എന്താണ് 'റൈതുബന്ധു' പദ്ധതി?
കര്‍ഷകര്‍ക്ക് നേരിട്ട് വരുമാനം ഉറപ്പാക്കുന്ന തെലങ്കാന സര്‍ക്കാരിന്റെ ഏറെ പ്രശസ്തമായ പദ്ധതിയാണ് 'റൈതു ബന്ധു' പദ്ധതി. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ആശയമാണ് ഈ പദ്ധതി. 2014-ലാണ് ഈ പദ്ധതി അവതരിപ്പിച്ചതെങ്കിലും തെലങ്കാന സര്‍ക്കാരിന് കീഴിലെ കൃഷി, കര്‍ഷക ക്ഷേമ വകുപ്പ് 2018-ലാണ് പദ്ധതി നടപ്പാക്കിയത്. ഒരു ഏക്കര്‍ സ്ഥലത്തെ കൃഷിക്ക് 5000 രൂപ വീതം നല്‍കുന്ന പദ്ധതിയാണിത്. ആകസ്മികമായി ഉണ്ടാകുന്ന പ്രതിസന്ധികള്‍ നേരിടാനും കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കാനും കര്‍ഷകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. വലിയ പലിശ നിരക്കില്‍ വ്യക്തിഗത വായ്പകള്‍ എടുക്കുന്നതില്‍ നിന്ന് കര്‍ഷകരെ തടയുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഈ പദ്ധതിക്ക് കീഴില്‍ വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം കര്‍ഷകര്‍ക്ക് പണം നേരിട്ട് ലഭിക്കും.
advertisement
ഈ പദ്ധതിക്ക് കീഴില്‍ നേട്ടം ആര്‍ക്ക്?
കര്‍ഷകര്‍ക്ക് നേരിട്ട് പണം ലഭിക്കുന്ന രാജ്യത്തെ ആദ്യത്തെ കര്‍ഷക നിക്ഷേപ പിന്തുണാ പദ്ധതിയാണിത്. 2018-19 നും 2021-22 നും ഇടയില്‍ 65,000 കോടി രൂപയാണ് സര്‍ക്കാര്‍ ഈപദ്ധതിയിലൂടെ വിതരണം ചെയ്തിരിക്കുന്നത്. ഏകദേശം 52 ലക്ഷം മുതല്‍ 65 ലക്ഷം വരെ കര്‍ഷകര്‍ക്ക് ഇതുകൊണ്ട് നേട്ടമുണ്ടായി. റൈതു ബന്ധുവിന്റെ കീഴിലുള്ള 92.5 ശതമാനം ഗുണഭോക്താക്കളും ഇപ്പോഴും 10 ഏക്കറില്‍ താഴെ ഭൂമിയുള്ള ചെറുകിട നാമമാത്ര കര്‍ഷകരാണെന്ന് കൃഷി മന്ത്രി എസ് നിരഞ്ജന്‍ റെഡ്ഡി പറഞ്ഞു.
ഈ തുക 10000 മുതല്‍ 16,000 രൂപ വരെയാക്കി ഉയര്‍ത്തുമെന്ന് സര്‍ക്കാര്‍ തെരഞ്ഞടുപ്പിന് മുമ്പായി പ്രഖ്യാപിച്ചിരുന്നു. ഇതിന് ബദലായി പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇന്ദിരാമ്മ റൈതു ബറോസ എന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. വര്‍ഷത്തില്‍ കര്‍ഷകന് 15,000 രൂപ വരെ നല്‍കുന്ന പദ്ധതിയാണിതെന്ന് അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിന് സമാനമായ കര്‍ഷകക്ഷേമ പദ്ധതികള്‍ മറ്റു സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പദ്ധതി നിറുത്തിവെക്കാന്‍ തെരഞ്ഞടുപ്പു കമ്മിഷന്‍ ആവശ്യപ്പെട്ടത് എന്തുകൊണ്ട്?
തുക വിതരണം ചെയ്യാന്‍ തെരഞ്ഞടുപ്പു കമ്മിഷന്‍ സര്‍ക്കാരിന് ആദ്യം അനുമതി നല്‍കിയിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പദ്ധതിയെക്കുറിച്ച് പൊതുപ്രഖ്യാപനം നടത്തരുതെന്ന് കമ്മിഷന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
തെരഞ്ഞെടുപ്പിന് മുമ്പായുള്ള ഒരു തീയതിയില്‍ പണം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് എത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ടി ഹരീഷ് റാവു ഒരുതെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രഖ്യാപിച്ചിരുന്നു. ''തിങ്കളാഴ്ച പണം വിതരണം ചെയ്യും. രാവിലെ ചായ കുടിക്കുന്നതിന് മുമ്പായി പണം അക്കൗണ്ടിലെത്തും,'' മന്ത്രി പറഞ്ഞു.
ബിആര്‍എസിന്റെ സ്ഥാനാര്‍ഥി കൂടിയായ മന്ത്രി നടത്തിയ പ്രസ്താവന കമ്മിഷന്‍ ശ്രദ്ധിക്കുകയും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തുകയുമായിരുന്നു. സംസ്ഥാനത്തെ മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് വരെ പണം വിതരണം ചെയ്യരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കര്‍ഷകര്‍ക്കു നല്‍കുന്ന സാമ്പത്തിക സഹായം നിറുത്തിവെക്കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്.