TRENDING:

ഇസ്രായേലില്‍ മലയാളി കൊല്ലപ്പെട്ട സംഭവം; മിഡില്‍ ഈസ്റ്റിലെ ഇന്ത്യക്കാരുടെ ജീവിതവും സുരക്ഷിതത്വവും വീണ്ടും ചര്‍ച്ചയാകുന്നു

Last Updated:

മലയാളി കൊലപ്പെട്ടതോടെ ഇസ്രായേല്‍ ഉള്‍പ്പടെയുള്ള മിഡില്‍ ഈസ്റ്റില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ ജോലി, ജീവിതം, സുരക്ഷിതത്വം എന്നിവയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വടക്കന്‍ ഇസ്രായേലിലെ അതിര്‍ത്തി പ്രദേശത്ത് ലെബനോന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊലപ്പെട്ടതോടെ ഇസ്രായേല്‍ ഉള്‍പ്പടെയുള്ള മിഡില്‍ ഈസ്റ്റില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ ജോലി, ജീവിതം, സുരക്ഷിതത്വം എന്നിവയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്നു.
 (Photo: Reuters)
(Photo: Reuters)
advertisement

രണ്ട് മാസം മുമ്പ് ഇസ്രായേലിലെത്തിയ കൊല്ലം സ്വദേശിയായ നിബിന്‍ മാക്‌സ്‌വെല്‍ എന്ന 31കാരനാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ആക്രമണം നടക്കുന്ന സമയത്ത് നിബിന്‍ ഇവിടെയൊരു കൃഷി സ്ഥലത്ത് ജോലി ചെയ്യുകയായിരുന്നു.

ബുഷ് ജോസഫ് ജോര്‍ജ്, പോള്‍ മെല്‍വില്‍ എന്നിങ്ങനെ രണ്ട് ഇന്ത്യക്കാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

യുദ്ധ പശ്ചാത്തലത്തില്‍ ഇസ്രായേലില്‍ താമസിക്കുന്ന 18,000 പരം ഇന്ത്യക്കാരോട് രാജ്യത്തിനകത്തെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

''ഇസ്രയേലിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും പ്രാദേശിക സുരക്ഷാ ഉപദേശങ്ങളും കണക്കിലെടുത്ത് അവിടെയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും, പ്രത്യേകിച്ച് വടക്ക്, തെക്ക് അതിര്‍ത്തിപ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവരോ സന്ദര്‍ശനത്തിനെത്തിയവരോ ഇസ്രയേലിലെ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിക്കുന്നു. ഇന്ത്യക്കാരായ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ എംബസി ഇസ്രായേലി അധികാരികളുമായി ബന്ധപ്പെട്ട് വരികയാണ്,'' ഇസ്രയേലിലെ ഇന്ത്യന്‍ എംബസി സമൂഹ മാധ്യമമായ എക്‌സിലൂടെ അറിയിച്ചു.

advertisement

മിഡില്‍ ഈസ്റ്റിലുള്ള ഇന്ത്യക്കാരുടെ കണക്കുകള്‍ വിശദമായി പരിശോധിക്കാം

1.34 കോടി ഇന്ത്യന്‍ പ്രവാസികളില്‍ 66 ശതമാനം പേര്‍ യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലുണ്ടെന്ന് കഴിഞ്ഞ വര്‍ഷം വിവരാവകാശ നിയമപ്രകാരം കേന്ദ്ര വിദേശകാര്യ മന്ത്രാലയം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

യുഎഇയില്‍ 34.1 ലക്ഷം പേരും, സൗദി അറേബ്യയില്‍ 25.9 ലക്ഷം പേരും കുവൈറ്റിൽ 10.2 ലക്ഷം പേരും ഖത്തറില്‍ 7.4 ലക്ഷം പേരും ഒമാനില്‍ 7.7 ലക്ഷം പേരും ബഹ്‌റൈനില്‍ 3.2 ലക്ഷം പേരും ഇസ്രയേലില്‍ 18,000 പേരുമാണ് സര്‍ക്കാര്‍ കണക്കുപ്രകാരമുള്ള പ്രവാസികളുടെ എണ്ണം.

advertisement

2023-ല്‍ 123 ബില്ല്യണ്‍ ഡോളറാണ് വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് പ്രവാസികൾ വഴി എത്തിയത്. യുഎസിന് ശേഷം യുഎഇയില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പണം കഴിഞ്ഞ വര്‍ഷം അയച്ചത്. ശക്തമായ തൊഴില്‍ വിപണിയും മിഡില്‍ ഈസ്റ്റിലെയും ഉയര്‍ന്ന വരുമാന സ്രോതസ്സുള്ള രാജ്യങ്ങളിലെയും കുറഞ്ഞ പണപ്പെരുപ്പ നിരക്കുമാണ് ഇന്ത്യയിലേക്കുള്ള പണമയക്കലില്‍ വര്‍ധനവ് രേഖപ്പെടുത്താന്‍ കാരണമെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അടുത്ത വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പണം അയക്കലില്‍ എട്ട് ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്നും റിപ്പോര്‍ട്ടുകൾ പ്രവചിക്കുന്നു.

advertisement

ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയാണ് 2022ല്‍ ഏറ്റവും കൂടുതല്‍ ജോലി വാഗ്ദാനം ചെയ്ത രാജ്യം. മിഡില്‍ ഈസ്റ്റിൽ യുഎഇ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ ഉള്ള രാജ്യം കൂടിയാണ് സൗദി അറേബ്യ.

