പിഴ വർധിപ്പിക്കും
ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കൂടുതൽ പിഴ ചുമത്താനാണ് പുതിയ തീരുമാനം. അമിത വേഗതയിൽ വാഹനം ഓടിക്കുന്നവർ അടയ്ക്കേണ്ട പിഴത്തുക വർധിക്കും. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവർ 1000 രൂപ മുതൽ 2000 രൂപ വരെ പിഴ അടയ്ക്കേണ്ടി വരും. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ച് പിടിക്കപ്പെട്ടാൽ അവരുടെ രക്ഷിതാക്കൾ നിയമ നടപടി നേരിടേണ്ടി വരും. 25000 രൂപ പിഴ അടയ്ക്കേണ്ടിയും വരും. 25 വയസ്സ് തികയുന്നത് വരെ ഇവർക്ക് ലൈസൻസ് അനുവദിക്കില്ല.
advertisement
ആർടിഒ ഓഫീൽ നിന്ന് തന്നെ ഡ്രൈവിങ് ടെസ്റ്റ് ചെയ്യേണ്ടതില്ല
ലൈസൻസിനായി അപേക്ഷിക്കുന്നവർ പ്രാദേശിക ആർടി ഓഫീസിൽ നിന്ന് തന്നെ ഡ്രൈവിങ് ടെസ്റ്റ് ചെയ്യണമെന്ന നിർബന്ധം ഇനിയുണ്ടാവില്ല. സ്വകാര്യ സ്ഥാപനങ്ങൾക്ക് ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള അനുമതി നടത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ.
സ്വകാര്യ ഡ്രൈവിങ് സ്കൂളുകൾക്കായിരിക്കും ടെസ്റ്റ് നടത്താനുള്ള അനുമതി നൽകുക. ഇതിനായി യോഗ്യത നേടാൻ ചില മാനദണ്ഡങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ടെസ്റ്റ് ചെയ്യാൻ ആവശ്യത്തിന് സ്ഥലവും സൌകര്യവും യോഗ്യതയുള്ള ആളുകളുമുള്ള സ്ഥാപനങ്ങൾക്ക് മാത്രമേ ടെസ്റ്റ് നടത്താൻ അനുമതി നൽകുകയുള്ളൂ.
അപേക്ഷ മുതൽ ലൈസൻസ് വരെ ഇനിയെളുപ്പം...
ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നത് മുതൽ അത് കയ്യിൽ കിട്ടുന്നത് വരെയുള്ള പ്രക്രിയ കൂടുതൽ എളുപ്പമാക്കിയിരിക്കുകയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. ഓൺലൈനായും ആർടിഒ ഓഫീസുകളിൽ നേരിട്ടും ഡ്രൈവിങ് ലൈസൻസിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇരു ചക്ര വാഹനങ്ങളുടെ ലൈസൻസിന് അപേക്ഷിക്കുന്നവരും നാല് ചക്ര വാഹനങ്ങളുടെ ലൈസൻസിന് അപേക്ഷിക്കുന്നവരും നൽകേണ്ട രേഖകളിൽ വ്യത്യാസമുണ്ടാവും.
ഫീസ് അറിയാം
പുതിയ നിയമം പ്രകാരം ലേണേഴ്സ് ലൈസൻസിന് അപേക്ഷിക്കാൻ 150 രൂപയാണ് നൽകേണ്ടത്. ടെസ്റ്റിനും റീ ടെസ്റ്റിനും 50 രൂപയായിരിക്കും അധിക ഫീസ്. സാധാരണ ഡ്രൈവിങ് ടെസ്റ്റിനും റീ ടെസ്റ്റിനും 300 രൂപയാണ് ഫീസ്. ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് 200 രൂപയാണ് അടയ്ക്കേണ്ടതായി വരിക. അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റിന് 1000 രൂപയാണ് അടയ്ക്കേണ്ടത്. ചരക്കുഗതാഗത വാഹനങ്ങളുടെ ലൈസൻസിന് അപേക്ഷിക്കുന്നവർ 200 രൂപയാണ് ഫീസ് അടയ്ക്കേണ്ടത്. ലൈസൻസ് പുതുക്കുന്നതിനും 200 രൂപ ഫീസ് വേണ്ടി വരും.