TRENDING:

'വിസർജ്യത്തിന് സ്യൂട്ട്‌കേസ് മുതല്‍ ഫുഡ് ലാബ്' വരെ; വിദേശ സന്ദര്‍ശനങ്ങളില്‍ പുടിന് അസാധാരണമായ സുരക്ഷ

Last Updated:

റഷ്യയുടെ ഏറ്റവും രഹസ്യ സുരക്ഷാ സ്ഥാപനങ്ങളിലൊന്നായ ഫെഡറല്‍ പ്രൊട്ടക്ടീവ് സര്‍വീസിന്റെ (എഫ്എസ്ഒ) നിര്‍ദേശപ്രകാരമാണ് ഈ നടപടിക്രമങ്ങള്‍ പാലിച്ചു വരുന്നത്. പുടിന്റെ വിദേശ യാത്രകള്‍ എങ്ങനെ നടത്തപ്പെടണമെന്ന് തീരുമാനിക്കുന്നതും അതിന് നട്ടെല്ലായി പ്രവര്‍ത്തിക്കുന്നതും അവരാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അടുത്ത ദിവസം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയാണ്. അദ്ദേഹത്തിന്റെ വിദേശസന്ദര്‍ശനങ്ങളില്‍ പാലിക്കുന്ന അസാധാരണമായ രഹസ്യാത്മകതയും കൃത്യതയും നിരവധി തവണ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അദ്ദേഹം യാത്ര ചെയ്യുന്ന ഓരോ രാജ്യത്തും ഇതിനുള്ള ക്രമീകരണങ്ങള്‍ സ്വതന്ത്രമായി ഒരുക്കുന്നു. പുടിന്റെ വിദേശ സന്ദര്‍ശനങ്ങളില്‍ ദീര്‍ഘകാലമായി കര്‍ശനമായ മുന്‍കരുതല്‍ നിലനില്‍ക്കുന്നു. ഇതിനൊപ്പം കര്‍ശനമായി നിയന്ത്രിക്കപ്പെടുന്ന ലോജിസ്റ്റിക്‌സ്, അദ്ദേഹത്തോടൊപ്പം നീങ്ങുന്ന ഒരു സുരക്ഷാ സംഘവുമുണ്ട്.
വ്ളാഡിമിർ പുടിൻ  (AP Photo)
വ്ളാഡിമിർ പുടിൻ (AP Photo)
advertisement

റഷ്യയുടെ ഏറ്റവും രഹസ്യ സുരക്ഷാ സ്ഥാപനങ്ങളിലൊന്നായ ഫെഡറല്‍ പ്രൊട്ടക്ടീവ് സര്‍വീസിന്റെ (എഫ്എസ്ഒ) നിര്‍ദേശപ്രകാരമാണ് ഈ നടപടിക്രമങ്ങള്‍ പാലിച്ചു വരുന്നത്. പുടിന്റെ വിദേശ യാത്രകള്‍ എങ്ങനെ നടത്തപ്പെടണമെന്ന് തീരുമാനിക്കുന്നതും അതിന് നട്ടെല്ലായി പ്രവര്‍ത്തിക്കുന്നതും അവരാണ്.

കടുത്ത നിയന്ത്രണത്തിന്റെ കീഴിലാണ് പുടിന്റെ ഭക്ഷണക്രമം പോലും പാലിക്കപ്പെടുന്നത്. ടോയ്‌ലറ്റില്‍ പോകുന്നതിന് പോലും ചില പ്രോട്ടോക്കോളുകള്‍ ഉണ്ട്. അംഗരക്ഷകരെ സസൂക്ഷ്മമാണ് തിരഞ്ഞെടുക്കുന്നത്. അദ്ദേഹത്തിന്റെ വ്യക്തിഗത സുരക്ഷ, സ്വകാര്യത, ആരോഗ്യവിശദാംശങ്ങള്‍ എന്നിവ ഏതൊരു രാജ്യത്തിന്റെയും രഹസ്യത്തപ്പോലെ കര്‍ശനമായി കൈകാര്യം ചെയ്യപ്പെടുന്നു.

advertisement

വിദേശ സന്ദര്‍ശനങ്ങളില്‍ പൂപ് സ്യൂട്ട്‌കേസുകള്‍ അദ്ദേഹത്തിനൊപ്പം കൊണ്ടുപോകുന്നതിന്റെ കാരണം

