പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം വരാത്ത രീതിയിൽ മനുഷ്യൻ തന്നെ വിവിധ പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്തതാണ് ജൈവ ഇന്ധനങ്ങൾ. കാർഷിക മാലിന്യങ്ങൾ, വിളകൾ, മരങ്ങൾ അല്ലെങ്കിൽ പുല്ല് പോലെയുള്ള ജൈവവസ്തുക്കളിൽ നിന്ന് നിർമിക്കാൻ കഴിയുന്ന പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളാണ് ഇവ. ജൈവ ഇന്ധനങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ഉത്പാദിപ്പിക്കാനാകും. ദ്രാവക രൂപത്തിലോ വാതക രൂപത്തിലോ സൂക്ഷിക്കുകയും ചെയ്യാം. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ജൈവ ഇന്ധനങ്ങൾ സുസ്ഥിരവും പുനരുത്പാദിപ്പിക്കാവുന്നതുമാണ്.
ലോക ബയോഫ്യൂവൽ ദിനത്തിന്റെ ചരിത്രം
advertisement
1893 ഓഗസ്റ്റ് 10 നാണ് ജർമൻ ഗവേഷകനായ സർ റുഡോൾഫ് ഡീസൽ (Sir Rudolf Diesel) ഒരു ഡീസൽ എഞ്ചിൻ പ്രവർത്തിപ്പിക്കുന്നതിന് കടലയിൽ നിന്നും ഉത്പാദിപ്പിച്ച എണ്ണ വിജയകരമായി ഉപയോഗിച്ചത്. അതിനാലാണ് ഓഗസ്റ്റ് 10 ലോക ബയോഫ്യുവൽ ദിനമായി ആചരിക്കുന്നത്. പുനരുപയോഗിക്കാവുന്നതും സുസ്ഥിരവുമായ ഊർജ്ജ സ്രോതസായതിനാൽ തന്നെ, അന്ന് വലിയൊരു കണ്ടുപിടിത്തമായിരുന്നു ഇത്.
ലോക ബയോഫ്യൂവൽ ദിനത്തിന്റെ പ്രധാന്യം
ഫോസിൽ ഇതര ഇന്ധനങ്ങളുടെ ആവശ്യകത ഉയർത്തിക്കാട്ടുന്നതിനുള്ള ഒരു അവസരം കൂടിയായാണ് ലോക ബയോഫ്യുവൽ ദിനത്തെ കാണുന്നത്. കാലാവസ്ഥാ വ്യതിയാനം വർധിച്ചു വരുന്നതിനാൽ, ആഗോള തലത്തിൽ തന്നെ, ഊർജ ഉപഭോഗ രീതികളിൽ മാറ്റം വരുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ജൈവ ഇന്ധനങ്ങൾ പരിസ്ഥിതി മലിനീകരണം കുറക്കാൻ സഹായിക്കുക മാത്രമല്ല കൂടുതൽ സുസ്ഥിരമായ രീതിയിലുള്ള സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
Also Read- സമുദ്രങ്ങളുടെ നിറം മാറുന്നത് എന്തുകൊണ്ട്? ഇത് അപകടകരമോ?
സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങൾക്ക് വരുമാനവും തൊഴിലും സൃഷ്ടിക്കാനും ജൈവ ഇന്ധനങ്ങൾക്ക് കഴിയും. ഈ ഇന്ധനങ്ങൾ കുറഞ്ഞ അളവിൽ മാത്രമാണ് കാർബൺ പുറന്തള്ളുന്നത്. പരമ്പരാഗത ഫോസിൽ ഇന്ധനങ്ങൾക്ക് പകരം വയ്ക്കാൻ കഴിയുന്നവയാണ് ഇവ എന്ന് ഇതിനോടകെ തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. പാരമ്പര്യേതര ഊർജ സ്രോതസുകളുടെ ഉപയോഗത്തെ പരമാവധി പ്രാത്സാഹിപ്പിക്കുക എന്നതാണ് ലോക ബയോഫ്യുവൽ ദിനത്തിലൂടെ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്.
ലോക ബയോഫ്യൂവൽ ദിനത്തിന്റെ തീം
ഈ വർഷം ലോക ബയോഫ്യുവൽ ദിനത്തിന് തീം പ്രഖ്യാപിച്ചിട്ടില്ല. സുസ്ഥിരതയ്ക്കും ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ വരുമാനത്തിനും വേണ്ടി ജൈവ ഇന്ധനങ്ങളുടെ ഉപയോഗം (Biofuels for Sustainability and Rural Income) എന്നതായിരുന്നു 2022 ലെ ലോക ബയോഫ്യൂവൽ ദിനത്തിന്റെ തീം. ഒരു കാർബൺ ന്യൂട്രൽ ലോകം സൃഷ്ടിക്കുന്നതിനും ഗ്രാമീണ മേഖലകളിലെ ആളുകളുടെ വരുമാനം വർധിപ്പിക്കുന്നതിനും കൂടിയാണ് ഇത്തരമൊരു തീം കൊണ്ടുവന്നത്.