2022-ല്‍ 1.78 ലക്ഷം ഇന്ത്യക്കാര്‍ക്കാണ് സൗദി അറേബ്യ തൊഴില്‍ നല്‍കിയത്. 2021നെ അപേക്ഷിച്ച് ഇത് അഞ്ച് മടങ്ങ് കൂടുതലാണ്. 2021ല്‍ 32845 പേര്‍ക്കും 2020-ല്‍ 44316 പേര്‍ക്കുമാണ് സൗദി തൊഴില്‍ നല്‍കിയത്. കുവൈറ്റാണ് സൗദിക്ക് തൊട്ടു പിറകില്‍ ഉള്ളത്. 2022ല്‍ 2021ലേക്കാള്‍ ഏഴുമടങ്ങ് പേര്‍ക്കാണ് കുവൈറ്റ് ജോലി വാഗ്ദാനം ചെയ്തത്. മൂന്നാമതായി ബഹ്‌റൈനാണ് ഉള്ളത്. 10,232 പേര്‍ക്കാണ് ബഹ്‌റൈനില്‍ 2022ല്‍ ജോലി ലഭിച്ചത്.

advertisement

സ്‌കില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററുകളില്‍ (എസ്‌ഐഐസി) പരിശീലനം നേടിയ ഏകദേശം 13,944 ഇന്ത്യക്കാര്‍ക്ക് സൗദി അറേബ്യയില്‍ ജോലി ലഭിച്ചതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ടു ചെയ്തു. ഇവിടെ നിന്ന് പരിശീലനം നേടിയ 3646 പേര്‍ക്കാണ് ഖത്തറില്‍ ജോലി ലഭിച്ചത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റ ജനസംഖ്യയുടെ ഏകദേശം 50 ശതമാനവും ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലാണ് ജോലി ചെയ്യുന്നത്. ഈ മേഖലയിലെ ഇന്ത്യന്‍ ജനസംഖ്യയുടെ 70 ശതമാനം പേരും ഭാഗികമായി നൈപുണ്യം നേടിയവരും അവിദഗ്ധ തൊഴിലാളികളുമാണ്. എന്നാല്‍, ഇന്ത്യന്‍ പ്രൊഫഷണലുകളില്‍ 20 മുതല്‍ 23 ശതമാനം വരെ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, ബാങ്കര്‍മാര്‍ തുടങ്ങിയ 'വൈറ്റ് കോളര്‍' ജോലികളില്‍ ഉള്‍പ്പെടുന്നു.

ഇസ്രായേലിലെ ഇന്ത്യക്കാര്‍

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന ആക്രമണത്തിന് ശേഷം ഒരു ലക്ഷം പലസ്തീനിയന്‍ തൊഴിലാളികളുടെ തൊഴില്‍ ലൈസന്‍സ് ഇസ്രായേല്‍ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് 42,000 ഇന്ത്യന്‍ നിര്‍മാണ തൊഴിലാളികളെ ജോലിക്കായി അവിടേക്ക് റിക്രൂട്ട് ചെയ്യാൻ ഇസ്രയേല്‍ അനുവദിച്ചു. ഇത് സംബന്ധിച്ച് ഇസ്രായേല്‍ വിദേശകാര്യമന്ത്രി എലി കോഹനും കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചിരുന്നു.

10000 നിര്‍മാണ തൊഴിലാളികള്‍ക്ക് ഇസ്രയേലില്‍ തൊഴില്‍ അവസരങ്ങളുണ്ടെന്ന് ഡിസംബറില്‍ ഹരിയാന സര്‍ക്കാര്‍ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. 3000 ആശാരിമാര്‍, ഇരുമ്പ് തൊഴിലാളികള്‍, 2000 ടൈല്‍ വര്‍ക്കേഴ്‌സ്, 2000 പ്ലാസ്റ്റര്‍മാര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. പ്രതിമാസം 6100 ഷെക്കല്‍ (ഏകദേശം 1.34 ലക്ഷം രൂപ) ശമ്പളമായി നല്‍കുമെന്നും സര്‍ക്കാരിന്റെ പരസ്യത്തില്‍ വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരും സമാനമായ പരസ്യം മാധ്യമങ്ങളില്‍ നല്‍കിയിരുന്നു.

