വിദഗ്ധരുടെ അഭിപ്രായം
ഒരു ഒക്യുപേഷണല്‍ തെറാപ്പിസ്റ്റായ ആന്‍ഡ്രൂ ബ്രാക്കന്‍ ഈ പ്രതിഭാസത്തെപ്പറ്റി വിശദമായ വിശകലനം നടത്തിയിരുന്നു. ഐഫോണ്‍ ഫിംഗര്‍ എന്നത് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഔദ്യോഗികമായി ഈ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം മറ്റ് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ക്യുബിറ്റല്‍ ടണല്‍ സിന്‍ഡ്രോം, കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം എന്നിവ അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കാരണമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
advertisement
ആരോഗ്യപ്രശ്‌നങ്ങള്‍
അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വ്യക്തികളുടെ ആരോഗ്യത്തില്‍ സാരമായ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും ബ്രാക്കന്‍ പറഞ്ഞു. ഇടവേളകളില്ലാത്ത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൈയ്ക്കും വിരലുകള്‍ക്കും മരവിപ്പും വേദനയും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരന്തരമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം സന്ധികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ. പീറ്റര്‍ ഇവാന്‍സ് പറഞ്ഞു. ദി ന്യൂയോര്‍ക്ക് പോസ്റ്റിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്ലിനോഡാക്റ്റിലി പോലെയുള്ള ജനിതക പ്രശ്‌നങ്ങളെപ്പറ്റിയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ചെറുവിരലിന്റെ അറ്റം മോതിരവിരലിനോട് അടുത്ത് വളഞ്ഞുനില്‍ക്കുന്ന അവസ്ഥയാണിത്. എന്നാല്‍ ഇവയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗവുമായി നേരിട്ട് ബന്ധമില്ലെന്നും വിദഗ്ധര്‍ പറഞ്ഞു. അതേസമയം ഐഫോണ്‍ ഫിംഗര്‍ പ്രതിഭാസത്തെ ചെറുക്കാന്‍ ചില വഴികള്‍ നിര്‍ദ്ദേശിച്ച് വിദഗ്ധര്‍ രംഗത്തെത്തുകയും ചെയ്തു. ചെറുവിരലിന് മേലുള്ള ഭാരം കുറയ്ക്കാന്‍ പോപ്‌സോക്കറ്റുകള്‍ ഉപയോഗിക്കുന്നത് നല്ലതാണെന്ന് ചിലര്‍ പറഞ്ഞു. ഒപ്പം ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതാണ് ഇതിനൊരു മികച്ച പരിഹാരമെന്ന് മറ്റു ചിലർ നിര്‍ദ്ദേശിച്ചു.