വിദേശരാജ്യസന്ദര്‍ശങ്ങളില്‍ അദ്ദേഹത്തിനൊപ്പം പൂപ്പ് സ്യൂട്ട്‌കേസുകള്‍ കൊണ്ടുപോകാറുണ്ട്. അദ്ദേഹത്തിന്റെ മലമൂത്ര വിസര്‍ജ്യങ്ങള്‍ ശേഖരിച്ച് സീല്‍ ചെയ്ത് അത് റഷ്യയിലേക്ക് തിരികെ കൊണ്ടുപോകുന്നു. പത്രപ്രവര്‍ത്തകരായ റെജിസ് ജെന്റെയും മിഖായേല്‍ റൂബിനും ഫ്രഞ്ച് മാസികയായ പാരീസ് മാച്ചിലാണ് ഇക്കാര്യം ആദ്യമായി വെളിപ്പെടുത്തിയത്. 2022ല്‍ ദി ഇന്‍ഡിപെന്‍ഡന്റും ഇതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ പുടിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മലമൂത്ര വിശകലനത്തിലൂടെ മനസ്സിലാക്കുമെന്ന ധാരണയാണ് ഇതിന് പിന്നില്‍. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പൂപ്പ് സ്യൂട്ട്‌കേസുകള്‍ ഒപ്പം കൊണ്ടുപോകുന്നത്.

advertisement

പുടിന്റെ അംഗരക്ഷകര്‍ അദ്ദേഹത്തിന്റെ വിസര്‍ജ്യങ്ങള്‍ ശേഖരിച്ച് സീല്‍ ചെയ്ത ബാഗുകളില്‍ പാക്ക് ചെയ്ത്  ഒരു പ്രത്യേക ബ്രീഫ് കേസുകളില്‍ സൂക്ഷിക്കുകയും പിന്നീട് മോസ്‌കോയിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2017ലെ ഫ്രാന്‍സ് സന്ദര്‍ശനത്തിലും 2019ല്‍ നടത്തിയ സൗദി അറേബ്യന്‍ യാത്രയിലും അടുത്തിടെ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിലും ഈ രീതി പിന്തുടര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബിബിസി മുന്‍ പത്രപ്രവര്‍ത്തകയായ ഫരീദ റുസ്തമോവയും ഇത്തരമൊരു സംഭവമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശയാത്രകളില്‍ പുടിന്‍ ചിലപ്പോള്‍ ഒരു സ്വകാര്യ ബാത്ത്‌റൂം അല്ലെങ്കില്‍ പോര്‍ട്ടബിള്‍ ടോയ്‌ലറ്റ് പോലും ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പുടിന്‍ റഷ്യന്‍ പ്രസിഡന്റായപ്പോള്‍ മുതല്‍ ഈ രീതി പിന്തുടരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

advertisement

മനുഷ്യവിസര്‍ജ്യം പണ്ടുമുതലേ ഒരു രഹസ്യാന്വേഷണ വസ്തുവായി കണക്കാക്കപ്പെട്ടിട്ടുണ്ട്. 1949ല്‍ മാവോ സെ തുങ്ങിന്റെ മലം പരിശോധിക്കാന്‍ ജോസഫ് സ്റ്റാലിന്‍ ഉത്തരവിട്ടതായി പറയപ്പെടുന്നു. ശീതയുദ്ധകാലത്ത് ബ്രിട്ടീഷ് ഏജന്റുമാര്‍ സോവിയന്റ് സൈനികര്‍ ഉപയോഗിച്ച ടോയ്‌ലറ്റ് പേപ്പര്‍ പരിശോധിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

പുടിനേക്കാള്‍ മുന്നില്‍ സഞ്ചരിക്കുന്ന സുരക്ഷാ ശൃംഖല

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സുരക്ഷയുള്ള നേതാക്കളില്‍ ഒരാളാണ് പുടിന്‍. 1996ല്‍ രൂപീകരിക്കപ്പെട്ടതും കെജിബിയില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച പ്രോട്ടോക്കോളുകള്‍ ചേര്‍ത്ത് വെച്ച് രൂപപ്പെടുത്തിയതുമായ ഫെഡറല്‍ പ്രൊട്ടക്ടീവ് സര്‍വീസ് (എഫ്എസ്ഒ)ആണ് പുടിന് സുരക്ഷയൊരുക്കുന്നത്. അതിനുള്ളിലാണ് അദ്ദേഹത്തിന്റെ സ്വകാര്യ അംഗരക്ഷകര്‍ ഉള്‍പ്പെടുന്നത്. പ്രസിഡന്‍ഷ്യല്‍ സെക്യൂരിറ്റി സര്‍വീസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇവരെ തിരഞ്ഞെടുക്കുന്ന രീതി റഷ്യയിലെ ഏറ്റവും കര്‍ശനമായ തിരിഞ്ഞെടുപ്പ് പ്രക്രിയകളിലൊന്നാണ്.

