ചൊവ്വയുടെ പ്രതലത്തിൽ ഉപേക്ഷിക്കപ്പെട്ട ഹാർഡ് വെയർ, നിർജ്ജീവമായ ബഹിരാകാശ വാഹനങ്ങൾ, ഇടിച്ചിറങ്ങിയ ബഹിരാകാശ വാഹനങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനമെന്ന് കിലിക് തൻ്റെ ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ചൊവ്വയിലേക്കുള്ള ബഹിരാകാശ ദൗത്യങ്ങൾക്ക്, ബരിഹാകാശ പേടകത്തെ പരിരക്ഷിക്കുന്ന ഒരു പ്രത്യേക പാളിയുടെ ആവശ്യമുണ്ട്. ഇതിൽ, ബഹിരാകാശ വാഹനം ഗ്രഹത്തിൻ്റെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന ചൂടിൽ നിന്ന് പരിരക്ഷിക്കാനുള്ള ഒരു കവചം, സുഗമമായി ലാൻ്റ് ചെയ്യാനുള്ള ലാൻ്റിംഗ് ഹാർഡ് വെയർ എന്നിവ ആവശ്യമാണ്.
ബഹിരാകാശ വാഹനം താഴോട്ടിറങ്ങുമ്പോൾ ഈ ലാൻ്റിംഗ് മൊഡ്യൂളിൻ്റെ ഒരു ഭാഗം അത് ഉപേക്ഷിക്കുന്നു. ഇത് ഗ്രഹത്തിൻ്റെ പല ഭാഗങ്ങളിലായി നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. മാലിന്യം ഉണ്ടാകുന്ന പ്രധാനപ്പെട്ട ഒരു രീതി ഇതാണെന്ന് ലേഖനത്തിൽ വ്യക്തമാക്കുന്നു.
advertisement
ചൊവ്വയിലെ മാലിന്യത്തിൻ്റെ മറ്റൊരു കാരണം നിർജ്ജീവമായ ബഹിരാകാശ വാഹനങ്ങളാണ്. നിലവിൽ പ്രവർത്തനം നിലച്ച അത്തരം 9 വാഹനങ്ങൾ ഗ്രഹത്തിൻ്റെ പ്രതലത്തിലുണ്ടെന്നാണ് കണക്ക്. മാർസ് 3 ലാൻ്റർ, മാർസ് 6 ലാൻ്റർ, വൈക്കിംഗ് 1 ലാൻ്റർ, വൈക്കിംഗ് 2 ലാൻ്റർ, സൊജോണർ റോവർ, മുൻപ് നഷ്ടപ്പെട്ട ബീഗിൾ 2 ലാൻ്റർ, ഫീനിക്സ് ലാൻ്റർ, സ്പിരിറ്റ് റോവർ, ഓപ്പർച്യൂണിറ്റി റോവർ എന്നിവയാണ് നിർജ്ജീവമായ അവസ്ഥയിലുള്ള പേടകങ്ങൾ.
ഈ വാഹനങ്ങൾ മിക്കവയും കുഴപ്പമില്ലാത്ത അവസ്ഥയിൽ ആണെങ്കിൽ ചിലതിന് തേയ്മാനം വന്നിട്ടുണ്ട്. ഇക്കാരണത്താൽ ചൊവ്വയുടെ പല ഭാഗങ്ങളിലായി, ഇവയിൽ നിന്ന് വേർപെട്ടു പോയ ചെറിയ കഷണങ്ങളായുള്ള മാലിന്യം ചിതറിക്കിടക്കുന്നുണ്ട്. ഇടിച്ചിറങ്ങുകയോ നിയന്ത്രണം നഷ്ടമാകുകയോ ചെയ്ത പേടകങ്ങളാണ് മാലിന്യത്തിൽ പങ്കു വഹിക്കുന്ന മൂന്നാമത്തെ ഭാഗം. ഇതുവരെ രണ്ട് പേടകങ്ങൾ ചൊവ്വയിൽ ഇടിച്ചിറങ്ങിയപ്പോൾ ഒന്ന് സുരക്ഷിതമായി ലാൻ്റ് ചെയ്ത ശേഷം ഭൂമിയുമായുള്ള ബന്ധം നഷ്ടപ്പെടുകയാണ് ഉണ്ടായത്.
ഇത്തരത്തിൽ ബഹിരാകാശ പേടകങ്ങളുടെ മാലിന്യം ഏകദേശം 15000 പൗണ്ടോളം ചൊവ്വയിൽ ഉണ്ടാകാം എന്നാണ് കിലിക് പറയുന്നത്. ഏകദേശം 22000 പൗണ്ട് (ഏകദേശം 9979 കിലോ) ആണ് ഇതുവരെ ചൊവ്വയിലേക്ക് അയച്ചിട്ടുള്ള വാഹനങ്ങളുടെ ആകെ ഭാരം. ഇതിൽ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നവയുടെ ഭാരം ഏതാണ്ട് 6306 പൗണ്ട് (2860 കിലോ) വരും.
ഇത്രയും മാലിന്യവും അവശിഷ്ടവും ചൊവ്വയുടെ ഉപരിതലത്തിൽ തുടരുന്നത് നിലവിലെയും ഭാവിയിലെയും പര്യവേഷണ പ്രവർത്തനങ്ങൾക്കും അപകട സാധ്യത ഉണ്ടാക്കുന്നതായി ശാസ്ത്രജ്ഞർ കരുതുന്നു. മനുഷ്യൻ്റെ ആദ്യകാല ബഹിരാകാശ പര്യവേഷണങ്ങളിലെ നാഴികക്കല്ലുകൾ ആയതിനാൽ, ഈ അവശിഷ്ടങ്ങളുടെ പഠനത്തിനും പ്രാധാന്യമുണ്ട്.
