ഈ മാസം ഏഴാം തിയതി ആകുമ്പോൾ യുദ്ധം അഞ്ചു മാസം പിന്നിടുകയാണ്. ഇതുവരെ ഇസ്രയേലും ഹമാസും ഏറ്റുമുട്ടിയതിൽ വച്ചേറ്റഴും രക്തരൂഷിതമാണ് ഈ യുദ്ധം എന്ന കാര്യത്തിൽ തർക്കമില്ല. ഗാസയിലെ ഹമാസിനെ വകവരുത്തുമെന്ന പ്രഖ്യാപനം അന്വർഥമാകും പോലെയാണ് യുദ്ധത്തിന്റെ ബാക്കി. ഇതുവരെ മരണം മുപ്പതിനായിരം കടന്നു. കൃത്യമായി പറഞ്ഞാൽ ശനിയാഴ്ച രാത്രി വരെയുള്ള കണക്ക് അനുസരിച്ച് മുപ്പതിനായിരത്തി നാനൂറ്റി പത്തു പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. എഴുപത്തൊന്നായിരത്തി എഴുനൂറു പേർക്കു പരുക്കേറ്റതായും ഗാസ ഹെൽത്ത് മിനിസ്ട്രിയുടെ കണക്കുകളിൽ പറയുന്നു.
advertisement
സാധാരണ പ്രദേശങ്ങളിൽ വീണ ബോംബുകളിലും മിസൈലുകളിലും നിരവധി ഗാസൻ ജനങ്ങളാണ് മരിച്ചു വീണത്. പിന്നാലെ ആക്രമണം സ്കൂളുകളും ആശുപത്രികളും ലക്ഷ്യമിട്ടായി. ഇതിനു വ്യക്തമായ കാരണം ചൂണ്ടിക്കാട്ടാൻ ഇസ്രയേലിന്റെ പക്കലുണ്ടായിരുന്നു. ഹമാസ് ഭീകരർ സാധാരണ ഗാസൻ ജനതയ്ക്കൊപ്പം വേഷം മാറി കഴിയുന്നു എന്നാണ് ഇസ്രയേൽ ആരോപിച്ചത്. ആക്രമണം കനത്തപ്പോൾ ഭീകരർ ആശുപത്രികളിലേക്കു താവളം മാറ്റിയെന്നും ആശുപത്രികളിലേക്കു തുറക്കുന്ന തുരങ്കങ്ങളുണ്ടെന്നും ഇസ്രയേൽ പറഞ്ഞു. ആദ്യം ലോകം ഇതെല്ലാം വിശ്വസിക്കാൻ പ്രയാസപ്പെട്ടെങ്കിലും ഗാസയിൽ കടന്നു ചെന്ന ഇസ്രേലി സൈന്യം ഇതെല്ലാം സത്യമാണെന്ന് ലോകത്തെ അറിയിച്ചു. ഓരോ തെളിവുകളും നിരത്തി.
കഴിഞ്ഞദിവസം യുഎൻ സംഘം എത്തിച്ചു നൽകിയ ഭക്ഷണത്തിനായി കാത്തുനിന്നവർക്കു നേരെ ഇസ്രയേൽ വെടിവച്ചിരുന്നു. നൂറിലേറെ പേർ ഈ സംഭവത്തിൽ മരിച്ചു. ഇതാണ്, ഒടുവിലെ ഏറ്റവും വലിയ മനുഷ്യക്കുരുതി. എന്നാൽ, വെടിവയ്പിലാണ് ഇത്രയധികം പേർ മരിച്ചതെന്ന വാദം തള്ളുകയാണ് ഇസ്രയേൽ. ഭക്ഷണം വാങ്ങാനുണ്ടായ തിക്കിലും തിരക്കിലുമാണ് ഭൂരിഭാഗം മരണങ്ങളെന്നും, ജനക്കൂട്ടം അക്രമാസക്തമാകുമെന്നു കണ്ടപ്പോൾ മാത്രമാണ് വെടിവച്ചതെന്നുമാണ് ഇസ്രേലി സേനയുടെ വിശദീകരണം. എന്തായാലും സംഭവത്തെ അറബ് രാജ്യങ്ങളും യുഎസും കടുത്ത ഭാഷയിൽ അപലപിച്ചിട്ടുണ്ട്.