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ കുടുങ്ങിപ്പോയ സംഭവങ്ങളും നേരത്തെ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. 2018ല്‍ ഇറാഖില്‍ ഐഎസ് ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി ഇന്ത്യ സമ്മതിച്ചിരുന്നു. 46 ഇന്ത്യന്‍ നഴ്‌സുമാരുടെ സംഘത്തെ ഒരാഴ്ചയിലേറെ തടവിലാക്കിയശേഷം 2014 ജൂലൈയില്‍ ഐഎസ് ഭീകരവാദികള്‍ മോചിപ്പിച്ചിരുന്നു.

ഇസ്രായേലിലെ ജീവിതച്ചെലവ്

ഇസ്രയേലിലെ ജീവിതച്ചെലവ് ലോകത്തിലെ 76 ശതമാനം രാജ്യങ്ങളേക്കാള്‍ ചെലവേറിയതാണെന്ന് 2023 ഓഗസ്റ്റില്‍ ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ടു ചെയ്തു. പാല്‍, ബ്രെഡ്, ചീസ് തുടങ്ങിയ അടിസ്ഥാന വസ്തുക്കള്‍ക്ക് മറ്റ് ഒഇസിഡി(Organisation for Economic Co-operation and Development-OECD ) രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ 58 മുതല്‍ 70 ശതമാനത്തിലധികം വില ഇവിടെ കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇസ്രയേലിലെ വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന്റെ വാടക 450 ഡോളര്‍ മുതല്‍ 750 ഡോളര്‍ വരെയാണ് (37295 രൂപ മുതല്‍ 62175 രൂപ വരെയാണ്) ഒരു ഇസ്രയേല്‍ ഷെക്കല്‍ 23.09 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്. ടെല്‍ അവീവില്‍ താമസിക്കുന്ന പ്രവാസികള്‍ താമസത്തിനായി കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഇവിടെത്തെ ഇന്റര്‍സിറ്റി ടാക്‌സികള്‍ക്ക് പോലും വളരെയധികം തുകയാണ് ഈടാക്കുന്നത്.

കെയര്‍ ഗിവര്‍ ജോലി

പ്രതിമാസം 1.25 ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്യപ്പെടുന്ന ഇസ്രയേലിലെ കെയര്‍ ഗിവര്‍ ജോലിയാണ് ഇന്ത്യക്കാരെ കൂടുതലായി ആകര്‍ഷിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ ജോലി അധികസമയം ചെയ്യുന്നവര്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനൊപ്പം സാബത്തില്‍ (വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മുതല്‍ ശനിയാഴ്ച ഉച്ച കഴിഞ്ഞ് വരെ) അവധിയും ലഭിക്കും.

നാല് വര്‍ഷവും മൂന്ന് മാസവും എന്ന കാലാവധിയിലാണ് കെയര്‍ഗിവര്‍ വിസ നല്‍കുന്നത്. ഇത് വീണ്ടും പുതുക്കാവുന്നതുമാണ്. വിസ കാലാവധി അവസാനിക്കുമ്പോള്‍ ജോലി ചെയ്യുന്നയാള്‍ രാജ്യം വിടണം.

ഓക്‌സിലറി നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫ് (എഎന്‍എം) അല്ലെങ്കില്‍ ജിഎന്‍എം (ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി) പൂര്‍ത്തിയായ ഒരാള്‍ക്ക് കെയര്‍ ഗിവര്‍ ജോലിക്കായി അപേക്ഷിക്കാം. ഹീബ്രുവിലുള്ള ഒരു മാസ കോഴ്‌സ് ഇവര്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഈ ജോലിക്ക് ഇംഗ്ലീഷ് പ്രാവീണത്തിനുള്ള പരീക്ഷകള്‍ പാസാകേണ്ടതില്ലയെന്നതും പ്രത്യേകതയാണ്.

1990കളുടെ മധ്യം മുതൽ ഈ ജോലിക്കായി പ്രവാസികള്‍ ഇസ്രയേലിലേക്ക് പോകാറുണ്ട്. പ്രായമായവര്‍ക്കും വികലാംഗര്‍ക്കും ഹോം കെയര്‍ സേവനം സ്വീകരിക്കാന്‍ അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു നിയമം 1986-ല്‍ ഇസ്രായേല്‍ സര്‍ക്കാര്‍ പാസാക്കിയതിന് ശേഷമാണ് ഇന്ത്യക്കാര്‍ വ്യാപകമായി ഈ ജോലി തേടി അവിടേക്ക് പോയി തുടങ്ങിയത്.

മലയാളം വാർത്തകൾ/ വാർത്ത/Explained/
ഇസ്രായേലില്‍ മലയാളി കൊല്ലപ്പെട്ട സംഭവം; മിഡില്‍ ഈസ്റ്റിലെ ഇന്ത്യക്കാരുടെ ജീവിതവും സുരക്ഷിതത്വവും വീണ്ടും ചര്‍ച്ചയാകുന്നു
Open in App
Home
Video
Impact Shorts
Web Stories