advertisement

ഇവരുടെ തിരഞ്ഞെടുപ്പിനും കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് 35 വയസ്സ് കവിയരുത്. കൂടാതെ, കര്‍ശനമായ ശാരീരിക ക്ഷമതയും പാലിക്കണം. കുറഞ്ഞ ഉയരം 180 സെന്റീമീറ്ററാണ്. സംയമനം പാലിക്കാനുള്ള കഴിവ്, ഉയര്‍ന്ന പോരാട്ട ശേഷി, കഠിനമായ സമ്മര്‍ദം നിറഞ്ഞ സമയത്ത് പോലും ശാന്തത പാലിക്കാനുള്ള മാനസിക ശേഷി എന്നിവയെല്ലാം ഉണ്ടായിരിക്കണം. വിദേശഭാഷകളും അവര്‍ക്ക് വശമുണ്ടായിരിക്കണം. ഇവരുടെ വ്യക്തിപരവും കുടുംബപരവുമായ പശ്ചാത്തലങ്ങളും അന്വേഷിക്കും. രാജ്യത്തോടും പ്രസിഡന്റിനോടുമുള്ള വിശ്വസ്തത പാലിക്കുന്നുണ്ടോയെന്നറിയാനുള്ള പരിശോധനയ്ക്കും ഇവര്‍ വിധേയമാക്കപ്പെടും. പ്രസിഡന്റിന്റെ നീക്കങ്ങള്‍, ദിനചര്യകള്‍, അല്ലെങ്കില്‍ ആരോഗ്യം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ നിന്ന് അംഗരക്ഷകരെ എന്നന്നേക്കുമായി വിലക്കിയിരിക്കുന്നു.

പൊതുസ്ഥലത്ത് പുടിനോടൊപ്പം കാണപ്പെടുന്ന ഗാര്‍ഡുകള്‍ മാത്രമല്ല, വിപുലമായ ഒരു അദൃശ്യശൃംഖലയും അദ്ദേഹത്തെ പിന്തുടരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌നൈപ്പര്‍മാര്‍, നിരീക്ഷകര്‍, ഇലക്ട്രോണിക്-ഇന്റലിജന്റ്‌സ് ടീമുകള്‍, ഡ്രോണ്‍, ഓപ്പറേറ്റര്‍മാര്‍, പ്രത്യേക ആശയവിനിമയ യൂണിറ്റുകള്‍ എന്നിവയും പുടിന് ചുറ്റും പ്രവര്‍ത്തിക്കുന്നു. പുടിന്‍ ഏതെങ്കിലും രാജ്യം സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ അതിന് ദിവസങ്ങള്‍ക്ക് മുമ്പേ അവിടെയെത്തി സ്ഥലം പരിശോധിക്കുകയും അപകടസാധ്യതകള്‍ രേഖപ്പെടുത്തുകയും ബദലായുള്ള ഒഴിപ്പിക്കല്‍ വഴികള്‍ തയ്യാറാക്കുകയും ചെയ്യും.

മൊബൈല്‍ ഫോണുകള്‍ ഒഴിവാക്കുക, ചിലപ്പോള്‍ പ്രത്യേക ട്രെയിനില്‍ യാത്ര ചെയ്യുക, കര്‍ശനമായ പ്രോട്ടോക്കോളുകള്‍ പാലിക്കുക തുടങ്ങിയവ നിയന്ത്രണത്തില്‍ ഉള്‍പ്പെടുന്നതായി 2023ല്‍ റഷ്യവിട്ട മുന്‍ അംഗരക്ഷകന്‍ ഗ്ലെബ് കാരക്കുലോവ് പറഞ്ഞതായി Modern.az റിപ്പോര്‍ട്ട് ചെയ്തു.

