ഇറ്റലി മാറുകയാണ്. ഇത് യൂറോപ്പിനെ സംബന്ധിച്ച് ഒരു നാഴികക്കല്ലായേക്കാം. ജോർജിയ മെലോനിയുടെ ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യം രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചിരിക്കുകയാണ്. രണ്ടാം ലോകമഹാ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇറ്റലിയിൽ തീവ്ര വലതുപക്ഷം അധികാരത്തിൽ വരുന്നത്.
എന്നാൽ പോലും, ഇറ്റലിയിൽ സംഭവിച്ചത് യൂറോപ്പിലാകമാനമുള്ള രാഷ്ട്രീയ സാഹചര്യത്തെ മാറ്റിമറിച്ചേക്കാം. സെമിറ്റിക് വിരുദ്ധത, മതമൗലികവാദം, യൂറോപ്യൻ യൂണിയൻ്റെ പ്രസക്തി, ഭൂഖണ്ഡത്തിലേക്ക് വൻ തോതിലുള്ള കുടിയേറ്റം തുടങ്ങിയ പ്രശ്നങ്ങളെ കണക്കിലെടുക്കുന്ന സുപ്രധാന രാഷ്ട്രീയ മാറ്റത്തിലേക്ക് യൂറോപ്പ് നീങ്ങിയേക്കാം.
advertisement
കുടിയേറ്റത്തെ സംബന്ധിച്ച് മെലോനിയുടെ കർശന നിലപാട്
യുറോപ്പിലേക്കുള്ള കുടിയേറ്റം കുറച്ചുകാലമായി വിവാദ രാഷ്ട്രീയ വിഷയമാണ്. മുൻ ജർമ്മൻ ചാൻസലർ ആംഗല മെർക്കലിനെ പോലെയുള്ളവർ കർശനമല്ലാത്ത കുടിയേറ്റ നയത്തിനായി ശക്തമായി വാദിച്ചിരുന്നു.
യഥാർത്ഥത്തിൽ, ആഫ്രിക്കയ്ക്കും ഏഷ്യയ്ക്കും ഇടയിലാണ് ഇറ്റലി സ്ഥിതി ചെയ്യുന്നത്, അതുകൊണ്ടുതന്നെ പശ്ചിമേഷ്യയ്ക്കും വടക്കൻ ആഫ്രിക്കൻ പ്രദേശങ്ങൾക്കും അടുത്തായാണ് രാജ്യം. കഴിഞ്ഞ ഏതാനും വർഷങ്ങളായി നിയമാനുസൃതമായ രേഖകളില്ലാത്ത കുടിയേറ്റക്കാർ മെഡിറ്ററേനിയൻ കടൽ കടന്ന് ഇറ്റലിയിലേക്കും ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിലേക്കും കടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കും കുടിയേറ്റത്തിൻ്റെ ബുദ്ധിമുട്ടുകൾ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കിലും ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം ഇറ്റലിയാണ് ഈ പ്രതിസന്ധിയുടെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിച്ചത്.
2018-ലെ കണക്കനുസരിച്ച്, രേഖകളില്ലാത്ത ഏതാണ്ട് 5,00,000 കുടിയേറ്റക്കാർ ഇറ്റലിയിൽ താമസിക്കുന്നുണ്ട്. വലതുപക്ഷത്തിൻ്റെ കാഴ്ചപ്പാടിൽ, ഇത്തരം വൻ തോതിലുള്ള കുടിയേറ്റമാണ് സാമൂഹിക അസ്ഥിരതയുടെ കാരണം. മെഡിറ്ററേനിയൻ രാജ്യമായ ഇറ്റലിയുടെ തെക്കൻ ഭാഗങ്ങളിൽ വൻ തോതിലുള്ള കുടിയേറ്റമാണ് നടക്കുന്നത്, ഇതൊരു വലിയ രാഷ്ട്രീയ പ്രശ്നമായി മാറിയിട്ടുണ്ട്.