ഇസ്രയേൽ പദ്ധഥിയിട്ടതുപോലെ ഗാസ സിറ്റി ഏതാണ്ട് പൂർണമായും അഞ്ചുമാസം കൊണ്ട് ഒരു കോൺക്രീറ്റ് കൂനയായിക്കഴിഞ്ഞിട്ടുണ്ട്. ഗാസയിെല ശേഷിച്ച താമസക്കാരിൽ ഭൂരിഭാഗവും നാടുവിട്ടു. കെട്ടിടങ്ങളും മറ്റും നശിച്ചുവീണിട്ടും ഗാസൻ ജനത ഇവിടെനിന്ന് പോകാൻ കൂട്ടാക്കിയിരുന്നില്ല. ഇസ്രയേലിന്റെ മുന്നും പിന്നും നോക്കാതെയുള്ള യുദ്ധത്തിൽ വിമർശനങ്ങളും ഉയർന്നത് ഇങ്ങനെയാണ്. ഇതിനേക്കാൾ ഗുരുതരമാണ് ഗാസയിലെ ജനങ്ങൾ മുഴുപ്പട്ടിണിയിലാണെന്ന കാര്യം. യുഎൻ എത്തിക്കുന്ന സഹായ വസ്തുക്കൾ ഗാസയിലെ പത്തിലൊന്നു പേർക്കു പോലും തികയുന്നില്ല. അതുകൊണ്ടു തന്നെയാണ് സഹായ വാഹനങ്ങൾ എത്തുമ്പോൾ വലിയ തിക്കും തിരക്കുമുണ്ടാകുന്നത്.
ഒക്ടോബർ ഏഴിന് ഹമാസുകാർ ബന്ദികളാക്കിയ ഇരുനൂറ്റമ്പതോളം പേരിൽ എത്രപേർ ജീവനോടെ ബാക്കിയുണ്ടെന്ന കാര്യത്തിൽ വലിയ ആശങ്ക ഇപ്പോഴുമുണ്ട്. 120 പേരെ മോചിപ്പിച്ചിരുന്നു. ശേഷിച്ച 130ഓളം പേരിൽ 31 പേർ ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പട്ടതായി ഹമാസ് അറിയിച്ചിരുന്നു. എന്നാൽ, ബാക്കിയുള്ളവർ ജീവനോടെയുണ്ടോ എന്നു വ്യക്തമാക്കാൻ ഇതുവരെ ഹമാസ് തയാറായിട്ടില്ല. ഇവരുടെ കാര്യത്തിൽ ഒരു വ്യക്തത വരുത്താൻ ഇസ്രയേൽ ആവശ്യപ്പെടുമെന്നുറപ്പാണ്.
അതിനിടെ, റമദാൻ കാലം കണക്കുകൂട്ടി വെടിനിർത്തലിനുള്ള ശ്രമങ്ങളിലാണ് അറബ് രാജ്യങ്ങൾ. ഖത്തർ മുൻകൈയെടുത്തു ഇസ്രയേലിനും ഹമാസിനുമിടയിൽ ഒരു ധാരണ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. മാർച്ച് പത്തോടെ റമദാൻ മാസം ആരംഭിക്കും. ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ച് പുണ്യവ്രതമാസമായതിനാൽ ആറാഴ്ചത്തേക്ക് യുദ്ധം നിർത്തിവയ്ക്കാനുള്ള സമ്മർദം ഇസ്രയേലിനു മേൽ അറബ് രാജ്യങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇതിനായുള്ള ചർച്ചകളും അവസാന ഘട്ടത്തിലാണ്. യുഎന്നും ചില വിദേശരാജ്യങ്ങളും ഗാസയിൽ ആശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്. അതേസമയം, ഗാസയിലേക്കുള്ള വഴികൾ പലതും ഇസ്രയേൽ അടച്ചിട്ടിരിക്കുകാണ്. അതുകൂടാതെ, കടുത്ത നിയന്ത്രണവും ഉണ്ട്.
എന്തായാലും പുണ്യ റമദാൻ മാസത്തിൽ യുദ്ധം തുടരില്ലെന്ന പ്രതീക്ഷയിലാണ് അറബ് ലോകം. വരുന്ന രണ്ടോ മൂന്നോ ദിവസങ്ങളിൽ ഇക്കാര്യത്തിൽ തീരുമാനമാകണം. യുദ്ധം തകർത്തുകളഞ്ഞ ഭൂമിയിൽ ശേഷിക്കുന്ന സാധാരണ പലസ്തീൻകാർ അത് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, ഇത്രയും നാൾ നീണ്ടു നിൽക്കുന്ന വെടിനിർത്തൽ വലിയ ആശങ്കയും ഇസ്രയേലിന് നൽകുന്നുണ്ട്. ആറാഴ്ചയൊക്കെ സമയം നൽകിയാൽ ഹമാസുകാർ വീണ്ടും കരുത്താർജിക്കാൻ ശ്രമിക്കുമോ എന്നതാണ് അത്. അതുകൊണ്ടു തന്നെ അമേരിക്കയുടെയെല്ലാം സമ്മർദമുണ്ടെങ്കിലും വെടിനിർത്തൽ എന്ന ആവശ്യത്തോട് ഇസ്രയേൽ പൂർണമായി സഹകരിക്കുമോ എന്നത് വരും നാളുകളിൽ കണ്ടറിയുക തന്നെ ചെയ്യണം.