2025ല്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിനോട് പുടിന്‍ കൂടുതല്‍ അടുക്കുന്നത് തടയാന്‍ ഉള്‍പ്പെടെ ഉന്നതല മീറ്റിംഗുകളില്‍ പോലും പുടിന്റെ ഗാര്‍ഡുകള്‍ ഇടപെട്ടിട്ടുണ്ട്. നിലവിലെ അദ്ദേഹത്തിന്റെ ഗാര്‍ഡ് സംഘത്തില്‍ ആയോധനകല, അല്ലെങ്കില്‍ കായിക മേഖല എന്നിവയില്‍ പ്രാവീണ്യം നേടിയവരും ഉള്‍പ്പെടുന്നു. എല്ലാ ആഭ്യന്തര, വിദേശ യാത്രകളിലും ഗാര്‍ഡുകള്‍ പുടിനെ അനുഗമിക്കുന്നു. വിമാനത്തിനുള്ളില്‍ പോലും അദ്ദേഹത്തിനൊപ്പം തുടരുന്നു. പുടിന്‍ ഉപയോഗിക്കുന്ന എല്ലാ വസതികളും സംരക്ഷിക്കുന്നു. വിദേശയാത്രകളിലെ എസ്‌കോര്‍ട്ട് ഗ്രൂപ്പില്‍ ഏകദേശം 100 പേര്‍ ഉള്‍പ്പെടുന്നതായി കരുതുന്നു. വിമാനയാത്രകളില്‍ പുടിന്‍ സഞ്ചരിക്കുന്ന വിമാനത്തെ യുദ്ധവിമാനങ്ങളും അനുഗമിക്കുന്നു.

ഭക്ഷണം, വെള്ളം, പുടിനൊപ്പം സഞ്ചരിക്കുന്ന ഒരു ലാബ്

പുടിന്റെ ഭക്ഷണം പൂര്‍ണമായും സ്വന്തം പാചകക്കാരാണ് തയ്യാറാക്കുന്നത്. അവരാകട്ടെ തോക്കുകളും മറ്റും ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ച സൈനിക ഉദ്യോഗസ്ഥരാണ്. ഇവര്‍ തയ്യാറാക്കിയ ഭക്ഷണം ബോഡിഗാര്‍ഡുകള്‍ രുചിച്ചുനോക്കുന്നു. ഓരോ വിഭവവും പുടിന്റെ പക്കല്‍ എത്തുന്നതിന് മുമ്പ് സാമ്പിളുകള്‍ ശേഖരിക്കും.

വിദേശയാത്രകളില്‍ പൂര്‍ണമായും അടച്ചിട്ട സൗകര്യത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഹോട്ടലുകളില്‍ തയ്യാറാക്കുന്ന ഭക്ഷണം പുടിന്‍ കഴിക്കുന്നില്ല. പകരം അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് മുമ്പ് ഒരു റഷ്യന്‍ സംഘം ഹോട്ടല്‍ പരിശോധിക്കുകയും പ്രാദേശികമായി ഉപയോഗിക്കുന്ന എല്ലാ ഭക്ഷണവും ഉപഭോഗവസ്തുക്കളും നീക്കം ചെയ്യുകയും റഷ്യന്‍ അംഗീകത ഉത്പന്നങ്ങള്‍ അവിടെ സ്ഥാപിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന എല്ലാ ചേരുവകളും റഷ്യയില്‍ മുന്‍കൂട്ടി പരിശോധിച്ച് ഉറപ്പാക്കും. വിദേശയാത്രകളില്‍ പാചകക്കാരും ഹൗസ് കീപ്പിംഗ് സ്റ്റാഫുകളും അദ്ദേഹത്തോടൊപ്പം സഞ്ചരിക്കുന്നു. ചില ഹോട്ടലുകളില്‍ അദ്ദേഹത്തിന് ടീമിന് മാത്രമായി പ്രത്യേക ലിഫ്റ്റ് സൗകര്യം പോലും അനുവദിക്കുന്നു.

വിദേശയാത്രകളില്‍ തന്റെ ഭക്ഷണത്തിലും ചുറ്റുപാടുകളിലും വിഷവസ്തുക്കളോ മറ്റോ ഉണ്ടെയന്ന് പരിശോധിക്കാന്‍ മൊബൈല്‍ ലാബോറട്ടിയും ഒപ്പം കൊണ്ടുപോകാറുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അദ്ദേഹം ഫാസ്റ്റ് ഫുഡ് ഒഴിവാക്കുന്നു. രാത്രിയില്‍ മാംസം കഴിക്കുന്നത് പരിമിതപ്പെടുത്തിയിരിക്കുന്നു. വഴുതനകൊണ്ടുള്ള വിഭവങ്ങള്‍, ഒലിവര്‍ സാലഡ്, മൃഗങ്ങളുടെ കരള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ ഇഷ്ടമെനു. ഔദ്യോഗിക പരിപാടികളില്‍ സാധാരണ ചായയ്ക്ക് പകരം ഇഞ്ചി ചേര്‍ത്ത ചായയോ റോസ്ഹിപ് ചേര്‍ത്ത ചായയോ ആണ് ഇഷ്ടപ്പെടുന്നത്. മദ്യം കഴിക്കുന്നത് അപൂര്‍വമാണെന്നും റിപ്പോര്‍ട്ടുണ്ട്.