ഇറ്റലിയിലേക്കുള്ള വലിയ തോതിലുള്ള കുടിയേറ്റം നിയന്ത്രിക്കും എന്ന വാഗ്ദാനത്തോടെ തന്നെയാണ് മെലോനി അധികാരത്തിൽ വരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ, കുടിയേറ്റക്കാരുടെ ബോട്ടുകൾ ഇറ്റാലിയൻ തീരത്ത് എത്തുന്നതിന് മുൻപുതന്നെ ഇറ്റാലിയൻ നാവികർ അവരെ മടക്കി അയയ്ക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്ന് അവർ വ്യക്തമായി പറഞ്ഞിരുന്നു.
കുടിയേറ്റ നയവുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയനും മെലോനി നയിക്കുന്ന ഇറ്റലിയും തമ്മിലുള്ള തർക്കവിഷയമായി ഇത് മാറാനുള്ള സാധ്യതയുണ്ട്.
സെമിറ്റിക് വിരുദ്ധതയും മതമൗലികവാദവും
യൂറോപ്പിലെ, പ്രത്യേകിച്ച് ജർമ്മനിയിലെയും ഇറ്റലിയിലെയും തീവ്ര വലതുപക്ഷത്തെ കുറിച്ച് ജൂത രാജ്യമായ ഇസ്രായേലിന് സംശയങ്ങൾ ഉണ്ടായിരുന്നു. ജൂതന്മാർക്ക് നേരിടേണ്ടി വന്ന വംശഹത്യയുടെ ചരിത്രം കണക്കിലെടുത്ത്, യൂറോപ്യൻ തീവ്ര വലതുപക്ഷ നേതാക്കന്മാരെ ഇസ്രേയൽ ഏതാണ്ട് ബഹിഷ്ക്കരിക്കുകയായിരുന്നു.
എന്നിരുന്നാലും, മെലോനിക്ക് ഇതെല്ലാം തിരുത്താനാകും. ഇസ്രായേലുമായി സൗഹൃദം സ്ഥാപിക്കാൻ അവർ ഇതിനകം ശ്രമിച്ചെങ്കിലും യൂറോപ്യൻ യൂണിയനെ നിയന്ത്രിക്കുന്ന ലിബറൽ വൃത്തങ്ങളെ ചൊടിപ്പിക്കുന്ന രീതിയിലായിരുന്നു ഇത്.
സെമിറ്റിക് വിരുദ്ധതയെയും യൂറോപ്പിൽ ജൂതന്മാർക്ക് നേരിടേണ്ടി വരുന്ന വിദ്വേഷ പരാമർശങ്ങളെയും മെലോനി തള്ളിപ്പറഞ്ഞിട്ടുണ്ട്. തീവ്ര ഇടത് ഇസ്ലാമിക് മതമൗലികവാദമാണ് ഈ പ്രവണതയ്ക്ക് കാരണം എന്നാണ് പ്രത്യക്ഷത്തിൽ അവർ കുറ്റപ്പെടുത്തുന്നത്. “ഇന്ന് സെമിറ്റിക് വിരുദ്ധത ഏറ്റവും സാധാരണ രീതിയിൽ രൂപമെടുക്കുന്നത് ഇസ്രായേൽ വിരുദ്ധ പ്രചരണമായാണ്. തീവ്ര ഇടത്, തീവ്ര വലത് വിഭാഗങ്ങളിൽ നിന്നുള്ള ഭീഷണി മാത്രമല്ല യൂറോപ്പിലെ ജൂതന്മാർ നേരിടേണ്ടി വരുന്നത്, പ്രത്യേകിച്ച് ഇസ്രായേൽ വിരുദ്ധതയിൽ വളരുന്ന തീവ്ര ആശയക്കാരായ ഇസ്ലാമിക മതമൗലിക വാദികളിൽ നിന്നാണ് ഇവർക്ക് ഭീഷണി നേരിടേണ്ടി വരുന്നത്,” എന്നുപോലും അവർ പറഞ്ഞിരുന്നു.
