർന്ന് മരണപ്പെട്ടിരുന്നു. തുടർന്ന് ലോകാരോഗ്യസംഘടന നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു. 2022 മുതൽ ഡൈഎഥിലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമായി 300ലധികം കുട്ടികളുടെ മരണം സംഭവിച്ചാതിയ കണക്കാക്കുന്നു.
സംസ്ഥാനങ്ങളുടെ പ്രതികരണം
ചിന്ദ്വാരയിലെ സംഭവവികാസങ്ങളുടെ പിന്നാലെ ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ വലിയ തോതിലുള്ള പരിശോധനകൾ നടന്നു. ഇതിന് പിന്നാലെ ഒട്ടേറെ സംസ്ഥാനങ്ങൾ കോൾഡ്‌റിഫ് മരുന്നിന് നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.
മധ്യപ്രദേശ്, തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര, തെലങ്കാന, ഉത്തരാണ്ഡ്, രാജസ്ഥാൻ എന്നിവടങ്ങളിൽ മരുന്നിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
മധ്യപ്രദേശിൽ മരണമടഞ്ഞ കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപാ വീതം സഹായധനം നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
അധികൃതർ പറയുന്നതെന്ത്?
എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും അടിയന്തര യോഗം ഞായറാഴ്ച കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്ത വിളിച്ചു ചേർത്തിരുന്നു. നിരീക്ഷണവും പരിശോധനയും ശക്തമാക്കാൻ കർശന നിർദേശം നല്കിയിട്ടുണ്ട്. ഇന്ത്യയുടെ പുതുക്കിയ ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസസ് കോഡായ ഷെഡ്യൂൾ എം നടപ്പിലാക്കാനും അടിയന്തര നടപടിക്കായി പാലിക്കാത്ത യൂണിറ്റുകൾ ഫ്‌ലാഗ് ചെയ്യാനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
ആറ് സംസ്ഥാനങ്ങളിലായി 19 യൂണിറ്റുകളിൽ അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള പരിശോധനകൾ ഇതിനകം നടക്കുന്നുണ്ടെന്നും 2025 ഡിസംബറോടെ നിർമ്മാതാക്കൾ പുതുക്കിയ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഡോ. രാജീവ് രഘുവംശി പറഞ്ഞു.
ഭൂരിഭാഗം കുട്ടികളിലെയും ചുമയും ജലദോഷവും തനിയെ മാറുമെന്നും അതിന് മരുന്ന് ആവശ്യമില്ലെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. രാജീവ് ബഹലും ആരോഗ്യ സേവന ഡയറക്ടർ ജനറൽ ഡോ. സുനിൽ ശർമയും പറഞ്ഞു. വിഷലായകം കുട്ടികളുടെ മരുന്നിൽ എങ്ങനെ എത്തിപ്പെട്ടുവെന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടന്നുവരികയാണ്.
അടുത്ത നടപടി എന്ത്?
ശ്രീസാന്റെ ബാച്ച് എസ്ആര്‍-13-നുള്ള സംഭരണ, ഉല്‍പ്പാദന ശൃംഖല സിഡിഎസ്സിഒയും തമിഴ്നാട് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിന്റെയും നേതൃത്വത്തില്‍ ന്വേഷിച്ചുവരികയാണ്. മധ്യപ്രദേശില്‍, പ്രതികൂല ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും അശ്രദ്ധ കാട്ടിയതിനും സിറപ്പ് നിര്‍ദ്ദേശിച്ചതിനും ഡോ. പ്രവീണ്‍ സോണിക്കെതിരേ അന്വേഷണം നടന്നുവരികയാണ്. പീഡിയാട്രിക് സിറപ്പ് നിര്‍മ്മാതാക്കളെ ഓഡിറ്റ് ചെയ്യാനും 30 ദിവസത്തിനുള്ളില്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ഉത്തരവിട്ടിട്ടുണ്ട്. ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം (ഐഡിഎസ്പി-ഐഎച്ച്‌ഐപി) വഴിയുള്ള നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.