ശുചിത്വവും വൃത്തിയും അസാധാരണമായ കര്‍ശനതയോടെയാണ് പാലിക്കപ്പെടുന്നത്. അദ്ദേഹം ഉപയോഗിക്കുന്ന വസ്തുക്കള്‍ മോസ്‌കോയിലെ ഭരണകൂടം പ്രത്യേക ഉത്പ്പന്നങ്ങള്‍ ഉപയോഗിച്ച് ദിവസവും വൃത്തിയാക്കുന്നു.

വാഹനങ്ങള്‍, വിമാനങ്ങള്‍, അടിയന്തിര കമാന്‍ഡ് ശൃംഖല

വിദേശയാത്രയ്ക്ക് മുമ്പ് പുടിന്‍ ഓറസ് മോട്ടോഴ്‌സും റഷ്യയിലെ എന്‍എഎംഐ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത ഓറസ് സെനറ്റ് ലിമോസിനിലാണ് യാത്ര ചെയ്യുന്നത്. ബുള്ളറ്റ് പ്രൂഫ്, ഗ്രനേഡ് പ്രതിരോധശേഷിയുള്ളതുമാണ് ഈ കാര്‍, ഇതില്‍ അടിയന്തര ഘട്ടത്തില്‍ ഓക്‌സിജന്‍ നല്‍കാനുള്ള സൗകര്യമുണ്ട്. കൂടാതെ അഗ്നിശമന സംവിധാനം, നൂതനമായ ആശയവിനിമയ സംവിധാനം എന്നിവയും ഇതില്‍ ഒരുക്കിയിരിക്കുന്നു. നാല് ടയറും പഞ്ചറായാലും ഈ കാർ ചലിക്കുന്നത് തുടരും. കൂടാതെ, മണിക്കൂറില്‍ 249 കിലോമീറ്റര്‍ വേഗത കൈവരിക്കാനും കഴിയും.

അദ്ദേഹത്തിന്റെ വിമാനമായ ഫ്‌ളൈയിംഗ് പ്ലൂട്ടോണ്‍ എന്നറിയപ്പെടുന്ന ഇല്യൂഷിന്‍ IL-96-300PUവില്‍ സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങള്‍, മിസൈലുകളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന സംവിധാനം, കോണ്‍ഫറന്‍സ് റൂമുകള്‍, മെഡിക്കല്‍ സെന്റര്‍, ജിം, ഒരു ബാര്‍ എന്നിവയും ഉള്‍പ്പെടുന്നു. ആണവ ആക്രമണത്തിന് അനുമതി നല്‍കുന്നതിന് ആവശ്യമായ ഉപകരണങ്ങളും ഈ വിമാനത്തിലുണ്ട്. ഇത് ആകാശത്തായിരിക്കുമ്പോള്‍ പോലും ഉത്തരവുകള്‍ നല്‍കാന്‍ പുടിനെ അനുവദിക്കുന്നു. പ്രധാന വിമാനത്തിനൊപ്പം രണ്ട് ബാക്കപ്പ് വിമാനങ്ങള്‍ മിക്കപ്പോഴും പിന്തുടരാറുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അന്താരാഷ്ട്ര യാത്രയ്ക്ക് മുമ്പ് അദ്ദേഹത്തിന്റെ അംഗരക്ഷകര്‍ പൂര്‍ണമായും സജ്ജരാണെന്നും അണുബാധകള്‍ ഇല്ലെന്നും ഉറപ്പാക്കാന്‍ രണ്ടാഴ്ചത്തേക്ക് ക്വാറന്റൈനില്‍ പോകാറുണ്ട്. വിദേശയാത്രകളില്‍ ശത്രുക്കളുടെ ഡ്രോണുകള്‍ ആക്രമിക്കാന്‍ എത്തിയാല്‍ അത് പ്രവര്‍ത്തന രഹിതമാക്കാനോ വെടിവെക്കാനോ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ആന്റ് ഡ്രോണ്‍ ഇന്റര്‍സെപ്റ്ററുകള്‍ ഗാര്‍ഡുകള്‍ വഹിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Explained/
'വിസർജ്യത്തിന് സ്യൂട്ട്‌കേസ് മുതല്‍ ഫുഡ് ലാബ്' വരെ; വിദേശ സന്ദര്‍ശനങ്ങളില്‍ പുടിന് അസാധാരണമായ സുരക്ഷ
Open in App
Home
Video
Impact Shorts
Web Stories