“ഈ വിപത്തിനെ ലോകത്തെല്ലായിടത്തും നിന്ന് ഇല്ലാതാക്കാനുള്ള ശ്രമത്തിൽ, യൂറോപ്യൻ യൂണിയൻ്റെ സുപ്രധാന മിത്രമാണ് ഇസ്രായേൽ, ഇത് അങ്ങനെ തന്നെ തുടരുകയും ചെയ്യും. യുവ വിദ്യാർത്ഥികൾ ഇസ്രായേലിൻ്റെ ചരിത്രവും മതവും സംസ്കാരവും മനസ്സിലാക്കുന്നത് വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു. ഇത് സമൂഹത്തിൻ്റെ മുൻധാരണകൾ ഇല്ലാതാക്കാനും യൂറോപ്പിൽ ജൂതരുടെ രീതികൾക്ക് പൂർണ്ണ സ്വീകാര്യത ലഭിക്കാനും ഇത് സഹായിക്കും,” അവർ കൂട്ടിച്ചേർത്തു.
കുടിയേറ്റ വിഷയത്തിൽ യൂറോപ്പിലെ ഇടത് ലിബറലുകൾ മെലോനിയുമായി യോജിക്കാനാണ് സാധ്യത. എന്നാൽ സെമിറ്റിക് വിരുദ്ധതയ്ക്ക് വളർന്നുവരുന്ന മതമൗലികവാദത്തെ കുറ്റപ്പെടുത്തുന്ന മെലോനിയുടെ അഭിപ്രായത്തോട് അവർ യോജിക്കാൻ സാധ്യതയില്ല. മതമൗലികവാദവും അനിയന്ത്രിതമായി കുടിയേറ്റത്തിൻ്റെ അനന്തരഫലങ്ങളും പോലുള്ള തർക്ക വിഷയങ്ങൾ മറക്കുക എന്നതാണ് സ്വതന്ത്ര, ഏകീകൃത യൂറോപ്പിൻ്റെ ആശയം. ഇപ്പോൾ യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തികശക്തി അത്തരം പ്രശ്നങ്ങൾ ഉയർത്തുമ്പോൾ, പ്രാദേശിക സഖ്യത്തിനുള്ളിൽ തീവ്രമായ വിയോജിപ്പ് ഉണ്ടാകും.
യൂറോപ്യൻ യൂണിയനുള്ളിലെ അധികാരത്തിൻ്റെ ബാലൻസിൽ മാറ്റം
ബ്രസ്സൽസ്, ബെർലിൻ, പാരീസ് എന്നീ മൂന്ന് അധികാര കേന്ദ്രങ്ങളാൽ നിയന്ത്രിക്കപ്പെട്ടിരുന്നതിനാലാണ് യൂറോപ്പ് അതിൻ്റെ ലിബറൽ മുഖം നിലനിർത്തിയിരുന്നത്. എന്നാൽ, വലതുപക്ഷം ഇതിനകം തന്നെ യൂറോപ്പിൽ വളർന്നുകൊണ്ടിരിക്കുകയാണ്. ഇറ്റലിയിൽ തീവ്ര വലത് സർക്കാരാണ് വരാൻ പോകുന്നത്. ഹംഗറിയിൽ ഇതിനകം തന്നെ വിക്ടോർ ഒർബാൻ എന്ന ദേശീയതാവാദിയായ പ്രധാനമന്ത്രിയുണ്ട്. ഫ്രാൻസിൽ മേരി ലേ പെന്നിന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്, കുറച്ചുകാലമായി യൂറോപ്പിലെ വലതുപക്ഷ ആശയത്തിൻ്റെ മുഖമാണ് പോളണ്ട്.
