ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനൊപ്പം ഡിസംബര്‍ 8ന് തന്നെ ഗുജറാത്തിലും വോട്ടെണ്ണല്‍ നടത്തും. 135 പേരുടെ മരണത്തിനിടയാക്കിയ മോര്‍ബി പാലം അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം ആരംഭിച്ചത്.
- ആദ്യഘട്ട തിരഞ്ഞെടുപ്പിനുളള വിജ്ഞാപനം നവംബർ അഞ്ചാം തീയതി പുറത്തിറക്കും.
- രണ്ടാം ഘട്ട വിജ്ഞാപനം നവംബർ പത്താം തീയതി പുറത്തിറക്കും.
- നോമിനേഷന്‍ സമര്‍പ്പണം: ആദ്യഘട്ട തിരഞ്ഞെടുപ്പിന് 14ാം തീയതി മുതലും രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് 17ാം തീയതി മുതലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.
- നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന: ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നവംബര്‍ 15നും, രണ്ടാം ഘട്ടത്തിന്റേത് നവംബര്‍ 18നും ആരംഭിക്കും.
- നാമനിര്‍ദേശ പത്രിക പിന്‍വലിക്കല്‍: ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക നവംബര്‍ 17നും, രണ്ടാം ഘട്ടത്തിന്റേത് നവംബര്‍ 21ാം തീയതിയും പിന്‍വലിക്കാന്‍ സാധിക്കും.
- വോട്ട്: ആദ്യ ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 1 നും രണ്ടാം ഘട്ടം ഡിസംബര്‍ 5 നും നടക്കും.
- വോട്ടെണ്ണല്‍: ഡിസംബര്‍ 8ന്
advertisement
ഗുജറാത്തില്‍ 182 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ നേടി ബിജെപി തുടര്‍ച്ചയായി ആറാം തവണ വിജയം നേടിയിരുന്നു. അതേസമയം കോണ്‍ഗ്രസ് 77 സീറ്റുകള്‍ നേടിയിരുന്നു. ശതമാനക്കണക്കില്‍ ബിജെപിക്ക് 49.05 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 42.97 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
Also Read- ഗുജറാത്ത് തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി; ഡിസംബർ ഒന്നിനും അഞ്ചിനും വോട്ടെടുപ്പ്, എട്ടിന് വോട്ടെണ്ണൽ
ആകെയുള്ള നിയോജകമണ്ഡലങ്ങളില്‍ 142 ജനറല്‍, 17 പട്ടികജാതി (എസ്സി), 23 പട്ടികവര്‍ഗ (എസ്ടി) ആണ്. ഈ വര്‍ഷം 4.6 ലക്ഷം പേര്‍ കന്നിവോട്ടര്‍മാരാണ്. അതേസമയം, മൊത്തം സംസ്ഥാനത്ത് 4.9 കോടിയിലധികം വോട്ടര്‍മാരുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പിനായി 51,000 പോളിങ് സ്റ്റേഷനുകളാണ് ഇസി സജ്ജീകരിക്കുക. ഇതില്‍ 34,276 എണ്ണം ഗ്രാമപ്രദേശങ്ങളിലും 17,506 എണ്ണം നഗരപ്രദേശങ്ങളിലുമായിരിക്കും.
അതേസമയം, 1998 മുതല്‍ ബിജെപിയാണ് ഗുജറാത്തില്‍ അധികാരത്തിലുള്ളത്. തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു സംഭവിച്ച മോര്‍ബി തൂക്കുപാല ദുരന്തം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. അഴിമതിയും കെടുകാര്യസ്ഥതയുമാണ് വലിയ അപകടത്തിലേക്ക് നയിച്ചതെന്ന ആരോപണവുമായി പ്രതിപക്ഷവും സജീവമാണ്.
ഇതിനിടെ ഗുജറാത്തിലും വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ആംആദ്മി പാര്‍ട്ടി സൃഷ്ടിക്കുന്ന വെല്ലുവിളിയും ബിജെപിക്കു മുന്നിലുണ്ട്. ഈ വര്‍ഷമാദ്യം പഞ്ചാബില്‍ നേടിയ മിന്നുന്ന വിജയത്തിന്റെ ആവര്‍ത്തനമാണ് ആംആദ്മി പാര്‍ട്ടി ഗുജറാത്തിലും ആഗ്രഹിക്കുന്നത്.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിച്ച കോണ്‍ഗ്രസും ഇത്തവണ പ്രതീക്ഷയിലാണ്. സമീപകാലത്ത് കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച പ്രകടനമാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായതെങ്കിലും ബിജെപി അധികാരം നിലനിര്‍ത്തുകയായിരുന്നു.