അതിനാൽ, നമുക്ക് അധികാരത്തിൻ്റെ ബാലൻസിൽ ഒരു മാറ്റം കാണാം. അടുത്തിടെ, ഹംഗറിയെ “ഇലക്ടറൽ സ്വേച്ഛാധിപത്യത്തിൻ്റെ ഹൈബ്രിഡ് ഭരണമായി” തള്ളിപ്പറയുന്ന പ്രമേയത്തെ എതിർത്ത് മെലോനിയുടെ എംഇപിമാർ വോട്ട് ചെയ്തിരുന്നു. പോളണ്ടിലെ ദേശീയതാവാദികളായ ഭരണകക്ഷി ലോ ആൻ്റ് ജസ്റ്റിസ് പാർട്ടിയുമായും കുടിയേറ്റ വിരുദ്ധ സ്വീഡൻ ഡെമോക്രാറ്റുകളുമായും സ്പെയിനിലെ തീവ്ര വലതുപക്ഷ വോക്സ് പാർട്ടിയുമായും മെലോനി അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്.
സത്യത്തിൽ, മെലോനിക്ക് യൂറോപ്പിനെ സംബന്ധിച്ച വലിയ സ്വപ്നങ്ങൾ ഉണ്ടെന്ന് വേണം കരുതാൻ. ഇറ്റലിക്ക് വേണ്ടി മാത്രമല്ല, യൂറോപ്പിനാകെ വേണ്ടി ഒരു മാതൃക സൃഷ്ടിക്കാനും അവർ ആഗ്രഹിക്കുന്നുണ്ടാകണം. ചുരുക്കത്തിൽ, വൻ തോതിലുള്ള കുടിയേറ്റത്തെ കൈകാര്യം ചെയ്യുന്ന, മതമൗലികവാദത്തോട് പൊരുതുന്ന, യൂറോപ്യൻ യൂണിയൻ ചുമത്തിയ ധനക്കമ്മി നിയന്ത്രണങ്ങൾ സ്വതന്ത്രമാക്കുന്ന, പരമ്പരാഗത യൂറോപ്യൻ മൂല്യങ്ങൾ പരിരക്ഷിക്കുന്ന ഒരു യൂറോപ്പ് സൃഷ്ടിക്കാനാണ് ഉയർത്തെഴുന്നേൽക്കുന്ന വലതുപക്ഷ ശക്തികൾ നോട്ടമിടുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ, പണപ്പെരുപ്പം ഉണ്ടാക്കുന്ന സമ്മർദ്ദം, വൻ തോതിലുള്ള കുടിയേറ്റം, വർദ്ധിച്ചുവരുന്ന തീവ്രവാദ ആക്രമണങ്ങൾ എന്നിവ കാരണം ജനങ്ങൾക്കിടയിൽ വ്യാപകമായി ഉണ്ടായ നിരാശ മുതലെടുക്കുകയാണ് യൂറോപ്പിലെ വലതുപക്ഷ നേതാക്കന്മാർ ചെയ്യുന്നത്.
ലിബറൽ വൃത്തങ്ങൾ ഇതുവരെ യൂറോപ്പിനെ നയിക്കുകയും വളർത്തുകയും ചെയ്തിട്ടുള്ളതിന് വിരുദ്ധമാണ് മെലോനിയേയും മറ്റ് വലതുപക്ഷ ശക്തികളെയും പോലെയുള്ളവരുടെ ആഗ്രഹങ്ങൾ. അതിനാൽ, വലതുപക്ഷത്തിൻ്റെ വളർച്ച യൂറോപ്പിന് കണക്കുപറയാനുള്ള സന്ദർഭമാകാം.
(ദേശീയ, അന്തർദേശീയ വിഷയങ്ങളെ കുറിച്ച് എഴുതുന്ന ലേഖകനാണ് അക്ഷയ് നാരംഗ്. ഈ ലേഖനത്തിൽ പ്രകടിപ്പിച്ചിരിക്കുന്ന കാഴ്ചപ്പാടുകൾ ലേഖകൻ്റേതാണ്, അവ ഈ പ്രസിദ്ധീകരണത്തിൻ്റെ നിലപാടുകളെ പ്രതിനിധീകരിക്കുന്നില്ല)